വല്ലം-പാറപ്പുറം പാലം; അശാസ്ത്രീയ നിര്‍മാണം
text_fieldsപെരുമ്പാവൂര്‍: പാലത്തിന്റെ അശാസ്ത്രീയ നിര്‍മാണം അപകടങ്ങള്‍ക്ക് കാരണമാകുന്നതായി ആക്ഷപം. വല്ലം-പാറപ്പുറം പാലത്തിന്റെ വല്ലംഭാഗത്തെ റോഡ് നിര്‍മാണവും ഓവുങ്ങത്തോടിന് കുറുകെ കല്‍വര്‍ട്ട് നിര്‍മാണത്തിലെ അലൈന്മെന്റ് മാറ്റവുമാണ് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ചൊവ്വാഴ്ച വൈകീട്ട് ഈ ഭാഗത്ത് അപകടമുണ്ടായി ഒരാള്‍ മരിക്കുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
പാലം നിര്‍മാണവേളയില്‍ ഈ വിഷയം ചൂണ്ടിക്കാട്ടി അന്നത്തെ കൗണ്‍സിലറും നിലവിലെ നഗരസഭ ചെയര്‍മാനുമായ പോള്‍ പാത്തിക്കല്‍ പൊതുമരാമത്ത് മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. 2023 ഏപ്രില്‍ 25ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ പാലത്തിന്റെ വല്ലം ഭാഗത്തുള്ള റോഡ് നിര്‍മാണവും തോടിന്റെ കുറുകെ കലുങ്ക് നിര്‍മിക്കുന്നതിലെ അലൈന്മെന്റ് മാറ്റവും അപാകതകളും പരിഹരിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയം അവതരിപ്പിച്ചിരുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഇതുസംബന്ധിച്ച് കത്ത് നല്കി. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അലൈൻമെന്റ് മാറ്റത്തിന് കാരണമെന്ന് രേഖകള്‍ സമേതം വെളിപ്പെടുത്തിയായിരുന്നു പരാതികള്‍ നല്‍കിയത്.
താലൂക്ക് സര്‍വേയര്‍ അംഗീകരിച്ച പ്ലാന്‍ മറികടന്നാണ് വല്ലംഭാഗത്തെ തോടിനുകുറുകെ കലുങ്ക് നിര്‍മിച്ചത്. അപാകത പരിഹരിക്കാതെ പണി പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും അവഗണിച്ചു. പാലം തുറന്നതിനുശേഷമുണ്ടായ ചെറുതും വലുതുമായ എട്ടോളം അപകടങ്ങള്‍ ഇത് ശരിവെക്കുകയാണ്.
വിദഗ്ധരുടെ നേതൃത്വത്തില്‍ പരിശോധിച്ച് അപാകത പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.