പ്ലസ് വൺ പ്രവേശനം എറണാകുളം ജില്ലയിൽ 17,319 വിദ്യാർഥികൾ പുറത്ത്
text_fieldsകൊച്ചി: ഏകജാലകം വഴിയുള്ള പ്ലസ് വൺ രണ്ടാം ഘട്ട അലോട്ട്മെൻറും കഴിഞ്ഞപ്പോൾ ജില്ലയിൽ 17,319 വിദ്യാർഥികൾ പുറത്ത്. സർക്കാർ മേഖലയിൽ ആകെയുള്ള 20,098 സീറ്റുകൾക്കായി 37,375 പേരാണ് അപേക്ഷിച്ചത്. മുഴുവൻ എ പ്ലസ് നേടിയവർക്കുപോലും പലയിടത്തും പ്രവേശനം ലഭിക്കാതായതോടെ വിദ്യാർഥികൾ അങ്കലാപ്പിലാണ്. ഏകജാലകത്തിലെ കണക്കനുസരിച്ച് ജില്ലയിൽ 32 സീറ്റുമാത്രമേ ഇനി ഒഴിവുള്ളൂ. 20,098 സീറ്റിലേക്ക് നടന്ന അലോട്ട്മെൻറിൽ 20,066 പേർ പ്രവേശനം ഉറപ്പിച്ചു.
രണ്ടാം ഘട്ടത്തിൽ പുതുതായി 4656 പേർക്കും ഹയർ ഓപ്ഷനിൽ 2764 പേർക്കുമാണ് പ്രവേശനം ഉറപ്പായത്. കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ സംസ്ഥാനത്ത് കൂടിയ രണ്ടാമത്തെ വിജയ ശതമാനം എറണാകുളം ജില്ലയിലായിരുന്നു. 99.80 ശതമാനം വിജയം നേടിയതോടെ 31,490 വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹത നേടി. ആകെ 31,553 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ 11,609 പേർ ജില്ലയിലുണ്ട്.
സി.ബി.എസ്.ഇ 10ാം ക്ലാസ് ജയിച്ചവർ ഉൾപ്പെടെ അപേക്ഷിച്ചതോടെയാണ് ജില്ലയിലെ പ്ലസ് വൺ അപേക്ഷകരുടെ എണ്ണം 37,375ലേക്ക് ഉയർന്നത്. ഒപ്പം അന്തർ സംസ്ഥാനങ്ങളിൽനിന്നുള്ള അപേക്ഷകരും വന്നിട്ടുണ്ട്. മറ്റ് ജില്ലകളിൽനിന്നുള്ളവരുമുണ്ട്. നിലവിലെ രണ്ട് അലോട്ട്മെൻറുകളിൽനിന്നും പുറത്തായവരിൽ ഭൂരിഭാഗത്തിനും അൺ എയ്ഡഡ് മേഖലയിൽ പ്രവേശനം നേടേണ്ട അവസ്ഥ വരും.
ഒപ്പം പോളിടെക്നിക് പോലുള്ള തൊഴിലധിഷ്ഠിത കോഴ്സുകൾക്കും അവസരമുണ്ട്.നിലവിൽ അലോട്ട്മെൻറ് കിട്ടിയിട്ടും പ്രവേശനം നേടാത്ത വിദ്യാർഥികളുടെ സീറ്റുകൾ, താൽക്കാലികമായി പ്രവേശനം നേടിയവ തുടങ്ങിയ സീറ്റുകളിലേക്ക് വീണ്ടും അലോട്ട്മെൻറ് വന്നാൽ കുറെപ്പേർക്കുകൂടി അഡ്മിഷൻ ലഭിക്കും. മ്യൂച്വൽ ട്രാൻസ്ഫർ, സ്കൂളുകളിൽതന്നെ ഒഴിവുള്ള സീറ്റുകളിൽ നേരിട്ട് പ്രവേശനം എന്നിവ മുൻ വർഷങ്ങളിൽ നടന്നിട്ടുണ്ട്. ഇത് ഇക്കൊല്ലവും ഉണ്ടാകുമെന്നാണ് സ്കൂൾ അധികൃതർ പ്രതീക്ഷിക്കുന്നത്. ഇത്തരം നടപടികൾ ഉണ്ടായില്ലെങ്കിൽ പ്രവേശനം സങ്കീർണതയിലാകും.
ഫുൾ എ പ്ലസ് കിട്ടിയിട്ടും സീറ്റില്ല
കൊച്ചി: എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവർ ഇഷ്ടവിഷയത്തിന് പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷ പുലർത്തിയത് തകർന്നു. ഒട്ടേറെ പേർക്ക് പ്രവേശനംതന്നെ ലഭിച്ചിട്ടില്ല. പറവൂർ മേഖലയിൽനിന്ന് ഇതുസംബന്ധിച്ച് ഒട്ടേറെ പരാതികൾ ഉയർന്നു. മികച്ച മാർക്ക് നേടിയ പഠനത്തിൽ മികവ് കാട്ടിയ വിദ്യാർഥികൾതന്നെ പ്രവേശനം ലഭിക്കാതെ പുറത്തുനിൽക്കുന്ന അവസ്ഥയുണ്ടെന്ന് ഒരു അധ്യാപകൻ ചൂണ്ടിക്കാട്ടി. എൻ.സി.സി, സ്കൗട്സ്, സ്പോർട്സ് തുടങ്ങി പ്രിവിലേജ് മാർക്കുകൾ ലഭിച്ചവർക്ക് സീറ്റ് ലഭിച്ചിട്ടുണ്ട്. അതേസമയം, ഇത്തരം അധിക മാർക്കുകൾ ലഭിക്കാത്ത പഠനത്തിൽ മികവ് പുലർത്തിയവരാണ് അലോട്ട്മെൻറിൽനിന്ന് പുറത്തായത്. മികച്ച വിജയം നേടിയവർ കിട്ടിയ സ്കൂളുകളിൽ ട്രാൻസ്ഫർ പ്രതീക്ഷിച്ചും കാത്തിരിക്കുന്നുണ്ട്. അൺ എയ്ഡഡ് സ്കൂളുകളിൽ അധിക തുക നൽകി സീറ്റ് ഉറപ്പിച്ചവരും ഏറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.