വല്ലം ജങ്ഷനില്‍ ഗതാഗതക്കുരുക്ക് രൂക്ഷം അധികൃതർ നോക്കുകുത്തി
text_fieldsപെരുമ്പാവൂര്‍: വല്ലം ജങ്ഷനില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോള്‍ അധികാരികള്‍ നോക്കുകുത്തികളായി മാറുന്നുവെന്ന് ആക്ഷേപം. എം.സി റോഡിലെ പ്രധാന ജങ്ഷനായ ഇവിടെ തിരക്ക് വര്‍ധിച്ചിരിക്കുകയാണ്. പൂപ്പാനി വാച്ചാല് പാലം പൊളിച്ചതോടെ പെരുമ്പാവൂരില്‍നിന്ന് കൂവപ്പടി, കോടനാട്, മലയാറ്റൂര്‍ ഭാഗങ്ങളിലേക്കും തിരിച്ചും ബസുകള്‍ ഉൾപ്പെടെ ജങ്ഷന് വഴിയാണ് പോകുന്നത്. വല്ലം-പാറപ്പുറം പാലം തുറന്നതും തിരക്ക് വര്‍ധിക്കാനിടയായിട്ടുണ്ട്. എന്നാല്‍, ഇത്തരം സാഹചര്യങ്ങൾ മുന്നിൽക്കണ്ട് ബന്ധപ്പെട്ട വിഭാഗങ്ങള്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം.
വഴിയരികിലെ കൈയേറ്റങ്ങള്‍ നിയന്ത്രിക്കാത്തതും വാഹനങ്ങള്‍ തിരിച്ചുവിടാനുള്ള ദിശാബോര്‍ഡുകള്‍ സ്ഥാപിക്കാത്തതും ബസുകള്‍ സ്റ്റോപ്പുകളില്‍ നിര്‍ത്താതെ ജങ്ഷനില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതും ഗതാഗതക്കുരുക്കിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. രാവിലെ ഏഴു മുതല്‍ ഉച്ചക്ക് 12 വരെയും വൈകീട്ട് മൂന്നു മുതല്‍ രാത്രി 10 വരെയും വലിയ തിരക്കാണ്. പെരുമ്പാവൂരില്‍നിന്നുള്ള വാഹനങ്ങള്‍ കാഞ്ഞിരക്കാട് പള്ളിപ്പടി മുതലും കാലടിയില്നിന്നുള്ളവ ചേലാമറ്റം ജങ്ഷന് തുടക്കത്തിലും കുരുക്കിൽപെടും. ഈ തിരക്ക് പലപ്പോഴും എം.സി റോഡിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുകയാണ്.
മണ്ഡലകാലം തുടങ്ങിയതോടെ തിരക്ക് പതിന്മടങ്ങായി. ട്രാവന്‍കൂര്‍ റയോണ്‍സിന്റെ വസ്തുവകകള്‍ പൊളിച്ചുതുടങ്ങിയതോടെ കണ്ടെയ്നര്‍ ലോറികളും മറ്റും ജങ്ഷനില്‍ തിരിഞ്ഞ് റയോണ്പുരത്തേക്ക് പോകേണ്ടതായി വരും. ഗതാഗത നിയന്ത്രണത്തിന് ആവശ്യത്തിന് പൊലീസില്ലാത്തത് വിനയാണ്. ജങ്ഷനിലെ വ്യാപാരികള്‍ കൂലി കൊടുത്ത് നിര്‍ത്തിയ ഗാര്‍ഡാണ് ആദ്യകാലം മുതല്‍ ഗതാഗതം നിയന്ത്രിക്കുന്നത്.
നിലവില്‍ ഒരാളുടെ മാത്രം ഇടപെടലില്‍ വാഹനങ്ങളുടെ ക്രമം തെറ്റിയുള്ള പോക്കും ഓവര്‍ടേക്കിങ്ങും നിയന്ത്രണ വിധേയമാകില്ലെന്നതുകൊണ്ട് ഇപ്പോള്‍ ട്രാഫിക് പൊലീസിന്റെ ഇടപെടലുണ്ട്. പക്ഷേ, പെരുമ്പാവൂര്‍ ടൗണില്‍ കുരുക്ക് കൂടുമ്പോള്‍ ഇവിടെ പൊലീസിന്റെ സേവനമുണ്ടാകാറില്ലെന്ന് വ്യാപാരികള്‍ പറയുന്നു. വല്ലം ജങ്ഷന് വികസനവും ബസ് ബേ നിര്‍മാണവും നടത്താതെ പ്രശ്നം പരിഹരിക്കാനാകില്ലെന്നാണ് പൊലീസിന്റെ നിഗമനം. ഇക്കാര്യങ്ങള്‍ ട്രാഫിക് പൊലീസ് ഉന്നത അധികാരികളെ നേരത്തേ അറിയിച്ചതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.