നേതാക്കളുടെ സസ്പെൻഷൻ: കോണ്‍ഗ്രസിൽ ഭിന്നത
text_fieldsപെരുമ്പാവൂർ: കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ സസ്പെൻഡ് ചെയ്തതിൽ പാര്‍ട്ടിയിൽ ഭിന്നത. കോണ്‍ഗ്രസ് പെരുമ്പാവൂർ ബ്ലോക്ക് സെക്രട്ടറി ഷാജി കുന്നത്താൻ, യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി അബ്ദുൽ നിസാർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഇ.ഡി. ബിബിൻ എന്നിവരെയാണ് ഡി.സി.സി പ്രസിഡന്റ് പുറത്താക്കിയത്.
പീഡനക്കേസിൽ കുറ്റാരോപിതനായ എല്‍ദോസ് കുന്നപ്പിള്ളി എം.എൽ.എക്ക് പിന്തുണ അറിയിക്കാൻ കഴിഞ്ഞ 13ന് ഇന്ദിര ഭവനിൽ മുതിര്‍ന്ന നേതാക്കൾ യോഗം ചേരാൻ എത്തിയത് തടസ്സപ്പെടുത്തിയതാണ് നടപടിക്ക് കാരണം. ഇതിനെതിരെ ചില കെ.പി.സി.സി, ഡി.സി.സി, ബ്ലോക്ക് നേതാക്കൾ ജില്ല കമ്മിറ്റിക്ക് പരാതി നൽകുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ മൂവര്‍ക്കും ഡി.സി.സി പ്രസിഡന്റ് കാരണം കാണിക്കൽ നോട്ടീസ് നല്‍കിയിരുന്നു. ക്ഷമാപണം രേഖപ്പെടുത്തി മൂവരും നല്കിയ മറുപടി അംഗീകരിക്കാതെ പെടുന്നനെ സസ്പെൻഡ് ചെയ്തത് ശരിയായില്ലെന്നാണ് ആക്ഷേപം.
മൂവരോടും വിശദീകരണം തേടിയത് കഴിഞ്ഞ 15നാണ്. പുറത്താക്കിയതായി കാണിച്ച് നോട്ടീസ് അയച്ചിരിക്കുന്നത് അന്നുതന്നെയാണ്. ഇത് ദുരൂഹമായ അജണ്ടയുടെ ഭാഗമാണെന്ന് ഒരുവിഭാഗം പ്രവര്‍ത്തകർ ചൂണ്ടിക്കാട്ടുന്നു.
എല്‍ദോസ് കുന്നപ്പിള്ളി വിഷയത്തില്‍ പെരുമ്പാവൂരിലെ കോണ്‍ഗ്രസ് നേതൃത്വം വിഷമവൃത്തത്തിലായിരിക്കെ യുവ നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച പുറത്തറിയിക്കാതെ പരിഹരിക്കാൻ സാധിക്കാത്തത് പ്രാദേശിക, ജില്ല നേതൃത്വങ്ങളുടെ പിടിപ്പുകേടായി വിലയിരുത്തപ്പടുന്നുണ്ട്. എം.എല്‍.എയുടെ ചെയ്തികള്‍ക്കെതിരെ പ്രതികരിച്ചതിനും എം.എല്‍.എയെ വെള്ളപൂശാൻ ഇറങ്ങിത്തിരിച്ച നേതാക്കളോട് അത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയതിനുമാണോ നടപടിയെന്നാണ് ചോദ്യം. ബെന്നി ബഹനാന് എം.പി ഡി.സി.സി പ്രസിഡന്റിനെ ബന്ധപ്പെട്ട് തിടുക്കത്തിൽ നടപടി ഉണ്ടാകരുതെന്ന് അറിയിച്ചിരുന്നു. ഇത് അംഗീകരിച്ചില്ലെന്നതും പാര്‍ട്ടിയിൽ ഇപ്പോൾ ചര്‍ച്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.