കോടതി സമുച്ചയത്തിലെ ലിഫ്റ്റ് തകരാറിലായി; ഏഴുപേര്‍ കുടുങ്ങി
text_fieldsപെരുമ്പാവൂർ: കോടതി സമുച്ചയത്തിലെ ലിഫ്റ്റ് തകരാറിലായതിനെത്തുടർന്ന് അഭിഭാഷകർ ഉൾപ്പെടെ ഏഴുപേർ കുടുങ്ങി. ചൊവ്വാഴ്ച രാവിലെ 10.30നാണ് സംഭവം. രണ്ട് പുരുഷന്മാർക്ക് പുറമെ ഗർഭിണിയടക്കം അഞ്ച് സ്ത്രീകളാണ് ലിഫ്റ്റിൽ അകപ്പെട്ടത്.അഭിഭാഷകരായ ടി.എൻ. സദാനന്ദൻ, ഇ.ജി. അമ്പിളി, ഷൈജ, അന്ന, ശ്രീലക്ഷ്മി, അഞ്ജലി, ഗുമസ്തൻ രാമചന്ദ്രൻ എന്നിവരായിരുന്നു ലിഫ്റ്റിൽ. നാലുനില കെട്ടിടത്തിൽ കോടതി പ്രവര്‍ത്തിക്കുന്ന മുകൾ നിലയിലേക്ക് ലിഫ്റ്റ് ഉയരുമ്പോൾ വൈദ്യുതിബന്ധം നിലച്ചു.
മിനിറ്റുകള്‍ക്കുള്ളിൽ വൈദ്യുതി പുനഃസ്ഥാപിക്കപ്പെട്ടെങ്കിലും ലിഫ്റ്റ് പ്രവര്‍ത്തിച്ചില്ല. ഇതോടെ കോടതി കെട്ടിടത്തിലുണ്ടായിരുന്ന അഭിഭാഷകർ അഗ്നിരക്ഷാസേനയെ വിളിച്ചു. ഇവർ ലിഫ്റ്റ് തുറക്കാൻ ശ്രമിച്ചെങ്കിലും ആദ്യം വിജയിച്ചില്ല.അടിയന്തര ഘട്ടത്തില്‍ ലിഫ്റ്റ് തുറക്കാനുള്ള താക്കോല്‍ കണ്ടെത്താതിരുന്നതും പ്രതിസന്ധിയായി. ലിഫ്റ്റ് സ്ഥാപിച്ചവരെ ഫോണിൽ ബന്ധപ്പട്ട് പരിഹരിക്കാന്‍ നടത്തിയ ശ്രമവും പരാജയപ്പെട്ടു.
മുക്കാൽ മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ അഗ്നിരക്ഷാസേന ലിഫ്റ്റ് കുറച്ച് ഇറക്കി വാതിൽ അകത്തിയ ശേഷം കുടുങ്ങിയവരെ പുറത്തെത്തിച്ചു. സ്റ്റേഷൻ ഓഫിസർ ടി.കെ. സുരേഷിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ഗർഭിണിയായ അഭിഭാഷകയും മറ്റൊരാളും ആശുപത്രിയിൽ ചികിത്സതേടി. ലിഫ്റ്റ് പലപ്പോഴും പണിമുടക്കുന്നതായും പ്രശ്നം ചൂണ്ടിക്കാട്ടിയിട്ടും പരിഹാരമുണ്ടായില്ലെന്നും അഭിഭാഷകര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.