ഇനി മുഴങ്ങില്ല ആ സൈറൺ; അവസാന പ്രതീക്ഷയിൽ തൊഴിലാളികൾ
text_fieldsപെരുമ്പാവൂർ: നാടിന്റെ സമയ മാപിനിയായി മുഴങ്ങിയിരുന്ന ട്രാവൻകൂർ റയോൺസിന്റെ സൈറൺ നിലച്ചത് 2001 ജൂലൈ 14നാണ്. കമ്പനിവളപ്പിലൂടെ വൈദ്യുതി ലൈൻ വലിക്കാൻ കമ്പനി തൽക്കാലത്തേക്ക് പ്രവർത്തനം നിർത്തുകയായിരുന്നു. അന്ന് വീണ പൂട്ട് ഇനി ഒരിക്കലും തുറക്കില്ലെന്ന് തൊഴിലാളികളും നാട്ടുകാരും കരുതിയില്ല. പൂട്ടിയ കമ്പനി പിന്നീട് തുറന്നില്ല. ലോക്കൗട്ട് ചെയ്തതിന് ശേഷവും കമ്പനി തുറന്നു പ്രവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അടുത്തകാലം വരെ പ്രദേശവാസികളും തൊഴിലാളികളും. പൂട്ടുന്ന സമയത്ത് 2700 തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും ഇവരിൽ ഭൂരിഭാഗത്തിനും അർഹമായ ആനുകൂല്യങ്ങൾ ലഭിച്ചില്ല.
കമ്പനിയുടെ ഭൂമിയും വൃക്ഷങ്ങളും ഒഴികെ സ്ഥാവരജംഗമ വസ്തുക്കൾ ലേലം ചെയ്തതോടെ തൊഴിലാളികൾ പ്രതീക്ഷയിലാണ്. കമ്പനി അടച്ചുപൂട്ടും വരെ ലഭിക്കാനുള്ള ശമ്പളം, വെല്‍ഫെയര്‍ ഫണ്ട്, ഗ്രാറ്റ്വിറ്റി, ലീവ് സറണ്ടര്‍ എന്നിവ കിട്ടുമെന്നാണ് തൊഴിലാളികള്‍ കരുതുന്നത്. കമ്പനിക്ക് താഴ് വീണ ശേഷം അനുകൂല്യങ്ങള്ക്കുവേണ്ടി നിരവധി സമരങ്ങൾ കമ്പനിക്ക് മുന്നില്‍ നടന്നു.
ജീവിച്ചിരിക്കുന്ന തൊഴിലാളികള്‍ ഇപ്പോഴും സമരമുഖത്താണ്. കമ്പനിയുടെ അടച്ചുപൂട്ടലിന് ഒരു പരിധിവരെ വിവിധ ട്രേഡ് യൂനിയനുകളും കാരണക്കാരാണെങ്കിലും തൊഴിലാളികളുടെ അനുകൂല്യങ്ങള്‍ വാങ്ങിയെടുക്കാന്‍ ഇപ്പോഴും അവർ രംഗത്തുണ്ട്. തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ള കുടിശ്ശിക സംബന്ധിച്ച കാര്യങ്ങള്‍ ലിക്വിഡേറ്ററുമായി അംഗീകൃത തൊഴിലാളി യൂനിയന്‍ പ്രതിനിധികള്‍ സംസാരിച്ചിരുന്നു.
ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ ലിക്വിഡേറ്റര്‍ യൂനിയന്‍ പ്രതിനിധികളെ അറിയിച്ചിട്ടുണ്ട്. ഇതോടെ തൊഴിലാളികള്‍ പ്രതീക്ഷയിലാണ്. 2011 ഡിസംബര്‍ 31 വരെയുള്ള കുടിശ്ശികയാണ് നല്‍കിയിട്ടുള്ളത്. 2012ല്‍ സര്‍ക്കാര്‍ കുടിശ്ശിക കണക്കാക്കിയെങ്കിലും 2018ലാണ് വിതരണം ചെയ്തത്. 2012 ജനുവരി ഒന്നു മുതൽ 2023 ജനുവരി വരെയുള്ള കുടിശ്ശിക നല്‍കണമെന്നാണ് ട്രേഡ് യൂനിയന്‍ നേതാക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്. ബാധ്യതകൾ തീര്‍ക്കുമ്പോൾ തൊഴിലാളികളുടെ വേതനം നല്‍കാനാണ് ലിക്വിഡേറ്റർ മുന്‍ഗണന നല്‍കിയിരിക്കുന്നതെന്നാണ് വിവരം.
