പറവകളുടെ ദാഹമകറ്റാന്‍ മണ്പാത്രങ്ങളൊരുക്കി അധ്യാപകന്
text_fieldsപെരുമ്പാവൂര്‍: വേനല്‍ കടുത്തതോടെ പറവകള്‍ക്കും ദാഹമകറ്റാന്‍ മൂന്നാം വട്ടവും മണ്‍പാത്രങ്ങള്‍ ഒരുക്കിയിരിക്കുകയാണ് തണ്ടേക്കാട് ജമാഅത്ത് ഹയര്‍ സെക്കൻഡറിയിലെ അറബി അധ്യാപകനായ കെ.എ. നൗഷാദ് മാസ്റ്റര്‍. ഇത്തവണ 1000 മണ്‍പാത്രങ്ങള്‍ വിതരണത്തിന് തയാറാക്കിക്കഴിഞ്ഞു. ആലുവ മുപ്പത്തടം സ്വദേശിയാണ് സൗജന്യമായി വിതരണത്തിന് 500 മണ്‍പാത്രങ്ങള്‍ രണ്ടുവര്‍ഷം മുമ്പ് ഇദ്ദേഹത്തെ ഏൽപിച്ചത്.പിന്നീട് സ്വന്തം ചെലവില്‍ തുടരുകയായിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ മണ്‍പാത്രം ലഭിച്ച പലരും വിവിധ പക്ഷികള്‍ക്ക് ദാഹജലം നല്‍കുന്നതിെൻറ ചിത്രങ്ങള്‍ അയച്ചത് പ്രചോദനമായി.
കഴിഞ്ഞ വര്‍ഷം ആരാധനാലയങ്ങള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഇത്തരത്തില്‍ മണ്‍പാത്രങ്ങള്‍ നല്കി. മണ്പാത്രങ്ങളില് വെള്ളമൊഴിച്ചാല്‍ തണുപ്പോടെ ഇരിക്കുമെന്ന പ്രത്യേകതയുമുണ്ട്. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയുള്ളതുകൊണ്ട് അടുത്ത വര്‍ഷങ്ങളിലും ഇത് തുടരുമെന്ന് പള്ളിക്കവല കെ.എം. സീതി സാഹിബ് സ്മാരക വായനശാല പ്രസിഡന്റ് കൂടിയായ നൗഷാദ് മാസ്റ്റര്‍ പറഞ്ഞു. പാത്രങ്ങള്‍ ആവശ്യമുള്ളവര്‍ spmpbvr@gmail.com ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.