കെട്ടിട നിര്‍മാണ, വയറിങ് സാമഗ്രികളുടെ കവര്‍ച്ച വ്യാപകം
text_fieldsപെരുമ്പാവൂര്‍: കെട്ടിട നിര്‍മാണ സാധനങ്ങളുടെയും വയറിങ് സാമഗ്രികളുടെയും മോഷണം പതിവാകുന്നു. പെരുമ്പാവൂരിൽ ഒരാഴ്ചയ്ക്കിടെ അഞ്ചു മോഷണങ്ങളാണ് ഉണ്ടായത്.
ഇതില്‍ മൂന്നു കേസുകളില്‍ പൊലീസ് പ്രതികളെ പിടികൂടി. ചേലാമറ്റം ക്ഷേത്ര പരിസരത്ത് സ്വകാര്യ വ്യക്തി നിര്‍മിക്കുന്ന ഷെഡ്ഡില്‍ നിന്ന് നിര്‍മാണത്തിന് ആവശ്യമായ കമ്പികളും മറ്റ് വയറിങ് സാമഗ്രികളും മോഷണം പോയതാണ് ഒടുവിലത്തെ സംഭവം. ഇതില്‍ മൂന്നു പ്രതികളെയാണ് അറസ്റ്റ് ചെയ്തത്.
വെസ്റ്റ് ബംഗാള്‍ സ്വദേശികളായ നൈതാനത്ത് ദാസ്, മിന്‍സാറുല്‍ മുല്ല, റഫീഖുല്‍ എന്നിവരാണ് പിടിയിലായത്. മോഷണ വസ്തുക്കള്‍ ആക്രി കടകളിലാണ് ഇവര്‍ വിൽപന നടത്തുന്നത്. മോഷണം നടത്തുന്ന വയറുകള്‍ കത്തിച്ച് പ്ലാസ്റ്റിക് നീക്കം ചെയ്ത് ചെമ്പ് മാത്രം എടുത്താണ് വില്‍പ്പന. ജില്ലയുടെ പല ഭാഗങ്ങളിലും ഇത്തരത്തില്‍ മോഷണ മുതലുകള്‍ വാങ്ങാന്‍ കച്ചവടക്കാരുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. മോഷണ മുതലകള്‍ വാങ്ങി സൂക്ഷിക്കുന്ന ആക്രിക്കച്ചവടക്കാര്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.
ആക്രി സാധനങ്ങള്‍ വാങ്ങുന്നതിന് പകല്‍ സമയങ്ങളില്‍ ചുറ്റിക്കറങ്ങുന്ന അന്തർസംസ്ഥാനക്കാർ വിലപിടിപ്പുള്ള സാധനങ്ങള്‍ കണ്ടുപിടിച്ച് രാത്രിയില്‍ മോഷ്ടിക്കുകയാണ് ചെയ്യുന്നത്. പഴയ ഇരുമ്പ്, ചെമ്പ്, പിച്ചള എന്നിവ മാര്‍ക്കറ്റ് വിലയില്‍ ഒരുപാട് താഴ്ത്തി വാങ്ങി ശേഖരിക്കുന്ന ചില കച്ചവടക്കാരുണ്ട്.
ഇടക്കാലത്ത് വാട്ടര്‍ മീറ്ററുകള്‍ മോഷ്ടിക്കുന്ന സംഘമുണ്ടായിരുന്നു. നഗരത്തില്‍ ചില കെട്ടിടങ്ങളിലെ വാട്ടര്‍ മീറ്ററുകള്‍ മോഷ്ടിച്ചവരെ പൊലീസ് പിടികൂടിയിരുന്നു. ഇതിനു ശേഷമാണ് മോഷണം നിലച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.