ഇഴപൊട്ടിയ പട്ടുനൂൽ കമ്പനി: നാട്ടുകാർ പങ്കുവെക്കുന്നത് പുതുപ്രതീക്ഷകൾ
text_fieldsപെരുമ്പാവൂർ: ട്രാവൻകൂർ റയോൺസിന്റെ പടിഞ്ഞാറ് ഭാഗം ഒന്നരക്കിലോമീറ്ററോളം പെരിയാറാണ്. റയോൺസ് എരിഞ്ഞടങ്ങുമ്പോൾ നാടിന് ഗുണമാകുന്ന മറ്റൊരു സംരംഭം ജന്മമെടുക്കണമെന്നാണ് നാട്ടുകാരുടെ ആഗ്രഹം. സംരംഭക വർഷാചരണം മറയാക്കി എന്തെങ്കിലും ‘ലൊട്ട് ലൊടുക്ക്’ വ്യവസായ പദ്ധതികളുമായി വരുന്നവർക്കും സംസ്ഥാനത്തുടനീളം സർക്കാർ ഭൂമി യഥേഷ്ടം പതിച്ചുനൽകുകയാണ് ഉദ്യോഗസ്ഥർ. വ്യവസായങ്ങള്‍ക്കായി ഭൂമി വെട്ടിമുറിക്കാതെ മറ്റ് ജനോപകാരപ്രദമായ സംരംഭങ്ങള്‍ക്ക് പ്രയോജനപ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നു.
ലാഭക്കൊതിയന്മാരായ വ്യവസായികള്‍ക്ക് ഭൂമി വിട്ടുകൊടുത്ത് മലിനീകരണം ഉയര്‍ത്തുന്ന സ്ഥാപനങ്ങള്‍ വരുമെന്ന വർത്തമാനങ്ങൾ പ്രദേശവാസികളെ അലട്ടുകയാണ്. ആധുനിക സൗകര്യമുള്ള ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കളിക്കളങ്ങള്‍, സ്പോര്‍ട്സ് പരിശീലന കേന്ദ്രം എന്നിവ നിര്‍മിക്കണമെന്നാണ് ആവശ്യം. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ബോയ്സ്, ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ ഇവിടേക്ക് മാറ്റിസ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം പ്രദേശവാസികള്‍ ഉന്നയിച്ചിരുന്നു. ഇ.എസ്.ഐ കിടത്തിച്ചികിത്സ സൗകര്യങ്ങളുള്ള ആശുപത്രിക്ക് നിയോജകമണ്ഡലത്തില്‍ സ്ഥലം തേടുന്നുണ്ട്. റയോണ്‍സിന്റെ സ്ഥലം അതിന് ഉപകാരപ്പെടുത്തണമെന്ന അഭിപ്രായവും ഉയര്‍ന്നിരുന്നു.
നൂല് ഉൽപാദനത്തിന് സള്‍ഫര്‍ ഉള്‍പ്പെടെ രാസ വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതിനാൽ അതിന്റെ കെടുതികള്‍ പ്രവർത്തനം നിലച്ച് 22 വർഷത്തിനുശേഷവും ഇവിടെയുണ്ട്. കുടിവെള്ള മലിനീകരണമായിരുന്നു കമ്പനി പ്രവർത്തിച്ചകാലത്തെ പ്രധാന വിഷയം. ഇതിന് പരിഹാരമായി റയോണ്‍സ് മാനേജ്മെന്റ് ആദ്യകാലങ്ങളില്‍ പെരിയാറില്‍നിന്ന് വെള്ളം പമ്പുചെയ്ത് ക്വാര്‍ട്ടേഴ്സിന് സമീപത്ത് ടാങ്ക് നിര്‍മിച്ച് ശുചീകരിച്ച് നല്‍കിയിരുന്നു. പ്രദേശവാസികള്‍ക്ക് തൊഴില്‍ നല്‍കുന്നതിലും മാനേജ്മെന്റ് മുന്‍ഗണന നല്‍കിയിരുന്നു. നിലവില്‍ ഏക്കര്‍ കണക്കിനുള്ള സ്ഥലം ഒന്നിലധികം സ്ഥാപനങ്ങളാണ് ലക്ഷ്യമിടുന്നത്. ഇവിടെ എന്തെല്ലാം കമ്പനികളാണ് വരാനിരിക്കുന്നതെന്ന് ഊഹിക്കാന്പോലുമാകുന്നില്ലെന്നാണ് നാട്ടുകാരുടെ പ്രതികരണം.നാട്ടുകാർ പങ്കുവെക്കുന്നത് പുതുപ്രതീക്ഷകൾ
വരുമോ പരിസ്ഥിതി സൗഹൃദ പദ്ധതികള്‍...
വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പദ്ധതികള്‍ ആവിഷ്കരിച്ചാല്‍ വലിയ നേട്ടമാകുമെന്ന് മാത്രമല്ല, പ്രകൃതി സംരക്ഷണ ഭാഗമായും അത് മാറുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കമ്പനി വക സ്ഥലം പെരിയാറിന്റെ തീരത്തായതിനാൽ ടൂറിസത്തിന് ഉപകരിക്കുമെന്നാണ് ഭൂരിപക്ഷ അഭിപ്രായം. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ കോടനാട്, പാണിയേലിപോര് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തൊട്ടടുത്തായതിനാല്‍ ഒന്നരക്കിലോമീറ്റര്‍ പെരിയാറിന്റെ വശത്ത് വ്യാപിച്ചുകിടക്കുന്ന ഭൂമിയില്‍ ഔഷധത്തോട്ടങ്ങളും ഉദ്യാനങ്ങളും ഒരുക്കാം. ബോട്ടിങ്, വെള്ളച്ചാട്ടം ഉള്‍പ്പെടെ ആകര്‍ഷക പദ്ധതികള്‍ നടപ്പാക്കിയാല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനാകും.
72 ഏക്കര്‍ വരുന്ന പ്രകൃതിരമണീയ സ്ഥലത്ത് ഇത്തരമൊരു പദ്ധതിവഴി സര്‍ക്കാറിന് വരുമാനവും കുറേ പേര്‍ക്ക് തൊഴിലവസരവും ഉണ്ടാകും. വൻ വൃക്ഷങ്ങൾ വളർന്ന് വനസമാനമാണ് ഇപ്പോൾ കമ്പനി വളപ്പ്. ഈ സ്വാഭാവിക ജൈവ പ്രകൃതിയെ ഇക്കോ പാര്‍ക്കായി മാറ്റാമെന്നും വയോജന കേന്ദ്രം, ചെറിയ വ്യാപാരകേന്ദ്രങ്ങള്‍, ഔഷധസസ്യങ്ങളുടെയും ശലഭങ്ങളുടെയും ഉദ്യാനം എന്നിവക്കും സ്ഥലം അനുയോജ്യമാണെന്നുമാണ് വിദഗ്ധാഭിപ്രായം.
മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കോടിക്കണക്കിന് പൂക്കളാണ് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നത്. റയോണ്‍സിന്റെ സ്ഥലത്തെ ജലസേചന സൗകര്യം കണക്കിലെടുത്താല്‍ പൂകൃഷിക്ക് അനുയോജ്യമാണ്. ആവശ്യത്തിലധികം ശുദ്ധജലം ലഭിക്കുന്ന പെരിയാറിന് തീരത്താണ് പെരുമ്പാവൂര്‍ നഗരസഭയും തൊട്ടടുത്ത പഞ്ചായത്തുകളും. ഇവിടങ്ങളിലെല്ലാം ശുദ്ധജല വിതരണം താറുമാറാണ്. പ്രശ്നപരിഹാരത്തിന് സ്ഥലത്തിന്റെ ഒരുഭാഗം ശുദ്ധജല പ്ലാന്റ് നിര്‍മിക്കാൻ പ്രയോജനപ്പെടുത്താമെന്ന നിർദേശവുമുണ്ട്.
ക്രിക്കറ്റ് സ്റ്റേഡിയത്തിനും അനുയോജ്യം
കേരള ക്രിക്കറ്റ് അസോ. ജില്ലയില്‍ സ്റ്റേഡിയത്തിന് സ്ഥലം തിരയുകയാണിപ്പോള്‍. നെടുമ്പാശ്ശേരിയില്‍ 30 ഏക്കര്‍ പാടശേഖരം നോക്കിയെന്നാണ് വിവരം. തുടര്‍ നടപടിയായിട്ടില്ല. എയര്‍പോര്‍ട്ടിന്റെ സമീപമെന്ന മുന്‍ഗണനയിലാണ് നെടുമ്പാശ്ശേരി തെരഞ്ഞെടുത്തിരിക്കുന്നത്. ട്രാവന്‍കൂര്‍ റയോണ്‍സ് ഭൂമിയും എയര്‍പ്പോര്‍ട്ടും തമ്മില്‍ 10 കിലോമീറ്റര്‍ മാത്രമാണ് ദൂരം. എന്തുകൊണ്ട് ഈ ഭൂമി സ്റ്റേഡിയത്തിന് പ്രയോജനപ്പെടുത്തിക്കൂടായെന്ന ചോദ്യം ഉയര്‍ന്നുകഴിഞ്ഞു. റയോണ്‍സ് വളപ്പില്‍ തന്നെ കെ.എസ്.ഇ.ബിയുടെ സബ് സ്റ്റേഷന് പ്രവര്‍ത്തിക്കുന്നു. ശുദ്ധജലമാകട്ടെ യഥേഷ്ടം. ഭൂരിഭാഗം മരങ്ങളും വൃക്ഷങ്ങളും നിലനിര്‍ത്തി സ്റ്റേഡിയം നിര്‍മിക്കാനാകും. നികത്തലോ മണ്ണ് നീക്കംചെയ്യലോ വേണ്ട. ജില്ലയെ പ്രതിനിധീകരിക്കുന്ന മന്ത്രിയും ഭരണ-പ്രതിപക്ഷ എം.എല്‍.എമാരും ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തിയാലേ പ്രതീക്ഷയുള്ളൂ.
(അവസാനിച്ചു)
തയാറാക്കിയത്: യു.യു. മുഹമ്മദ്കുഞ്ഞ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.