തടി ലോറിയുടെ ടയര്‍ പൊട്ടി; ഔഷധി ജങ്ഷന് മണിക്കൂറുകള്‍ ഗതാഗതക്കുരുക്കിലായി
text_fieldsപെരുമ്പാവൂർ: തടി കയറ്റിയ ലോറിയുടെ ടയർ പൊട്ടി ടൗണിലെ ഔഷധി ജങ്ഷൻ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിലായി. ചൊവ്വാഴ്ച രാവിലെ 10.15നാണ് സംഭവം. കാലടി ഭാഗത്തുനിന്ന് വന്ന ലോറി ഔഷധി ജങ്ഷനിൽനിന്ന് വൺവേയായ ശാസ്ത റോഡിലേക്ക് തിരിയുമ്പോൾ ഇറക്കത്തിൽ വെച്ച് രണ്ട് ടയറർ പൊട്ടുകയായിരുന്നു. ടയറുകൾ ദ്രവിച്ച ലോറിയിൽ അമിത ഭാരം കയറ്റിയതാണ് പ്രശ്നമായത്. മറ്റൊരു ടോറസിന്റെ സഹായത്തോടെ താങ്ങിനിർത്തിയതുകൊണ്ട് ലോറി റോഡിലേക്ക് മറിഞ്ഞില്ല. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നേരെയാക്കി പുതിയ ടയറുകൾ ഘടിപ്പിച്ച് ഒന്നര മണിക്കൂറിന് ശേഷമാണ് റോഡിൽനിന്ന് ലോറി മാറ്റിയത്. ഈ സമയം ശാസ്ത റോഡിലൂടെ ഗതാഗതം നിലച്ചു.
കോടതി റോഡിലൂടെ വന്ന കോതമംഗലം ഭാഗത്തേക്കുള്ള വാഹനങ്ങൾ സിഗ്നൽ ജങ്ഷനിലേക്ക് തിരിച്ചുവിട്ടാണ് ഗതാഗതം നിയന്ത്രിച്ചത്. ഇതിനിടെ മുൻകരുതലിന്റെ ഭാഗമായി വൈദ്യുതി ഓഫാക്കിയത് വ്യാപാര സ്ഥാപനങ്ങളെ ബാധിച്ചു. അമിത ഭാരം കയറ്റിയ വാഹനങ്ങൾ പോകുന്നതിനെതിരെ മോട്ടോർ വാഹന വകുപ്പും പൊലീസും നടപടിയെടുക്കാത്തത് അപകടങ്ങള്‍ക്ക് കാരണമാകുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.