നഗര റോഡുകളുടെ ശോച്യാവസ്ഥ: കൊച്ചി നഗരസഭക്ക് ഹൈകോടതിയുടെ രൂക്ഷ വിമർശനം
text_fieldsകൊച്ചി: നഗര റോഡുകളുടെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട് കൊച്ചി നഗരസഭക്ക് ഹൈകോടതിയുടെ രൂക്ഷ വിമർശനം. കോടതി നിർദേശംപോലും പാലിക്കാതെ ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താൻ നഗരസഭ സമർപ്പിച്ച റിപ്പോർട്ടിൽ അതൃപ്തി പ്രകടിപ്പിച്ചാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നഗരസഭക്കെതിരെ രൂക്ഷമായി പ്രതികരിച്ചത്. തൃപ്തികരമായ വിശദീകരണം നൽകാൻ നഗരസഭ അഡീഷനൽ സെക്രട്ടറി ഈ മാസം നാലിന് കോടതിയിൽ നേരിട്ട് ഹാജരാകാനും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
കൊച്ചി നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ഹരജിയിൽ അമിക്കസ്ക്യൂറി കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. തകർന്ന നഗര റോഡുകളുടെ ചിത്രമടക്കമാണ് അമിക്കസ്ക്യൂറി നൽകിയത്. റോഡുകൾ തകർന്നതിെൻറ ബാധ്യത ബന്ധപ്പെട്ട നഗരസഭ ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമാണെന്ന് വ്യക്തമാക്കിയ കോടതി ഇവരുടെ വിവരം നൽകാൻ നഗരസഭക്ക് നിർദേശം നൽകിയെങ്കിലും പാലിച്ചില്ല. തുടർന്ന് നഗരസഭ സെക്രട്ടറി ഹാജരാകാൻ ഉത്തരവിട്ടു. സെക്രട്ടറിയുടെ ചുമതലയുള്ള അഡീഷനൽ സെക്രട്ടറിയാണ് ഒക്ടോബർ 22ന് ഹാജരായത്. പിന്നീട് കോടതി നിർദേശപ്രകാരം ഒക്ടോബർ 28ന് അഡീഷനൽ സെക്രട്ടറി നൽകിയ റിപ്പോർട്ടാണ് കോടതിയുടെ രൂക്ഷ വിമർശനത്തിനിടയാക്കിയത്. മതിയായ ഫണ്ട് ലഭിക്കാത്തതും കനത്ത മഴയും വെള്ളക്കെട്ടുമാണ് റോഡുകൾ തകരാൻ കാരണമെന്നായിരുന്നു റിപ്പോർട്ടിൽ. ഇതുവരെ ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ നടപടിയെടുത്തിട്ടില്ലെന്നും വ്യക്തമാക്കി.
നഗരസഭ നൽകിയ മറുപടിയിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി അഡീഷനൽ സെക്രട്ടറിക്ക് എങ്ങനെയാണ് ഇത്തരമൊരു റിപ്പോർട്ട് നൽകാൻ കഴിഞ്ഞതെന്ന് ആരാഞ്ഞു. അറ്റകുറ്റപ്പണി നടത്തി മാസങ്ങൾക്കകം റോഡുകൾ തകർന്നതിനാലാണ് റിപ്പോർട്ട് തേടിയതെങ്കിലും എങ്ങനെയാണ് റോഡുകളുടെ പണി നടത്തിയതെന്നോ സമയക്രമമെന്തെന്നോ റിപ്പോർട്ടിലില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയില്ലെന്നാണ് നഗരസഭയുടെ വിശദീകരണം.
കോടതി ഉത്തരവ് ലംഘിക്കുന്ന ഉദ്യോഗസ്ഥരെ പിന്തുണക്കുന്ന നിലപാടാണ് നഗരസഭയുടേത്. മതിയായ ഫണ്ടില്ലെന്നും പണമില്ലാത്തതിനാൽ കരാറുകാർ ജോലി എടുക്കുന്നില്ലെന്നും നഗരസഭ പറയുന്നു. കാര്യങ്ങളുടെ ഗൗരവം വിശദമാക്കിയിട്ടും നഗരസഭ പരിതാപകരമായ സ്ഥിതിയിൽ തുടരുകയാണ്. റിപ്പോർട്ട് അക്ഷരാർഥത്തിൽ പ്രയോജനരഹിതമായതിനാൽ നടപടി അനിവാര്യമാണെന്നും വ്യക്തമാക്കി. തുടർന്നാണ് അഡീഷനൽ സെക്രട്ടറി ഈ മാസം നാലിന് വീണ്ടും നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടത്.
കാരണം കനത്ത മഴയും വെള്ളക്കെട്ടുമെന്ന്
കൊച്ചി: സമുദ്രനിരപ്പിൽനിന്ന് താഴ്ന്ന റോഡുകളാണ് കൊച്ചിയിലുള്ളതെന്ന് നഗരസഭയുടെ റിപ്പോർട്ടിൽ പറയുന്നു. കനത്ത മഴ, വെള്ളക്കെട്ട് എന്നിവയാണ് റോഡുകൾ തകരാനുള്ള മുഖ്യകാരണം. മൂന്നുവർഷം കൂടുമ്പോൾ അറ്റകുറ്റപ്പണി നടത്തണെമങ്കിലും ഇതിന് മതിയായ ഫണ്ടില്ല. ഡിവിഷൻ തോറും മൂന്നുലക്ഷം രൂപയാണ് ലഭിക്കുക. 500 മുതൽ 550 മീറ്റർ വരെ റോഡിെൻറ അറ്റകുറ്റപ്പണിക്ക് മാത്രമേ ഇത് കഴിയൂ.
പണ്ഡിറ്റ് കറുപ്പൻ റോഡ്, സുഭാഷ് ചന്ദ്രബോസ് റോഡ്, ആലുങ്കൽ റോഡ്, ചളിക്കവട്ടം റോഡ്, തമ്മനം-പുല്ലേപ്പടി റോഡ് (കതൃക്കടവ് ജങ്ഷൻ), രവിപുരം റോഡ്, ഒാൾഡ് തേവര-ഫോർഷോർ റോഡ് എന്നിവ ടാർ ചെയ്തു.
വൈറ്റില-പൊന്നുരുന്നി റോഡ് (പൊന്നുരുന്നി അമ്പലത്തിന് മുൻവശം), വൈറ്റില-പൊന്നുരുന്നി അണ്ടർപാസ് എന്നിവ സി.സി ഇൻറർലോക്കിങ് ചെയ്തു. ജി.സി.ഡി.എ-ഗാന്ധിനഗർ റോഡ്, സലിം രാജൻ റോഡ് എന്നിവയുടെ പൊട്ടിപ്പാളിഞ്ഞ ടാർ പുനഃസ്ഥാപിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.