രണ്ടാമത് ബാങ്ക് ബാധ്യതകൾ തീര്‍ക്കാനും. അടച്ചുപൂട്ടുമ്പോൾ കമ്പനിയിൽ 2700 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇതിൽ ജീവിച്ചിരിക്കുന്നവർ രണ്ടായിരത്തിൽ താഴെയാണ്. നിലവിൽ മാറാവ്യാധികൾ മൂലവും പ്രായാധിക്യംകൊണ്ടും ഇവരിൽ പലരും അവശരാണ്. മരിച്ചവരുടെ അവകാശികള്‍ക്ക് ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് അറിയുന്നു.
കമ്പനി ഇല്ലാതാകും ഉടൻതന്നെ
വൻ വൃക്ഷങ്ങളും അടിക്കാടും എല്ലാം ചേർന്ന് വലിയൊരു വനപ്രദേശമാണ് ഇപ്പോൾ കമ്പനി വളപ്പ്. 30 ഏക്കറിലധികം സ്ഥലത്ത് കൂറ്റൻ മരങ്ങളാണ്. ഇടിഞ്ഞും പൊളിഞ്ഞും പായലും കുറ്റിച്ചെടികളും ആലുകളും വളർന്ന നിലയിലാണ് കെട്ടിടങ്ങൾ. തുരുമ്പെടുത്ത യന്ത്രങ്ങളും വാഹനങ്ങളും അവിടവിടെ കിടക്കുന്നു. ഇവയെല്ലാം ഏതാനും മാസങ്ങൾക്കകം ഇവിടെനിന്ന് അപ്രത്യക്ഷമാകും. അതോടെ കമ്പനി എന്നേക്കും ഓർമയായി മാറും. കെട്ടിടവും യന്ത്രങ്ങളും അടക്കം എല്ലാം ലേലം ചെയ്തുകഴിഞ്ഞു. റെയില്‍ടെൽ കോര്പറേഷൻ ഓഫ് ഇന്ത്യയാണ് ലേലത്തിന് നേതൃത്വം നല്‍കിയത്.
ലേലം കൊണ്ടവർ കെട്ടിടങ്ങളും അതിനകത്തെ വസ്തുക്കളും പൊളിച്ചുനീക്കി വൃക്ഷങ്ങൾ നിലനിര്‍ത്തി ഭൂമിമാത്രം തിരിച്ചു നല്‍കണമെന്നാണ് വ്യവസ്ഥ. യുദ്ധാകാലാടിസ്ഥാനത്തിൽ പൊളിക്കണമെന്നാണ് നിബന്ധന. കെട്ടിടങ്ങൾ, പ്ലാന്റുകൾ, യന്ത്രങ്ങൾ, ഫര്‍ണിച്ചർ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, രേഖകളില്ലാത്ത ആക്രി അവസ്ഥയിലുള്ള ബസുകൾ, കാറുകൾ, ജീപ്പുകൾ തുടങ്ങിയവയാണ് വിറ്റത്. പതിറ്റാണ്ട് മുമ്പ് സ്ക്രാപ് 125 കോടിക്ക് എടുക്കാമെന്ന് ഒരു കമ്പനി അറിയിച്ചിരുന്നു. അന്ന് കൊടുത്തില്ല. പിന്നീട് ഇടനിലക്കാർ മുഖേന കുറഞ്ഞ വിലയ്ക്ക് കൊടുക്കാൻ മുതിര്‍ന്നു. അന്ന് നാട്ടുകാരും യൂനിയനുകളും ഇടപെട്ട് തടയുകയായിരുന്നു.
കോടിക്കണക്കിന് വിലയുള്ള ചെമ്പും ഈയ്യവും കമ്പനിയുടെ വിവിധ പ്ലാന്റുകളിലുണ്ടായിരുന്നു. പ്രധാന സ്റ്റോറിൽ വിദേശ നിർമിത മോട്ടോറുകളും ഉപകരണങ്ങളുമുള്ളതായി തൊഴിലാളികൾ പറയുന്നു. ഇവിടെ നിന്നും വിലപ്പെട്ട പല വസ്തുക്കളും കടത്തിക്കൊണ്ടുപോയിട്ടുണ്ടെന്ന് ആദ്യനാളുകളിൽ ആരോപണമുയർന്നിരുന്നു. വജ്രവും വിലമതിപ്പുള്ള ലോഹങ്ങളും ഉപയോഗിച്ച് നിർമിച്ച ‘ജെറ്റ്’ നൂൽ ഉൽപാദനത്തിന്റെ പ്രധാന ഭാഗമായിരുന്നു. ലക്ഷങ്ങൾ വിലമതിക്കുന്നതായിരുന്നു ഈ ചെറിയ വസ്തു. കമ്പനി അടച്ചുപൂട്ടിയ ഉടൻ തൊഴിലാളികളുടെ കൂലി കൊടുക്കാനെന്ന പേരിൽ മാനേജ്മെന്റ് അവ വിറ്റതായി പറയുന്നു. ലിക്വിഡേറ്റർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈകോടതി അനുമതിയോടെയായിരുന്നു ലേലം.
