മയക്കുമരുന്നിന് കുറവില്ല; ഉറവിടം അറിയാതെ അധികൃതർ
text_fieldsപെരുമ്പാവൂര്‍: മയക്കുമരുന്ന് വില്പനയും ഉപയോഗവും അപകടകരമാംവിധം വര്‍ധിക്കുമ്പോള്‍ ഉറവിടം കണ്ടെത്താനാകാത്തത് ആശങ്കയായി മാറുന്നു. നിയോജക മണ്ഡലത്തിന്റെ പല ഭാഗത്തും കഞ്ചാവ്, നിരോധിത പുകയില ഉൽപന്നങ്ങള്, എം.ഡി.എം.എ തുടങ്ങിയ ലഹരി വസ്തുക്കളുടെ വില്പന സജീവമാണെന്നിരിക്കെ ഇത് എവിടെനിന്ന് എത്തുന്നുവെന്നും മൊത്തവ്യാപാരത്തിന് പിന്നില്‍ ആരാണെന്നും കണ്ടെത്താന്‍ പൊലീസിനും എക്സൈസിനും ആകുന്നില്ല.
വല്ലപ്പോഴും കുറഞ്ഞ അളവില്‍ മയക്കുമരുന്ന് കൈവശംെവച്ച് അന്തര്‍ സംസ്ഥാനക്കാര്‍ പിടിയിലാകുന്നതൊഴിച്ചാൽ ‘ലോബികള്‍’ തിരശ്ശീലക്ക് പിന്നിലാണെന്നാണ് ആക്ഷേപം.
ഒരു വര്‍ഷം മുമ്പ് പി.പി റോഡിലെ ഷോപ്പിങ് കോംപ്ലക്സിന് പിന്നില്‍ അടഞ്ഞുകിടന്ന ഷെഡില്‍ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപന്നങ്ങള് പ്രദേശവാസികളുടെ ഇടപെടലില്‍ പൊലീസ് പിടികൂടിയിരുന്നു. ഇപ്പോള്‍ നഗരത്തില്‍ വില്‍ക്കുന്നത് കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളും രാസ ലഹരികളുമാണെന്നാണ് സൂചന. അന്തര്‍ സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടാണ് വില്പന. പുലര്‍ച്ച അഞ്ചിനും ആറിനും ഇടക്ക് നഗരത്തില്‍ എത്തുന്ന തൊഴിലാളികളെ കാത്ത് വില്പനക്കാര് തമ്പടിക്കുകയാണെന്ന് പറയപ്പെടുന്നു.
രാസലഹരിയുടെ ചെറിയ അളവിന് വില 500ന് മുകളിലാണ്. ഗ്രാമങ്ങളിലെ യുവാക്കളെ മുന്തിയതരം ബൈക്കുകള്‍ കൊടുത്ത് വിതരണത്തിന് നിയോഗിച്ചിട്ടുണ്ടത്രെ. പകല്‍ ഇടറോഡുകളില്‍ ബൈക്കില്‍ തങ്ങുന്ന ഇവര്‍ പുലര്‍ച്ചയും രാത്രിയിലും സജീവമാകും. തിങ്കളാഴ്ച എക്സൈസ് നടത്തിയ പരിശോധനയില്‍ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തെ വീട്ടില്‍ നിന്ന് നിരോധിത പുകയില ഉൽപന്നങ്ങള് പിടികൂടിയിരുന്നു. 25,000 രൂപ വാടക നല്‍കിയാണ് വീട് എടുത്തിരുന്നത്. വലിയ തുക കിട്ടുമെന്നതിനാൽ കെട്ടിടങ്ങള്‍ വാടകക്ക് കൊടുക്കാന്‍ ഉടമകള്‍ തയാറാവുകയാണ്. കണ്ടന്തറ, വെങ്ങോല, പോഞ്ഞാശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ വാടകക്കെട്ടിടങ്ങള്‍ കേന്ദ്രീകരിച്ചും ജങ്ഷനുകളിലും വില്‍പനയുണ്ടെന്നാണ് വിവരം.
അന്തർ സംസ്ഥാന തൊഴിലാളി കേന്ദ്രങ്ങളിൽ പരിശോധന തുടരുന്നു
മൂവാറ്റുപുഴ: മേഖലയിലെ അന്തർ സംസ്ഥാന തൊഴിലാളികൾ തിങ്ങിത്താമസിക്കുന്ന കേന്ദ്രങ്ങളിൽ രണ്ടാം ദിവസവും പരിശോധന നടത്തി പൊലീസ്. പേഴക്കാപ്പിള്ളി, പായിപ്ര മേഖലകൾക്ക് പുറമെ നഗരത്തിലും ചൊവ്വാഴ്ച പരിശോധന നടന്നു.
ആലുവയില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട സാഹചര്യത്തിലാണ് പെരുമ്പാവൂർ കഴിഞ്ഞാൽ ഏറ്റവും അധികം അന്തർസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മൂവാറ്റുപുഴയിൽ പരിശോധന നടത്തിയത്. ലഹരി വിൽപന, ഉപയോഗം എന്നിവയും ഒളിച്ചുതാമസിക്കുന്ന ക്രിമിനലുകൾ, മറ്റു പിടികിട്ടാപ്പുള്ളികൾ എന്നിവരെയും കണ്ടെത്തുന്നതിനുവേണ്ടിയായിരുന്നു പരിശോധന.
മൂവാറ്റുപുഴ നഗരത്തിലും പരിസര പഞ്ചായത്തുകളിലുമായി ആയിരത്തോളം കെട്ടിടങ്ങളിൽ അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. കോവിഡ് കാലത്ത് തദ്ദേശ സ്ഥാപനങ്ങളും പൊലീസും പരിശോധന കർശനമാക്കിയെങ്കിലും പിന്നീട് ഉണ്ടായില്ല.
കീച്ചേരിപ്പടി, കാവുങ്കര, കൊച്ചങ്ങാടി, വാഴപ്പിള്ളി, പേഴയ്ക്കാപ്പിള്ളി, എസ് വളവ്, പായിപ്ര സ്കൂൾ പടി, ത്രിവേണി കവല മേഖലകളിലാണ് ഇവരുടെ വാസസ്ഥലങ്ങൾ. ഇവിടങ്ങളിൽ താമസിക്കുന്നവരിൽ പകുതിയിലധികം പേർക്കും രേഖകളില്ലെന്നുകണ്ടെത്തിയിരുന്നു.
ബീഡി കച്ചവടം മുതൽ മയക്കുമരുന്ന് വിൽപനക്കാരും വരെ ഇവരിലുണ്ട്. പുതിയ സാഹചര്യത്തിൽ കർശന പരിശോധനക്ക് ഒരുങ്ങുകയാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.