സോപ്പിട്ട്, മാസ്കിട്ട്, പി.പി.ഇ കിറ്റണിഞ്ഞ് പോസ്റ്റൽ വോട്ടിങ്
text_fieldsകൊച്ചി: പി.പി.ഇ കിറ്റ് ധരിച്ച ഉദ്യോഗസ്ഥർ സുരക്ഷ മുൻകരുതലുകളോെട എത്തുന്നു, മാസ്ക് ധരിച്ച വോട്ടർക്കുനേരെ സമൂഹ അകലം പാലിച്ച് സാനിറ്റൈസർ നീട്ടുന്നു, കൈകൾ വൃത്തിയാക്കിയെന്നുറപ്പിച്ച ശേഷം സ്പെഷല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ഉൾപ്പെടെ നീട്ടി വോട്ടു ചെയ്യാനാവശ്യപ്പെടുന്നു, എല്ലാം പൂർത്തിയായശേഷം അത്രതന്നെ സുരക്ഷയോടെ മടക്കം. ജില്ലയിൽ രണ്ടുദിവസം മുമ്പ് തുടങ്ങിയ പ്രത്യേക പോസ്റ്റൽ വോട്ടിങ്ങിലെ കാഴ്ചകളാണിവ.
കോവിഡ് ബാധിതരുടെയും നിരീക്ഷണത്തിൽ കഴിയുന്നവരുടെയും സ്പെഷൽ വോട്ടെടുപ്പാണ് ജില്ലയിൽ പുരോഗമിക്കുന്നത്. പി.പി.ഇ കിറ്റ് ധരിച്ചാണ് ഉദ്യോഗസ്ഥരെത്തുന്നത്.
എസ്.എം.എസ് ഉണ്ട് കൂട്ടിന്
സ്പെഷൽ വോട്ടിങ്ങിെൻറ തുടക്കനാളുകൾ വോട്ടർമാർക്കും ഉദ്യോഗസ്ഥർക്കും ഒരുപോലെ ആശങ്കയാണ്. ബാലറ്റ് പേപ്പറുകൾ വിതരണം ചെയ്ത് ആവശ്യമായ രേഖകൾ പൂരിപ്പിക്കുന്നതും യഥാവിധം സ്പെഷൽ പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ കൈകാര്യം ചെയ്യുന്നതും മാത്രമല്ല ഉദ്യോഗസ്ഥരുടെ ആശങ്കക്ക് കാരണം, ചരിത്രത്തിലാദ്യമായി പി.പി.ഇ കിറ്റണിഞ്ഞുള്ള പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്. ഒപ്പം, തങ്ങളെ വോട്ടു ചെയ്യാൻ സഹായിക്കാനെത്തുന്നവർക്ക് രോഗബാധയേൽക്കുമോയെന്ന ആശങ്ക വോട്ടർമാരെയും അലട്ടുന്നു. രണ്ടുകൂട്ടരും ഇത് മറികടക്കുന്നത് എസ്.എം.എസ് (സോപ്പ്, മാസ്ക്, സമൂഹ അകലം) എന്ന കോവിഡ് പ്രതിരോധ വിദ്യയിലൂടെയാണ്.
ഉദ്യോഗസ്ഥരുടെയും വോട്ടര്‍മാരുടെയും സുരക്ഷക്കാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് സ്പെഷല്‍ പോസ്റ്റല്‍ വോട്ടിങ് നടത്തുന്നത്. പി.പി.ഇ കിറ്റ് അടക്കമുള്ളവ ഇതിെൻറ ഭാഗമായി ഉദ്യോഗസ്ഥര്‍ക്ക് നല്കി. പോസ്റ്റൽ വോട്ടിങ്ങിന് വോട്ടറുടെ സമീപം എത്തുമ്പോൾ വോട്ടർ മാസ്ക് ധരിച്ചിട്ടുണ്ടെന്നും സമൂഹ അകലം പാലിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ ഉറപ്പുവരുത്തും. സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കിയശേഷം മാത്രമേ രേഖപ്പെടുത്തിയ വോട്ട് കൈമാറു. ഓരോ വീടുകളിലും ഉദ്യോഗസ്ഥർ പുതിയ ൈകയുറകൾ ധരിച്ചുകൊണ്ടായിരിക്കും എത്തുന്നത്. പ്രത്യേകമായി തിരിച്ച ഡബിള്‍ ചേംബര്‍ വാഹനമാണ് ഉദ്യോഗസ്ഥര്‍ക്ക് ക്രമീകരിച്ചത്. ഉപയോഗിച്ച പി.പി. ഇ കിറ്റുകൾ സുരക്ഷിതമായി നിർമാർജനം ചെയ്യുന്നത് പ്രദേശത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിെൻറ സഹായത്തോടുകൂടിയാണ്.
