പൊലീസിറങ്ങി, ഗുണ്ടകൾ കുടുങ്ങി
text_fieldsകൊച്ചി: നാടും നഗരവും ഭീതിയിലാഴ്ത്തുന്ന സാമൂഹിക വിരുദ്ധർക്ക് പൂട്ടിട്ട് പൊലീസ് നടപടി. ശനിയാഴ്ച രാത്രിയോടെയാണ് ഗുണ്ടകളെ പിടിക്കാൻ പൊലീസിന്‍റെ ഓപറേഷൻ നടന്നത്. പ്രത്യേക സംഘമായി തിരിഞ്ഞ പൊലീസുകാർ നാടിനു ഭീഷണി സൃഷ്ടിച്ച് ഗുണ്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ താമസസ്ഥലങ്ങളിലേക്ക് അടക്കം എത്തി കൈയോടെ പൊക്കുകയായിരുന്നു.
ഗുണ്ടപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന 156 പേരാണ് ജില്ലയിലാകെ പിടിയിലായത്. കൊച്ചി സിറ്റി പരിധിയിൽ ഗുണ്ടപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന 49 പേരാണ് അറസ്റ്റിലായത്. 76 വീടുകളിലായിരുന്നു ഇവിടെ പരിശോധന.കൂടാതെ കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച ആറുപേരെയും വിവിധ കേസുകളിൽ പ്രതികളായ 12 പേരെയും മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട 41 കേസുകളിൽ 42 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
നഗരത്തിൽ നടത്തിയ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ചതിന് 280 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കമീഷണർ കെ. സേതുരാമന്‍റെ നിർദേശപ്രകാരം ഡെപ്യൂട്ടി പൊലീസ് കമീഷണർ എസ്. ശശിധരന്‍റെ നേതൃത്വത്തിൽ മട്ടാഞ്ചേരി, എറണാകുളം, എറണാകുളം സെൻട്രൽ, തൃക്കാക്കര അസി. കമീഷണർമാരെ ഏകോപിപ്പിച്ച് പൊലീസ് ഉദ്യോഗസ്ഥരെ വിവിധ ഗ്രൂപ്പുകളായി തിരിച്ചായിരുന്നു പരിശോധന. വരും ദിവസങ്ങളിലും നടപടികൾ തുടരുമെന്ന് ഡി.സി.പി എസ്. ശശിധരൻ പറഞ്ഞു.
എറണാകുളം റൂറലില്‍ 107 പേരാണ് അറസ്റ്റിലായത്. ഇതില്‍ ഒമ്പതു പേര്‍ ഒളിവില്‍ കഴിഞ്ഞിരുന്നവരാണ്. ജാമ്യമില്ലാ വാറന്‍റുള്ള 61 പേരും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടും. കാപ്പ ചുമത്തി ജയിലിലടച്ചതിന് ശേഷം മോചിതരായ 38 പേരെയും നാടുകടത്തല്‍ ശിക്ഷ പൂര്‍ത്തിയാക്കിയ 49 പേരെയും പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി തല്‍സ്ഥിതി വിലയിരുത്തി. റേഞ്ച് ഡി.ഐ.ജി എ. ശ്രീനിവാസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഓപറേഷന്റെ ഭാഗമായി ഞാറയ്ക്കല്‍ എളങ്കുന്നപ്പുഴ സ്വദേശി ലെനീഷിനെ (37) കാപ്പ ചുമത്തി ജയിലിലടച്ചു.
കാപ്പ നിയമം ലംഘിച്ചതിന് ചേലാമറ്റം വല്ലം സ്വദേശി ആദില്‍ ഷാ (26) അറസ്റ്റിലായി. റൂറല്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകളിലെ പ്രതിയായ നാലുപേരെ കാപ്പ ചുമത്തി നാടുകടത്താന്‍ തീരുമാനമായിട്ടുണ്ട്. സാമൂഹിക വിരുദ്ധരുടെ പട്ടികയിലുള്ള ഇരുനൂറിലേറെ പേരുടെ വീടുകളിലും സ്ഥാപനങ്ങളിലും ചെക്കിങ് നടത്തി. ഹോട്ടലുകളിലും ബാറുകളിലും ലോഡ്ജുകളിലും പൊലീസ് പരിശോധന നടത്തി. ബാറുകള്‍ സമയക്രമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി. ഡി.ജെ പാര്‍ട്ടികള്‍ നടത്തുന്നയിടങ്ങളിലും പരിശോധനയുണ്ടായിരുന്നു.
സുരക്ഷിതമാകണം നഗരം
തുടർച്ചയായ കൊലപാതകങ്ങൾ അരങ്ങേറിയ കഴിഞ്ഞ വർഷം ജില്ലയിൽ പൊതുജനം ഭീതിയിലായിരുന്നു. സംഭവങ്ങളിൽ ഗുണ്ടപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ പങ്ക് പൊലീസ് പരിശോധിച്ചിരുന്നു. സമീപകാലത്ത് ജില്ലയിൽ നടന്ന പല അക്രമസംഭവങ്ങൾക്ക് പിന്നിലും ഇത്തരം സാമൂഹിക വിരുദ്ധരുടെ സാന്നിധ്യമുണ്ടായിരുന്നു.
പൊലീസിനെ നേരിട്ട് ആക്രമിച്ച സംഭവം ഉൾപ്പെടെ നഗരത്തിൽ അരങ്ങേറി. സുരക്ഷിതമായ സാമൂഹിക ജീവിതം ഉറപ്പാക്കുന്നതിന്‍റെ ഭാഗമാണ് കർശന നടപടിയിലേക്ക് പൊലീസ് കടന്നിരിക്കുന്നത്. ഗുണ്ടകളുമായി നിരന്തരം ബന്ധപ്പെടുന്നവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.