പൊന്നാരിമംഗലം ടോൾ ബൂത്ത്:പ്രദേശവാസികളുടെ ഇളവ് നിർത്തിയാൽ പ്രത്യക്ഷ സമരം –ഹൈബി ഈഡൻ
text_fieldsകൊച്ചി: കണ്ടെയ്നർ ടെർമിനൽ റോഡിൽ പൊന്നാരിമംഗലം ടോൾ ബൂത്തിൽ പ്രദേശവാസികൾക്ക് അനുവദിച്ചിരുന്ന ടോൾ ഇളവ് നിർത്തലാക്കിയാൽ ശക്തമായ സമരത്തിലേക്കെന്ന് മുന്നറിയിപ്പ് നൽകി ഹൈബി ഈഡൻ എം.പി. മുളവുകാട്, ചേരാനല്ലൂർ, കടമക്കുടി പ്രദേശവാസികളെയാണ് ടോളിൽനിന്ന് ഒഴിവാക്കിയിരുന്നത്. ഏലൂർ നഗരസഭയെ ടോളിൽനിന്ന് ഒഴിവാക്കാൻ തീരുമാനമെടുത്ത് നടപടികൾ നടക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് നിലവിലെ സംവിധാനം അട്ടിമറിക്കപ്പെടുന്നത്.
ഇതിനെതിരെ സമരം ചെയ്ത ജനപ്രതിനിധികൾ അടക്കമുള്ളവരെ പൊലീസ് ക്രൂരമായാണ് നേരിട്ടത്. പഞ്ചായത്ത് പ്രസിഡൻറ് വി.എസ്. അക്ബർ അടക്കം 22 പേരെ അറസ്റ്റ് ചെയ്തു. കണ്ടെയ്നർ റോഡിന് വേണ്ടി സ്വന്തം കിടപ്പാടം വരെ നഷ്ടപ്പെടുത്തിയവരാണ് പ്രദേശ വാസികൾ. ഇതുസംബന്ധിച്ച് നാഷനൽ ഹൈവേ അതോറിറ്റിയുടെ പ്രോജക്ട് ഡയറക്ടറുമായും കരാറുകാരനുമായും നിരവധി തവണ സംസാരിച്ചിരുന്നു. വിഷയം ചർച്ച ചെയ്യാൻ ജില്ല കലക്ടർ 22ന് യോഗം വിളിച്ചിട്ടുണ്ട്.
ടോൾ ഇളവ് തുടരുക എന്നതിനപ്പുറം സമവായത്തിന് പ്രസക്തിയില്ല. ചരിത്രത്തിലാദ്യമായായിരിക്കും തെരുവ് വിളക്കുകൾ പോലും കൃത്യമായി സ്ഥാപിക്കാതെ ഹൈവേക്ക് ടോൾ പിരിക്കുന്നത്. വിഷയത്തിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും ഹൈബി ഈഡൻ വാർത്തകുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.