ശുദ്ധജലവും ജലഗതാഗത സൗകര്യവും കമ്പനി തുടങ്ങാൻ പ്രേരണയായി
ശാന്തമായി ഒഴുകുന്ന പെരിയാറിലെ ശുദ്ധജലവും ജലഗതാഗത സൗകര്യവും മുന്നിൽക്കണ്ടാണ് 1948ൽ കമ്പനി സ്ഥാപിച്ചത്. രാജ്യത്തെ ആദ്യ കൃത്രിമ പട്ടുനൂൽ വ്യവസായ സ്ഥാപനമായിരുന്നു ട്രാവൻകൂർ റയോൺസ്. തമിഴ്നാട്ടിലെ കോടീശ്വരനും വ്യവസായ പ്രമുഖനുമായ എം.സി.ടി.എം ചിദംബരം ചെട്ടിയാർക്ക് സർ സി.പി. രാമസ്വാമി അയ്യർ പെരിയാറിന്റെ തീരത്ത് 72 ഏക്കർ ഭൂമി കമ്പനി പണിയാൻ പാട്ടത്തിന് പതിച്ചു നൽകുകയായിരുന്നു.
1954ൽ 45ാം വയസ്സിൽ സിംഗപ്പൂരിലുണ്ടായ വിമാനാപകടത്തിൽ ചെട്ടിയാർ മരിച്ചതോടെ അദ്ദേഹത്തിന്റെ സ്വപ്നപദ്ധതിയായ കമ്പനിയുടെ തുടർപ്രവർത്തനങ്ങൾ ചെട്ടിയാരുടെ മകൻ പെത്താച്ചി ഏറ്റെടുത്തു. സ്പിന്നിങ്, സി.എഫ് എന്നീ രണ്ടു പ്രധാന പ്ലാന്റുകളായിരുന്നു പ്രവർത്തിച്ചത്. സ്പിന്നിങ്ങിൽ നൂലും സി.എഫിൽ സെല്ലുലോസ് ഫിലിമും ആയിരുന്നു ഉൽപാദനം. സപ്പോർട്ട് പ്ലാന്റുകളായി വിസ്കോസ്, ആസിഡ് ബാത്ത്, കോട്ടൺ ലിന്റർ, എസ്.എസ് പ്ലാന്റ്, എ.സി പ്ലാന്റ്, പവർഹൗസ്, അന്നോളം സംസ്ഥാനം കണ്ടിട്ടില്ലാത്ത ടെക്നോളജിയിൽ പണിത വാട്ടർ പ്ലാന്റ്, കട്ടിങ് പ്ലാന്റ് എന്നിവയും പ്രവർത്തിച്ചിരുന്നു. സൾഫർ കത്തിച്ചാണ് പ്രധാന മിശിത്രമായ സി.എസ്ടു എന്ന ദ്രാവകം ഉണ്ടാക്കിയിരുന്നത്.
പൾപ്പ് കാസ്റ്റിക് സോഡയിൽ കലർത്തി അതിൽ സി.എസ്ടു ചേർക്കുന്നതോടെ വിസ്കോസ് എന്ന ദ്രാവകമുണ്ടാകും. ഈ ദ്രാവകത്തിൽനിന്നാണ് പട്ടുനൂലുണ്ടാക്കിയിരുന്നത്. ഇതേ മാതൃകയിൽ മറ്റൊരു പ്ലാന്റിൽ സെല്ലുലോസ് ഫിലിമും നിർമിച്ചിരുന്നു. കൃത്രിമ പട്ടുനൂലും സെല്ലുലോസ് ഫിലിമും ഇന്ത്യയിൽ ആദ്യമായി നിർമിച്ചത് ട്രാവൻകൂർ റയോൺസിലാണ്. രാജ്യാന്തര തലത്തിൽതന്നെ ശ്രദ്ധപിടിച്ചുപറ്റുന്നതായിരുന്നു കമ്പനിയുടെ ഉൽപന്നങ്ങൾ. അടിയന്തരാവസ്ഥയോടെയാണ് കമ്പനിയുടെ കുതിപ്പ് അസ്തമിച്ചു തുടങ്ങിയത്. 1976ൽ കമ്പനി ആദ്യ ലോക്കൗട്ട് പ്രഖ്യാപിച്ചു. നഷ്ടത്തിൽനിന്നും നഷ്ടത്തിലേക്ക് പോയ കമ്പനിയെ രക്ഷപ്പെടുത്താൻ മാനേജ്മെന്റ് ശ്രമിച്ചതുമില്ല, മാറിമാറി വന്ന സർക്കാറുകൾ പിന്തുണച്ചതുമില്ല.
(തുടരും)
തയാറാക്കിയത്: യു.യു. മുഹമ്മദ്കുഞ്ഞ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.