പെരുമ്പാവൂരിലെ സുഭാഷ് മൈതാനം നവീകരിക്കാൻ രണ്ടുകോടിയുടെ പദ്ധതി
text_fieldsപെരുമ്പാവൂര്‍: ടൗണിന്റെ ഹൃദയഭാഗത്തുള്ള സുഭാഷ് മൈതാനം നവീകരിക്കാനും തനിമ നിലനിര്‍ത്തി പൊതുപരിപാടികള്‍ ഉള്‍പ്പടെ നടത്തുംവിധം സജ്ജീകരിക്കാനുമായി രണ്ടുകോടി രൂപ വിനിയോഗിക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. നവീകരണത്തിന്റെ ഭാഗമായി പൊതുമരാമത്ത് വിഭാഗത്തിന്റെ വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ മൈതാനം സന്ദര്‍ശിക്കുകയും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പ്രാരംഭ നടപടികളിലേക്ക് കടക്കുകയും ചെയ്തു.
പി.ഡബ്ല്യു.ഡി എറണാകുളം റീജനല്‍ ആന്‍ഡ് ക്വാളിറ്റി കണ്ട്രോള് വിങ് എൻജിനീയര്‍ ഇ.ആര്. നിഷാമോള്‍, ഓവര്‍സിയര്‍മാരായ അശ്വിന് കൃഷ്ണന്, ജാഷിയ ഇബ്രാഹിം, പി.പി. ജിഷ്ണ, വി.ജി. വിനു, പൊതുമരാമത്ത് ബില്‍ഡിങ് വിഭാഗം എന്‍ജിനീയര്‍ എം.കെ. ജസിയ, ഓവര്‍സിയര്‍ ഐ.എസ്. അനു എന്നിവരുടെ നേതൃത്വത്തില്‍ മൈതാനത്തിന്റെ ടോപ്പോഗ്രാഫിക്കല്‍ സര്‍വേ നടത്തിവരികയാണ്. ഗ്രൗണ്ടില്‍ ഉള്‍പ്പെടുത്തേണ്ട സജ്ജീകരണങ്ങളെ കുറിച്ച് പ്രാരംഭ ചര്‍ച്ച നടന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുതിർന്ന ആര്‍ക്കിടെക്ട് ബാലമുരുകനാണ് ഡിസൈന്‍ ജോലികള്‍ ചെയ്യുന്നത്.
നഗരസഭക്ക് കീഴിലെ ഗ്രൗണ്ട് നിലവില്‍ വേണ്ടത്ര പരിചരണമില്ലാതെ കിടക്കുകയാണ്. സ്റ്റേജും ശുചിമുറികളും ഉള്‍പ്പെടെ അടുത്തകാലത്ത് സാമൂഹ്യവിരുദ്ധര്‍ രാപ്പകല്‍ ഭേദമന്യേ കൈയടക്കി മലിനമാക്കി. ചിലർ ഇവിടെ മയക്കുമരുന്ന് വിപണനം നടത്തുന്ന കേന്ദ്രമാക്കുകയും ചെയ്തിരുന്നു. പുതിയ സംവിധാനങ്ങള്‍ വരുന്നതോടെ വൈകീട്ട് ആളുകള്‍ക്ക് വിശ്രമിക്കാനും ലഘുവ്യായാമങ്ങള്‍ ചെയ്യാനും സാധിക്കുമെന്നതിനുപുറമെ വലിയ പൊതു പരിപാടികള്‍ നടത്താനും കഴിയുമെന്ന് എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.