പെരുമ്പാവൂര്‍ നഗരസഭയുടെ പാഴ്വസ്തു ശേഖരണ കേന്ദ്രം നിറഞ്ഞുകവിഞ്ഞു
text_fieldsപെരുമ്പാവൂര്‍: നഗരസഭയുടെ പാഴ്വസ്തു ശേഖരണ കേന്ദ്രം നിറഞ്ഞുകവിഞ്ഞ് മലിനീകരണത്തിന് കാരണമാകുന്നതായി ആക്ഷേപം. നഗരത്തിലെ ലൈബ്രറി റോഡിലാണ് കേന്ദ്രം.
ഹരിതകര്‍മ സേന ശേഖരിക്കുന്നതുൾപ്പെടെ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇവിടെ കുമിഞ്ഞുകൂടിയത്. ഇതിൽ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു.
മുനിസിപ്പല്‍ ലൈബ്രറി, കുഴിപ്പിള്ളിക്കാവ്, അംഗന്‍വാടി, ഹോമിയോ ഡിസ്പെന്‍സറി തുടങ്ങിയവ പ്രവര്‍ത്തിക്കുന്നതിന് സമീപത്താണ് പാഴ്വസ്തു ശേഖരണ കേന്ദ്രം. കൂട്ടിയിട്ട മാലിന്യം കെട്ടിടവും വളപ്പും മതില് കെട്ടും നിറഞ്ഞുകവിഞ്ഞ് റോഡിലേക്ക് ചാടുന്ന സാഹചര്യമാണ്. വളപ്പില്‍ മേൽക്കൂര ഇല്ലാത്തതിനാല്‍ മഴ പെയ്യുമ്പോള്‍ അഴുക്കുവെള്ളം കാനയിലേക്കും റോഡിലേക്കും ഒഴുകുന്നു.
ദിനംപ്രതി നിരവധി ആളുകള്‍ എത്തുന്ന സ്ഥലത്ത് മാലിന്യം നിറഞ്ഞത് പ്രതിഷേധത്തിനിടയായിട്ടുണ്ട്. ഇവിടെ ശേഖരിക്കുന്ന വസ്തുക്കള്‍ കണ്ണൂരിലുള്ള സ്വകാര്യ ഏജന്‍സി കൊണ്ടുപോകുകയാണ് ചെയ്യുന്നത്. ഉപയോഗ്യശൂന്യമായ വസ്തുക്കള്‍ മാറ്റുന്നതിന് കിലോക്ക് 4.40 രൂപ നഗരസഭ നല്‍കണമെന്നാണ് കരാര്‍. നല്ല പ്ലാസ്റ്റികിന് 1.60 രൂപ ഏജന്‍സി ഹരിതകര്‍മ സേനക്ക് നല്‍കും. കഴിഞ്ഞ കാലയളവില്‍ മാറ്റിയ വകയില്‍ കൊടുക്കാനുണ്ടായ 10 ലക്ഷം കുടിശ്ശിക വന്നതുകൊണ്ടാണ് ഇത്തവണ മാലിന്യനീക്കം നിലച്ചത്. നഗരസഭയുടെ മേല്‍നോട്ടത്തില്‍ പാഴ്വസ്തുക്കള് ശേഖരിച്ച് സ്വകാര്യ ഏജന്‍സിക്ക് വെറുതെ കൊടുക്കുന്നുവെന്നും ഏകപക്ഷിയമായി ഒരു കമ്പനിക്ക് മാത്രം കരാര്‍ നല്‍കിയെന്നും ആക്ഷേപമുണ്ട്. എന്നാല്‍, മുന്‍കാലങ്ങളെ അപേക്ഷിച്ച് നഗരത്തിലും സ്ഥാപനങ്ങളിലും വീടുകളിലും പാഴ് വസ്തുക്കള്‍ കെട്ടികിടക്കുന്നില്ലെന്ന് ഭരണസമിതി അവകാശപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.