ആദ്യപട്ടികയിൽ 9361 പേർ
കോവിഡ് ബാധിതരുടെയും നിരീക്ഷണത്തിൽ കഴിയുന്നവരുടെയും സർട്ടിഫൈഡ് ലിസ്റ്റ് പ്രകാരം മേഖലകൾ തിരിച്ചാണ് സ്പെഷൽ പോസ്റ്റൽ വോട്ടിങ് ഉദ്യോഗസ്ഥർ നിർവഹിച്ചത്. ജില്ലയിലെ ആദ്യ സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ 9361 പേരാണ് ഉള്‍പ്പെട്ടത്. 3622 പേര് കോവിഡ് സ്ഥിരീകരിച്ചവരും 5739 പേര് നിരീക്ഷണത്തില്‍ കഴിയുന്നവരുമാണ്. തെരഞ്ഞെടുപ്പിന് തലേദിവസം വരെ പിന്നീടുള്ള ഓരോ ദിവസവും പട്ടിക പരിഷ്കരിക്കും. ജില്ലയിൽ ഈ മാസം ഒമ്പതിന് വൈകീട്ട് മൂന്നുവരെ സർട്ടിഫൈഡ് ലിസ്റ്റിൽ ഉൾപ്പെടുന്നവർക്ക് പോസ്റ്റൽ വോട്ടിങ് അനുവദിക്കും. സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താന്‍ അനുമതി ലഭിക്കില്ല.
സൂക്ഷിക്കുന്നത് പ്രത്യേക പെട്ടിയിൽ
സ്പെഷല്‍ പോളിങ് ഓഫിസര്‍, പോളിങ് അസിസ്റ്റൻറ് എന്നിവരടങ്ങിയ സംഘമാണ് വോട്ടറുടെ അടുക്കല്‍ നേരിട്ടെത്തി സ്പെഷല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ഉള്‍പ്പെടെ കൈമാറുന്നത്. വോട്ടുെചയ്യാൻ താൽപര്യമില്ലെങ്കിൽ അത് രേഖപ്പെടുത്തും. രേഖപ്പെടുത്തിയ വോട്ടുകൾ ഒരു കവറിലും ആവശ്യമായ രേഖകൾ മറ്റൊരു കവറിലുമിട്ട് ഒട്ടിച്ചശേഷം ഉദ്യോഗസ്ഥർക്ക് കൈമാറും. ബ്ലോക്ക് പഞ്ചായത്തുതലത്തിലും മുനിസിപ്പാലിറ്റി, കോർപറേഷൻ തലങ്ങളിലുമാണ് വോട്ടിങ് ക്രമീകരിക്കുന്നത്.
വോട്ട് രേഖപ്പെടുത്തിയശേഷം തിരിച്ചേല്പിക്കുന്ന ബാലറ്റുകള്‍ ഉദ്യോഗസ്ഥർ വരണാധികാരികള്‍ക്ക് കൈമാറും. പ്രത്യേകമായി തയാറാക്കിയ ബോക്സില്‍ ആയിരിക്കും പോസ്റ്റല്‍ വോട്ടുകള്‍ നിക്ഷേപിക്കുക. പോസ്റ്റല്‍ വോട്ടിങ്ങിന് ഉദ്യോഗസ്ഥര്‍ എത്തുന്നവിവരം വോട്ടറെയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാർഥികളെയും മുന്‍കൂറായി അറിയിക്കാനും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.