നഗരത്തിൽ മുള്ളൻ പന്നി; പിടികൂടി കാടുകയറ്റി
text_fieldsകൊച്ചി: നഗരത്തിലെത്തിയ മുള്ളൻ പന്നിയെ അവസാനം പിന്നാലെ ഓടി പിടികൂടി കോടനാട് വനം വകുപ്പ് അനിമൽ റെസ്ക്യു വിഭാഗം കാടുകയറ്റി. എറണാകുളം കോൺവെൻറ് ജങ്ഷനിൽ സെൻറ് തെരേസാസ് കോളജിെൻറ പിന്നിൽനിന്ന് വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് അപൂർവ വിരുന്നുകാരനെ പിടികൂടിയത്.
രാവിലെ ഏഴോടെയാണ് റെസ്ക്യുസംഘത്തിന് മുള്ളൻ പന്നിയെ കണ്ടെന്ന് വിളി വന്നത്. കോൺവെൻറ് ജങ്ഷന് സമീപത്ത് കണ്ട മുള്ളൻ പന്നി ആളനക്കം കേട്ട് ഓടി. പിന്നാലെ പാഞ്ഞാണ് വലയിലാക്കിയത്. തുടർന്ന് കോടനാട് വനം വകുപ്പ് ഓഫിസിലേക്ക് കൊണ്ടുപോയി. ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ തേജസ് കെ. രാജ്, കെ.എം. സിനി, വാച്ചർമാരായ ബെന്നി ദേവസി, എൻ.എസ്. നിർമൽ എന്നിവരാണ് റെസ്ക്യൂ സംഘത്തിൽ ഉണ്ടായിരുന്നത്.
നാലോ അഞ്ചോ വയസ്സുള്ള മുള്ളൻപന്നിക്ക് പത്തുകിലോയോളം ഭാരമുണ്ടെന്ന് ടീംപറഞ്ഞു. മുള്ളൻപന്നി എങ്ങനെ നഗരത്തിൽ എത്തിയെന്നതിൽ വ്യക്തമല്ല. മറ്റ് പ്രദേശങ്ങളിൽനിന്ന് ലോറികളിലൂടെയോ ചെറുപ്രായത്തിൽ പ്രളയത്തിൽ ഒഴുകിയെത്തി നഗരത്തിൽ കൂടിയതോ ആകാമെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.