ട്രാവന്‍കൂര്‍ റയോണ്‍സ്; ഇഴപൊട്ടിയ പട്ടുനൂൽ കമ്പനി
text_fieldsകമ്പനിയിൽ നശിക്കുന്ന ബസും വാനുംപെരുമ്പാവൂര്: ഒരു കാലത്ത് പെരുമ്പാവൂരിന്റെ സ്വകാര്യ അഹങ്കാരമായിരുന്നു ട്രാവന്‍കൂര്‍ റയോണ്‍സ്. ഊഴമനുസരിച്ച് ജോലിക്ക് കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരുന്ന നൂറുകണക്കിന് തൊഴിലാളികളെ കൊണ്ട് സജീവമായിരുന്നു കമ്പനി പരിസരം. അവരെ ചുറ്റിപ്പറ്റി കമ്പനി പരിസരത്തെ വ്യാപാര സ്ഥാപനങ്ങളും തൊഴിലാളി കുടുംബങ്ങളുടെ ജീവിതവുമെല്ലാം വളർന്നു. കമ്പനിയുടെ മെഷീനുകളുടെ ചക്രങ്ങൾ തിരിയുന്നതനുസരിച്ച് മുറപോലെ മുഴങ്ങിയിരുന്ന സൈറൺ നാടിന്റെ വികസനക്കുതിപ്പിന്റെ നാദമായിരുന്നു. അതെല്ലാം ഇന്ന് പഴങ്കഥയാണ്.
കമ്പനിയുടെ സൈറൺ നിലച്ചിട്ട് 22 കൊല്ലമാകുന്നു. ട്രാവന്‍കൂര്‍ റയോണ്‍സിന്റെ വസ്തുവകകള്‍ ലേലം ചെയ്തതോടെ കമ്പനി ഓർമയായി മാറി. 2001ല്‍ ലോക്കൗട്ട് ചെയ്തതിന് ശേഷവും കമ്പനി തുറന്നു പ്രവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അടുത്ത കാലംവരെ പ്രദേശവാസികളും തൊഴിലാളികളും. കമ്പനിയുടെ വസ്തുവകകളുടെ വില്പന ഉറപ്പായതോടെ അവരുടെ പ്രതീക്ഷകളും അസ്തമിച്ചു. ഇനി ഭൂമിയും കെട്ടിടങ്ങളുമാണ് അവശേഷിക്കുന്നത്. ഭൂമിയില്‍ ഇനി വരാനിരിക്കുന്ന വ്യവസായങ്ങളും പദ്ധതികളും എന്തെല്ലാമെന്ന ആകാംക്ഷയും പ്രതീക്ഷയും അവരിലുണർന്നിട്ടുണ്ട്. ഒപ്പം നാടിന് ശാപമാകുന്ന വ്യവസായങ്ങളാകുമോ വരികയെന്ന ആശങ്കയും പങ്കുെവക്കുന്നു.
കാലങ്ങളായി കുടിശ്ശികയായ ആനൂകൂല്യങ്ങള്‍ ലഭിക്കുമോ എന്ന ആശങ്കയുമായി തൊഴിലാളികൾ ഒരുവശത്തുണ്ട്. ഇക്കാര്യങ്ങളില്‍ സര്‍ക്കാറില്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണ് ഇരുകൂട്ടരും. പരിസ്ഥിതിയെ ബാധിക്കാത്തതും നാടിന് പ്രയോജനം ലഭിക്കുന്നതുമായ സംരംഭങ്ങൾ വരാൻ അവർ കാത്തിരിക്കുന്നു. പരിസ്ഥിതി സൗഹൃദ വ്യവസായങ്ങള്‍ക്കാണ് മുന്‍ഗണനയെന്ന് കിന്‍ഫ്ര വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും എത്രത്തോളം വിശ്വാസ യോഗ്യമാണെന്നത് കാത്തിരിന്ന് കാണണം. ഭൂമി തുണ്ടുതുണ്ടാക്കി വ്യവസായങ്ങള്‍ക്ക് നല്‍കുന്നതാണ് കിന്‍ഫ്രയുടെ രീതി. പെരിയാറിന്റെ തീരത്തെ വിശാലമായ 72 ഏക്കര്‍ ഭൂമിയില്‍ രാജ്യാന്തര ശ്രദ്ധയാകര്‍ഷിച്ച് മുന്നേറിയ കമ്പനിയുടെ പ്രതാപവും പതനവും വരുംതലമുറക്ക് കേട്ടുകേള്‍വിയാകും.
