സ്നേഹക്കുട നിവർത്തി സിറാജ്; കുട വീട്ടി നാലരപ്പതിറ്റാണ്ടിന്റെ കടം
text_fieldsപെരുമ്പാവൂര്‍: ക്ലാസില്‍നിന്ന് എടുത്ത സഹപാഠിയുടെ കുട നാലരപ്പതിറ്റാണ്ടിനുശേഷം തിരിച്ചുനല്‍കി അഭിഭാഷകന് കടം വീട്ടി.
പെരുമ്പാവൂര്‍ വെങ്ങോല പെരുമാനി കാരുവള്ളി വീട്ടില്‍ പരേതനായ ഹൈദ്രോസ് മുസ്ലിയാരുടെ മകന് ഹൈകോടതി അഭിഭാഷകന് അഡ്വ. സിറാജ് കാരോളിയാണ് സഹപാഠിയായിരുന്ന കീഴില്ലം സ്വദേശി തുരുത്തിക്കണ്ടത്തില് വീട്ടില്‍ ജി. രാജന് അന്നത്തെ കുടക്ക് പകരമായി ഞായറാഴ്ച പുതിയ കുട വീട്ടിലെത്തിച്ച് നൽകിയത്.
46 വര്‍ഷം മുമ്പ് വളയന്‍ചിറങ്ങര എന്‍.എസ്.എസ് ഹൈസ്കൂളില്‍ ഏഴാം ക്ലാസിൽ സഹപാഠികളായിരുന്നു സിറാജും രാജനും. ഒരു മഴക്കാലത്ത് തന്റെ പഴയ കുട ഉപേക്ഷിച്ച് രാജന്റെ അധികം പഴക്കമില്ലാത്ത കുട സിറാജ് കൊണ്ടുപോകുകയായിരുന്നു. തിരിച്ചുകൊടുക്കണമെന്ന് പിന്നീട് ചിന്തിച്ചെങ്കിലും കര്‍ക്കശക്കാരനായിരുന്ന ക്ലാസ് ടീച്ചര്‍ ഹരിദാസിനെ ഭയന്ന് വേണ്ടെന്നുവെച്ചു. ജീവിതപ്രാരബ്ധങ്ങൾ മൂലം രാജന് ഏഴാം ക്ലാസില്‍ പഠനം നിർത്തി. കൂട്ടുകാരനോടുള്ള കടം കോളജ് വിദ്യാഭ്യാസ കാലത്തും മനസ്സിനെ വല്ലാതെ അലട്ടിയതായി സിറാജ് പറയുന്നു. അന്ന് 20 രൂപയായിരുന്നു കുടയുടെ വില.
രാജനെ കണ്ടെത്താന്‍ അന്വേഷണം തുടര്‍ന്നെങ്കിലും ഒപ്പം പഠിച്ച അഞ്ച് രാജന്മാരില് നിന്ന് കുടയുടെ യഥാർഥ ഉടമയെ കണ്ടെത്താന്‍ ബുദ്ധിമുട്ടി. വളയന്ചിറങ്ങരയില് സിറാജിനോടൊപ്പം 1982ല്‍ 10ാം ക്ലാസില്‍ പഠിച്ച് പെരുമ്പാവൂര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്ന് പ്രധാനാധ്യാപികയായി വിരമിച്ച അനിത സംഘടിപ്പിച്ച 45 വര്‍ഷം മുമ്പുള്ള വിദ്യാർഥികളുടെ പട്ടികയാണ് യഥാര്‍ഥ രാജനെ കണ്ടെത്താൻ സഹായിച്ചത്.
സ്കൂളില്‍നിന്ന് കിട്ടിയ വിലാസത്തില്‍നിന്ന് രാജൻ എട്ടുവര്‍ഷം മുമ്പ് വേറൊരു സ്ഥലത്തേക്ക് താമസം മാറിയിരുന്നു. ഒടുവില്‍ മറ്റൊരു സഹപാഠിയും രായമംഗലം പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് കുറുപ്പംപടി ബ്ലോക്ക് പ്രസിഡന്റുമായ ജോയ് പൂണേലിയുടെ സഹായത്തോടെ രാജന്റെ ഇപ്പോഴത്തെ വീട് കണ്ടുപിടിക്കുകയായിരുന്നു. പുതിയ കുട കിട്ടിയതിലല്ല, വര്‍ഷങ്ങൾക്കുശേഷവും പഴയ സഹപാഠി തന്നെ തേടിപ്പിടിച്ചെത്തിയ സന്തോഷത്തിലാണ് രാജന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.