പെരുമ്പാവൂരിലെ ഗതാഗത പരിഷ്കാരം; റിപ്പോര്‍ട്ട് തയാറാക്കാൻ വിദഗ്ധരെ ചുമതലപ്പെടുത്തി
text_fieldsപെരുമ്പാവൂര്‍: നഗരത്തിൽ ഏര്‍പ്പെടുത്തേണ്ട ഗതാഗത പരിഷ്കാരങ്ങളെക്കുറിച്ച് സമഗ്രമായി പഠിച്ച് ശാസ്ത്രീയമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ എസ്.സി.എം.എസ് സ്കൂള്‍ ഓഫ് റോഡ് സേഫ്റ്റി ട്രാന്‍സ്പോര്‍ട്ടേഷനെ ചുമതലപ്പെടുത്തിയതായി എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എ അറിയിച്ചു. നിയോജകമണ്ഡലത്തിലെ യാത്രക്ലേശം അനുഭവിക്കുന്ന വിഷയവും നിലവില്‍ ബസ് സര്‍വിസുകള്‍ ഇല്ലാത്തതും നിര്‍ത്തിപ്പോയതുമായ റൂട്ടുകളില്‍ പുതിയ ബസ് സര്‍വിസുകള്‍ ആരംഭിക്കുന്നതും ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ജനകീയ സദസ്സിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് വിവിധ മേഖലയിലുള്ളവരുമായി ചര്‍ച്ച നടത്തി നടപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. അറുപതോളം നിർദേശങ്ങളാണ് ജനകീയ സദസ്സില്‍ ലഭിച്ചത്.
രൂക്ഷമായ ഗതാഗതകുരുക്കിനെ കുറിച്ചും ഏര്‍പ്പെടുത്തേണ്ട ഗതാഗത പരിഷ്കാരങ്ങളെ കുറിച്ചും പരാതികളും നിര്‍ദേശങ്ങളും സദസ്സില്‍ ഉയര്‍ന്നുവന്നു. ഇതില്‍ പുതിയ റൂട്ടുകളെ കുറിച്ചുള്ള നിർദേശങ്ങള്‍ ക്രോഡീകരിച്ച് സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ആര്.ടി.ഒ കെ.കെ. സുരേഷ് കുമാര്‍ അറിയിച്ചു.
കെ.എസ്.ആര്.ടി.സി സര്‍വിസുകളെ കുറിച്ചുള്ള പരാതികള്‍ അടിയന്തരമായി പരിശോധിച്ചു നടപടി സ്വീകരിക്കുമെന്ന് വകുപ്പ് പ്രതിനിധികള്‍ അറിയിച്ചു. മുനിസിപ്പല്‍ ചെയര്മാന് പോള്‍ പാത്തിക്കല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത്കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ മിനി സാജന്, ദീപ ജോയ്, ഡോളി ബാബു ഉള്‍പ്പടെ ജനപ്രതിനിധികളും, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും, റെസിഡന്‍സ് അസോസിയേഷന്, ബസ് പാസഞ്ചേഴ്സ് അസോസിയേഷന് ഭാരവാഹികളും ബസ് ഉടമ പ്രതിനിധികളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.