മത്സ്യസംഭരണ വിപണന കേന്ദ്രത്തിനെതിരെ പ്രതിഷേധമുയരുന്നു
text_fieldsപെരുമ്പാവൂര്‍: പോഞ്ഞാശേരി നായരുകവലയില് പുതിയതായി പ്രവര്‍ത്തനം തുടങ്ങുന്ന മത്സ്യസംഭരണ വിതരണ കേന്ദ്രത്തിനെതിരെ പ്രതിഷേധമുയരുന്നു. ദിനംപ്രതി കണ്ടെയിനറുകളില്‍ എത്തുന്ന മത്സ്യങ്ങള്‍ കേടാകാതെ ഇടുന്ന രാസപദാര്‍ഥങ്ങള്‍ പ്രദേശത്തെ വായുവും ജലവും മലിനീകരിക്കുമെന്നാണ് ആശങ്ക. നൂറ്റമ്പതോളം കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ മത്സ്യ സംഭരണശാലക്ക് വേണ്ടി അനധികൃതമായിട്ടാണ് കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
വെങ്ങോല ഗ്രാമപഞ്ചായത്തിലെ ഒന്ന്, 20 വാര്‍ഡുകളിലെ ജനങ്ങളെ നേരിട്ടും ഇതിലെ ഒഴുകുന്ന കനാല്‍ വെള്ളത്തെ ആശ്രയിക്കുന്ന കുന്നത്തുനാട്, ആലുവ, പറവൂര്‍ താലൂക്കുകളിലുള്ളവരെ പരോക്ഷമായും മത്സ്യസംഭരണ ശാലയുടെ പ്രവര്‍ത്തനങ്ങള്‍ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ തെറ്റിദ്ധരിപ്പിച്ചാണ് സംഭരണശാലക്ക് അനുമതി നേടിയെടുത്തതെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. മത്സ്യസംഭരണ വിപണന കേന്ദ്രം ഇവിടെ നിന്ന് മാറ്റി സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍, മുഖ്യമന്ത്രി തുടങ്ങിയവര്‍ക്ക് പരാതി നല്‍കാനും സമരപരിപാടികള്‍ സംഘടിപ്പിക്കാനുമാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.