സൂചന ബോര്‍ഡുകള്‍ പ്രവര്‍ത്തനരഹിതം എം.സി റോഡില്‍ അപകടം തുടര്‍ക്കഥ
text_fieldsപെരുമ്പാവൂര്‍: സൂചന ബോര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമായിട്ട് മാസങ്ങള്‍ പിന്നിടുമ്പോള്‍ എം.സി റോഡിലെ പെരുമ്പാവൂര്‍-മൂവാറ്റുപുഴ റോഡില്‍ അപകടം തുടര്‍ക്കഥയാകുന്നു. വട്ടക്കാട്ടുപടി, മലമുറി, പുല്ലുവഴി, കീഴില്ലം എന്നിവിടങ്ങളില്‍ മിക്കപ്പോഴും രാത്രിയിലും പുലര്‍ച്ചയും വാഹനാപകടങ്ങൾ ഉണ്ടാകാറുണ്ട്.
ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച സോളാര്‍ ഇന്‍വെര്‍ട്ടറിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന അപകട സൂചന ബോര്‍ഡും മഞ്ഞ ട്രാഫിക് ലൈറ്റും പ്രവര്‍ത്തന രഹിതമായിട്ടും നന്നാക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. ബോര്‍ഡുകള്‍ സ്ഥാപിച്ചത് കെല്‍ട്രോണാണ്.
ഇതിന്റെ അറ്റകുറ്റപ്പണികളുടെ ചുമതല കമ്പനിക്കാണ്. ഏകദേശം രണ്ടുവര്‍ഷം മുമ്പ് സ്ഥാപിച്ച ‘അപകട സാധ്യത മേഖല’ മുന്നറിയിപ്പ് ബോര്‍ഡുകള്‍ പകുതിയിലേറെയും പ്രവര്‍ത്തനരഹിതമാണ്. സ്ഥിരം അപകട മേഖലകളില്‍ പോലും സൂചന ബോര്‍ഡുകള്‍ ഇളകിപ്പോയിട്ടും ലൈറ്റുകള്‍ കത്താതായിട്ടും അധികൃതര്‍ക്ക് അനക്കമില്ല.
സ്ഥിരം അപകട മേഖലയായ കീഴില്ലം നവജീവന്‍ കവലയില്‍ പെട്രോള്‍ പമ്പിന് സമീപം സ്ഥാപിച്ച ബോര്‍ഡ് വാഹനം ഇടിച്ചുതെറിപ്പിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും പുനഃസ്ഥാപിച്ചില്ലെന്ന് കീഴില്ലം എട്ടാം വാര്‍ഡ് അംഗം ജോയ് പതിക്കല്‍ ആരോപിച്ചു. നിരവധിതവണ അധികൃതരെ വിവരം അറിയിച്ചിട്ടും ഫലം ഉണ്ടായില്ലത്രെ. മറ്റൊരു അപകട മേഖലയായ മണ്ണൂര്‍ അന്നപൂര്‍ണ ജങ്ഷന് സമീപത്തെ ബോര്‍ഡ് ഇളകിവീണിട്ട് ഒരുമാസം പിന്നിടുന്നു. വിദ്യാലയങ്ങളുടെ പരിസരങ്ങള്‍, അപകടമേഖലകള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും പ്രവര്‍ത്തന ക്ഷമമല്ലാത്ത ട്രാഫിക് ലൈറ്റുകള്‍ അറ്റകുറ്റപ്പണി നടത്തണമെന്നുമുള്ള ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.