ലൈറ്റുകള്‍ മിഴിയടച്ചു; പെരുമ്പാവൂരിൽ 'ഹൈമാസ്റ്റ്' ഇരുട്ട്
text_fieldsപെരുമ്പാവൂര്‍: ഹൈമാസ്റ്റ് ലൈറ്റുകള്‍ കണ്ണടച്ചതോടെ നഗരത്തില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. പ്രൈവറ്റ് ബസ് സ്റ്റാൻഡ്, യാത്രി നിവാസ്, ഔഷധി ജങ്ഷന് എന്നിവിടങ്ങളിലാണ് ലൈറ്റുകള്‍ കത്താതായത്.
സന്ധ്യമയങ്ങിയാല്‍ ഈ ഭാഗങ്ങളില്‍ കൂരിരുട്ടാണ്. മദ്യ-മയക്കുമരുന്ന് ഗുണ്ടാമാഫിയ സംഘങ്ങളും അനാശാസ്യക്കാരും രാത്രി താവളമടിക്കുന്നത് സ്വകാര്യ ബസ്സ്റ്റാൻഡിലാണ്.
യാത്രിനിവാസും ഗാന്ധി സ്ക്വയറിന് സമീപത്തും അന്തര്‍ സംസ്ഥാനക്കാരും ഭിക്ഷാടകരും തമ്പടിക്കുന്ന സ്ഥലങ്ങളാണ്. ദീര്‍ഘദൂര ബസുകള്‍ ഉള്‍പ്പെടെ രാത്രി ഔഷധി ജങ്ഷനിലൂടെ കടന്നുപോകുമ്പോള്‍ വെളിച്ചം പ്രതിസന്ധിയാണ്. നാല് വഴികള്‍ സംഗമിക്കുന്ന ജങ്ഷനില്‍ രാത്രി അപകടങ്ങള്‍ പതിവാണ്.
ആറ് മാസം മുമ്പ് വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ മുനിസിപ്പല്‍ ചെയര്മാന് ഇടപ്പെട്ട് സ്വകാര്യ ബസ് സ്റ്റാൻഡിനകത്തെ ലൈറ്റ് അറ്റകുറ്റപ്പണി നടത്തി പ്രകാശിപ്പിച്ചിരുന്നു. എന്നാല്‍, വീണ്ടും ഇത് തകരാറിലായി. നിലവില്‍ ഒന്ന് മാത്രമാണ് കത്തുന്നത്. സ്റ്റാൻഡിലേക്ക് രാത്രി കടന്നുചെല്ലാന്‍ കഴിയാത്ത അവസ്ഥയാണെന്ന് സമീപത്തെ വ്യാപാരികള്‍ പറയുന്നു.
നഗരസഭയുടെ കീഴിലെ ഇവിടത്തെ ഷോപ്പിങ് കോംപ്ലക്സിന് മുകളില്‍ സാമൂഹിക വിരുദ്ധര്‍ തമ്പടിച്ച് രാത്രിയില്‍ സ്റ്റാൻഡിലേക്ക് ഇറങ്ങുന്നത് നിത്യ സംഭവമാണ്.
ഒറ്റപ്പെട്ട പ്രദേശമായതിനാല്‍ രാത്രി ഈ ഭാഗത്തേക്ക് ആളുകള്‍ കടന്നുചെല്ലാറില്ല. സ്റ്റാൻഡിലെ ഹൈമാസ് ലൈറ്റുകള്‍ നന്നാക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.