ലോറിയിലെത്തിച്ച പ്ലാസ്റ്റിക് മാലിന്യം പുഴയോരത്ത് കത്തിച്ചു
text_fieldsദേശം: സാമൂഹിക വിരുദ്ധർ ലോറിയിലെത്തിച്ച പ്ലാസ്റ്റിക് മാലിന്യം പുഴത്തീരത്ത് തള്ളി തീയിട്ടതിൽ വ്യാപക പ്രതിഷേധം. ദേശം-കാലടി റോഡിൽ ചെങ്ങമനാട് പഞ്ചായത്ത് പരിധിയിലെ പുറയാർ റെയിൽവേ ഗേറ്റിൽ നിന്ന് തുരുത്തിലേക്ക് പോകുന്ന റോഡരികിലെ പുഴയോരവും റെയിൽവെ മേൽപാലത്തിന്റെ കീഴ്ഭാഗവും ഉൾപ്പെട്ട ഭാഗത്താണ് ഞായറാഴ്ച വൈകീട്ട് ചരക്ക് വാഹനത്തിൽ കൊണ്ടുവന്ന അപ്പോൾസറി സ്പോഞ്ച്, പ്ലാസ്റ്റിക്, ആക്രി അവശിഷ്ടങ്ങൾ അടക്കമുള്ളവ കൂട്ടിയിട്ട് കത്തിച്ചത്. പാരിസ്ഥിതിക പ്രശ്നം സൃഷ്ടിക്കുന്ന മാലിന്യം ആളില്ലാ സമയത്ത് ഇവിടെയെത്തിച്ച് കത്തിക്കുകയാണ്. നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ സൗകര്യമില്ലാത്തതാണ് സാമൂഹിക വിരുദ്ധർക്ക് തുണയാകുന്നത്. രണ്ടാഴ്ച മുമ്പ് മാലിന്യം തള്ളുന്നതിനെതിരെ ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
മണിക്കൂറുകളോളം കത്തുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യത്തിനാണ് ഞായറാഴ്ച തീയിട്ടത്. തീ ആളിപ്പടർന്ന് വഴിയാത്രക്കാർക്കും ട്രെയിൻ യാത്രക്കാർക്കും വരെ ഭീഷണി ഉയർത്തി.
റെയിൽവെയുടെ പല കേബിളുകൾ സ്ഥാപിച്ചിട്ടുളള ഭാഗത്താണ് തീയിട്ടത്. സംഭവമറിഞ്ഞ് നാട്ടുകാർ തടിച്ചുകൂടി. തീയണക്കാനുള്ള നാട്ടുകാരുടെ ശ്രമം വിഫലമായി.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നഹാസ് കളപ്പുരയിൽ, കെ.ഇ. നിഷ എന്നിവർ സ്ഥലത്തെത്തി ജാഗ്രത നടപടി സ്വീകരിച്ചു. തൊട്ട് പിറകെ റെയിൽവേ പൊലീസും, ആലുവ അഗ്നി രക്ഷ സേനയുമെത്തി. സേന തീയണച്ച് പോയെങ്കിലും വീണ്ടും തീ ഉയർന്നു.
അതോടെ അങ്കമാലി അഗ്നി രക്ഷസേനയുമെത്തി രാത്രി 9.30ഓടെയാണ് തീയണച്ചത്. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ വരുംദിവസങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അംഗങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.