റോഡ് വികസനത്തിന് രാഷ്ട്രീയമില്ല -മന്ത്രി മുഹമ്മദ് റിയാസ്
text_fieldsപെരുമ്പാവൂർ: റോഡ് വികസനത്തിൽ രാഷ്ട്രീയം മറന്ന് ഒന്നിച്ചുനീങ്ങുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
ഉയര്‍ന്ന നിലവാരത്തില്‍ 2.57 കോടി രൂപ ചെലവഴിച്ച് പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കിയ റയോണ്‍പുരം പാലത്തിന്റെ ഉദ്ഘാടനവും സംസ്ഥാന ബജറ്റില്‍ ഈ വര്‍ഷം അഞ്ചു കോടി വകയിരുത്തിയ പെരുമ്പാവൂർ-കൂവപ്പടി റോഡിന്റെയും 1.4 കോടി ചെലവഴിച്ച് നിര്‍മിക്കുന്ന പാണിയേലി-മൂവാറ്റുപുഴ റോഡിന്റെയും നിര്മാണോദ്ഘാടനങ്ങളും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിര്‍മാണം പൂര്‍ത്തിയാക്കിയ റോഡുകളുടെ പരിപാലനത്തിന് റണ്ണിങ് കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ പദ്ധതി രൂപവത്കരിച്ചിട്ടുണ്ട്. പെരുമ്പാവൂർ മണ്ഡലത്തിലെ തോട്ടുവ-നമ്പിള്ളി റോഡ്, കുറിച്ചിലകോട് ജങ്ഷന് നവീകരണം, കടുവാളിൽനിന്ന് എയര്‍പോര്‍ട്ടിലേക്കുള്ള റോഡ് എന്നിവക്ക് ആവശ്യമായ തുക അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.
എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാന് എം.പി മുഖ്യാഥിതിയായിരുന്നു.
മുന്‍ എം.എല്‍.എ സാജു പോള്‍, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സിന്ധു അരവിന്ദ്, പി.പി. അവറാച്ചന്, ജില്ല പഞ്ചായത്ത് മെംബര്‍ മനോജ് മൂത്തേടൻ, ബാബു ജോസഫ്, പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയർ നീന സൂസൻ പുന്നൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.