പട്ട് പോലെ തിളങ്ങിയ കാലം
രാജ്യത്തെ ആദ്യത്തെ കൃത്രിമ പട്ടുനൂല്‍ വ്യവസായ സ്ഥാപനമാണ് ട്രാവന്‍കൂര്‍ റയോണ്‍സ്. 1950 ലാണ് പ്രവര്‍ത്തനം തുടങ്ങിയത്. സിംഗപ്പൂര്‍, മലേഷ്യ എന്നീ മെട്രോ നഗരങ്ങളില്‍ മാത്രമാണ് അക്കാലത്ത് കൃത്രിമ പട്ടുനൂല്‍ ഉല്പാദിപ്പിച്ചിരുന്നത്.
കൊച്ചിയില്‍നിന്നും തിരുവിതാംകൂറിലേക്കും തിരിച്ചുമുള്ള ജലഗതാഗതത്തിന്റെ ചരിത്രം നിലനിന്ന കാലത്താണ് മദ്രാസിലെ വ്യവസായിയും പ്രമാണിയുമായിരുന്ന എം.സി.ടി.എം ചിദംബരം ചെട്ടിയാരും തിരുവിതാംകൂര്‍ അടക്കിഭരിച്ച ദിവാന് സര് സി.പി. രാമസ്വാമി അയ്യരും കൈകോര്‍ത്ത് തിരുവിതാംകൂറിനെ വ്യവസായ സമ്പന്നമാക്കാന്‍ തീരുമാനിച്ചത്.
അങ്ങനെയാണ് ട്രാവന്‍കൂര്‍ റയോണ്‍സ് എന്ന കമ്പനിയുടെ പിറവി. കൃത്രിമ പട്ടുനൂൽ നിർമാണത്തിന്റെ സാങ്കേതികവിദ്യ മനസ്സിലാക്കിയ ചെട്ടിയാര്‍ ഇത്തരത്തില്‍ ഒരു കമ്പനി തുടങ്ങണമെന്ന ആഗ്രഹവുമായി സര് സി.പിയെ സമീപിക്കുകയായിരുന്നു. ആശയം നാടിന്റെ അഭിവൃദ്ധിക്കും കുറേ ആളുകളുകള്‍ക്ക് തൊഴിലിനുമുള്ള വഴിയാകുമെന്ന് മനസ്സിലാക്കിയ സി.പി വേണ്ടതെല്ലാം ചെയ്തുകൊടുത്തു. ചെട്ടിയാര്‍ക്ക് പെരിയാറിന്റെ തീരത്ത് 72 ഏക്കര്‍ ഭൂമി കമ്പനി പണിയാന്‍ സി.പി പാട്ടത്തിന് പതിച്ചു നല്കി. കരിമ്പും എള്ളും മാത്രം കൃഷി ചെയ്ത് വന്നിരുന്ന ‘വല്ലം’ എന്ന പ്രദേശം അങ്ങനെ ഇന്ത്യയുടെ വ്യവസായിക ഭൂപടത്തില്‍ ഇടം നേടി.
അങ്ങനെ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 2700 തൊഴിലാളികള്‍ പണിയെടുത്ത കമ്പനി പിറവിയെടുത്തു. പെരുമ്പാവൂര്‍ മേഖലയിലെ ആയിരക്കണക്കിനാളുകളുടെ വിശപ്പകറ്റിയ കമ്പനിയില്‍ അക്കാലത്തെ കണക്കെടുത്താല്‍ വല്ലം മേഖലയിലെ ഭൂരിപക്ഷം കുടുംബങ്ങളിലെ ഒരാളെങ്കിലും തൊഴിലെടുത്തിരുന്നു. അതോടെ കുടുംബങ്ങളുടെ ജീവിതവും പട്ടുപോലെ തിളങ്ങി തുടങ്ങി. പെരുമ്പാവൂരിലെ ആദ്യ കോഓപറേറ്റിവ് പ്രോവിഷനല്‍ സ്റ്റോറും സുഭാഷ് ചന്ദ്രബോസ് സ്റ്റേഡിയവും കമ്പനിയുടെ വരവോടെ ഉണ്ടായതാണ്.
(തുടരും)
തയാറാക്കിയത്: യു.യു. മുഹമ്മദ്കുഞ്ഞ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.