ജില്ലയിലെ ഉയർന്ന ഭൂരിപക്ഷം; ഹാട്രിക്കടിച്ച് അനൂപ് ജേക്കബ്
text_fieldsകൊച്ചി: ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷവുമായി (25,364) യു.ഡി.എഫിെൻറ ശക്തികേന്ദ്രങ്ങളിലൊന്നായ പിറവത്ത് അനൂപ് ജേക്കബ് നേടിയത് ഹാട്രിക് വിജയം. അതുമാത്രമല്ല, മണ്ഡലചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണിതെന്നതും വിജയത്തിളക്കം വർധിപ്പിക്കുകയാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ അനൂപിന് 6195 വോട്ടിെൻറ ഭൂരിപക്ഷമായിരുന്നെങ്കിൽ, ഇതിനുമുമ്പ് 2012ൽ പിതാവും മന്ത്രിയുമായ ടി.എം. ജേക്കബിെൻറ ആകസ്മിക നിര്യാണത്തോടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ ലഭിച്ചത് 12,071 വോട്ടിെൻറ ഭൂരിപക്ഷമാണ്. ഈ ജയത്തോടെ മന്ത്രിയുമായി. ഇത്തവണയും 12,000ത്തോളമാണ് പ്രതീക്ഷിച്ചതെങ്കിലും അതിെൻറ ഇരട്ടിയിലേറെ അനൂപിന് നേടാനായി.
സ്ഥാനാർഥിനിർണയം മുതൽ കൊട്ടിക്കലാശം വരെ ഒരുഘട്ടത്തിൽപോലും അനൂപിനും മുന്നണിക്കും പിറവത്ത് പരാജയഭീതിയോ ആശങ്കയോ നേരിടേണ്ടി വന്നിട്ടില്ല. കേരള കോൺഗ്രസ്(ജേക്കബ്) പാർട്ടിയുടെ സ്ഥാപകൻകൂടിയായ ടി.എം. ജേക്കബിെൻറ സ്വന്തം നാട്ടിൽ മകനും മുൻ മന്ത്രിയും സിറ്റിങ് എം.എൽ.എയുമായ അനൂപ് ജേക്കബിന് വിജയമെന്നത് പുഷ്പംപോലെയായിരുന്നു. തുടക്കം മുതൽ വ്യവസ്ഥാപിതവും ഒറ്റക്കെട്ടായതുമായ പ്രവർത്തനങ്ങളാണ് ഐക്യജനാധിപത്യ മുന്നണിയുടെ ഭാഗത്തുനിന്നുണ്ടായത്. ഇതുതന്നെ, വിജയത്തിെൻറ പ്രധാന ഘടകങ്ങളിലൊന്ന്.
മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങളും അനൂപ് ജേക്കബിെൻറ വ്യക്തിപ്രഭാവവും വോട്ടുനില കൂട്ടിയിട്ടുണ്ട്. എതിർപക്ഷംപോലും അംഗീകരിക്കുന്ന തരത്തിെല സാമൂഹിക ഇടപെടലുകളും വ്യക്തിബന്ധങ്ങളും കാത്തുസൂക്ഷിക്കുന്നതിൽ അനൂപ് മുന്നിലായിരുന്നു.
സാമുദായിക വോട്ടുകൾ ഭൂരിപക്ഷത്തെ നിർണയിക്കുന്നതിൽ പ്രധാന ഘടകമായ പിറവത്ത് യാക്കോബായ, ഓർത്തഡോക്സ് വിശ്വാസികളിൽനിന്നുള്ള വോട്ടും സിറ്റിങ് എം.എൽ.എയുടെ പെട്ടിയിൽ വീണു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്പ് കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടിയിൽ ചില വിള്ളലുകളുണ്ടാവുകയും അനൂപ് ജേക്കബിനെതിരെ പാർട്ടിയിൽനിന്ന് വിമതനീക്കങ്ങളുണ്ടാവുകയും ചെയ്തിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ ഇവയെല്ലാം മാഞ്ഞുപോയി.
ഇതിന് വിപരീതമായി എൽ.ഡി.എഫ് സ്ഥാനാർഥി നിർണയം സംബന്ധിച്ചുണ്ടായ പൊട്ടിത്തെറികളും യു.ഡി.എഫിനനുകൂലമായി. സി.പി.എമ്മിലിരിക്കേ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിെൻറ സ്ഥാനാർഥിയായി രംഗത്തെത്തിയ സിന്ധുമോൾ ജേക്കബിനെതിരെ തുടക്കത്തിൽ വലിയ പ്രതിഷേധങ്ങളും എതിർപ്പുമാണ് പാർട്ടിപ്രവർത്തകർക്കിടയിലുണ്ടായിരുന്നത്. ഇതുമൂലം എൽ.ഡി.എഫ് മറ്റെല്ലാ മണ്ഡലങ്ങളിലും മുന്നേറിയ പ്രചാരണത്തിെൻറ തുടക്കഘട്ടത്തിൽ പിറവത്തുമാത്രം കാര്യമായ ഓളമുണ്ടാക്കാനുമായില്ല. ശബരിമല വിഷയത്തിലെ യു.ഡി.എഫ് നിലപാടും വിശ്വാസികളായ സാധാരണക്കാർക്കിടയിൽ അനൂപ് ജേക്കബിനോട് ചായ്വുണ്ടാക്കാനിടയാക്കി.
85,056 വോട്ടാണ് അനൂപ് ജേക്കബിന് കിട്ടിയത്. രണ്ടാംസ്ഥാനത്തുള്ള എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. സിന്ധുമോൾ ജേക്കബിന് 59,692 വോട്ടും. എൻ.ഡി.എ സ്ഥാനാർഥി എം. ആശിഷിന് 11,021 വോട്ട് കിട്ടിയപ്പോൾ എസ്.യു.സി.ഐ സ്ഥാനാർഥി സി.എൻ. മുകുന്ദൻ 454 വോട്ടുകൊണ്ട് തൃപ്തിപ്പെട്ടു. അപരയായ സിന്ധുമോൾ സി.ക്ക് 563ഉം സ്വതന്ത്രനായ പി.ബി. രഞ്ജുവിന് 202ഉം വോട്ടാണുള്ളത്. നോട്ടക്ക് 1109 വോട്ടുവീണപ്പോൾ അസാധുപട്ടികയിൽ 646 വോട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.