പിറവം പോസ്റ്റ് ഓഫിസ് ജങ്ഷനിൽ വാഹനാപകടം പതിവ്
text_fieldsപിറവം: പോസ്റ്റ് ഓഫിസ് ജങ്ഷനിൽ വാഹനാപകടം തുടർക്കഥയായി. ഏറ്റവുമൊടുവിൽ വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് വാഹനങ്ങളുടെ കൂട്ടിയിടി അരങ്ങേറിയത്.
ഏറെസമയം ഗതാഗതം സ്തംഭിച്ചു. ടൗണിൽനിന്ന് പടിഞ്ഞാറ് ഭാഗത്തേക്കു വരുകയായിരുന്ന വാനും എതിർ ദിശയിൽനിന്ന് എത്തിയ കാറുമാണ് കൂട്ടിയിടിച്ചതെങ്കിലും ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട വാൻ, പാർക്കു ചെയ്തിരുന്ന നിരവധി ഇരുചക്ര വാഹനങ്ങളും ഇടിച്ചു തെറിപ്പിച്ച് തൊട്ടടുത്ത കടയിൽ ഇടിച്ചാണ് നിന്നത്.
കൂട്ടിയിടിയിൽ വാനിന്‍റെയും കാറിന്‍റെയും മുൻവശം തകർന്നു. കാറിന്‍റെ മുൻ ഭാഗം പൊളിച്ചുമാറ്റി പൊലീസും നാട്ടുകാരും ചേർന്ന് തള്ളിമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ആർക്കും സാരമായ പരിക്കില്ല എന്നത് ആശ്വാസകരമാണ്. പിറവത്തെ ഏറ്റവുംതിരക്കേറിയതും അപകടകരവുമായ ജങ്ഷനാണിത്. ശാസ്ത്രീയമായി ട്രാഫിക് പരിഷ്കാരം നടപ്പാക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
സിഗ്‌നൽ സംവിധാനമെങ്കിലും അടിയന്തരമായി നടപ്പാക്കണമെന്ന ആവശ്യത്തോടും അധികൃതർ മുഖംതിരിച്ചു നിൽക്കുകയാണ്. എറണാകുളം ഭാഗത്തുനിന്ന് ടൗണിലേക്കുള്ള പ്രവേശന കവാടം കൂടിയാണിവിടം.
വൺവേ പാലിക്കാതെയുള്ള വാഹനങ്ങളുടെ കടന്നുകയറ്റമാണ് അപകടം വർധിക്കാനുള്ള മറ്റൊരു കാരണം. പൊലീസിന്‍റെ ഭാഗത്തുനിന്നും ഒരു ശ്രദ്ധയും ഇവിടെയുണ്ടാകാറില്ലെന്ന പരാതിയും കാലങ്ങളായി നിലനിൽക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.