വൈദ്യുതി പ്രതിസന്ധി രൂക്ഷം; എന്നിട്ടും ബ്രഹ്മപുരം നിലയം അടഞ്ഞുതന്നെ
text_fieldsകരിമുകൾ: സംസ്ഥാനത്ത് മഴ കുറയുകയും വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുകയും ചെയ്തിട്ടും പ്രതിസന്ധി മറികടക്കാന്‍ ആശ്രയിക്കാവുന്ന ബ്രഹ്മപുരം താപവൈദ്യുതി നിലയത്തോട് അവഗണന.
100 മെഗാവാട്ട് ശേഷിയുള്ള ബ്രഹ്മപുരം നിലയം 2020 ജൂണ്‍ മുതല്‍ പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണ്. അഞ്ച് ജനറേറ്ററില്‍ മൂന്നെണ്ണം ഇപ്പോഴും പ്രവര്‍ത്തന സജ്ജമാണ്. എന്നാല്‍, വൈദ്യുതി ഉൽപാദിപ്പിക്കാന് കെ.എസ്.ഇ.ബി തയാറല്ല. ബ്രഹ്മപുരത്ത് ചെലവ് കൂടുതലാണെ ന്ന് പറയുന്ന ബോര്‍ഡ് അതിലേറെ വിലകൊടുത്ത് വൈദ്യുതി വാങ്ങുന്നുണ്ട്.
ബ്രഹ്മപുരത്ത് 60 മെഗാവാട്ട് വരെ വൈദ്യുതി ഉൽപാദിപ്പിക്കാം. ക്രൂഡ് പെട്രോളിയത്തില്‍നിന്നുള്ള ഉൽപന്നമായ ലോ സള്‍ഫര്‍ ഹെവി സ്റ്റോക്ക് (എല്‍.എസ്.എച്ച്.എസ്) ഇന്ധനമായി ഉപയോഗിക്കുന്ന ഇവിടെ ഒരു യൂനിറ്റ് ഉല്പാദിപ്പിക്കാൻ എട്ടുരൂപയില്‍ താഴെയേ ചെലവ് വരൂ. എല്‍.എസ്.എച്ച്.എസ് കൊച്ചി റിഫൈനറിയില്‍നിന്ന് ലഭിക്കുമെന്നതിനാല്‍ ക്ഷാമമുണ്ടാകില്ല. പ്രതിസന്ധി രൂക്ഷമായതോടെ പുറത്തുനിന്ന് യൂനിറ്റിന് 15 രൂപയോ അതിലധികമോ വില നൽകി വാങ്ങിയാണ് ബോർഡ് ഉപഭോക്താക്കൾക്ക് നൽകുന്നത്.
ബ്രഹ്മപുരം, നല്ലളം, കായംകുളം തുടങ്ങിയ നിലയങ്ങളിൽനിന്ന് ഇതിനെക്കാള്‍ കുറഞ്ഞവിലയ്ക്ക് വൈദ്യുതി ഉൽപാദിപ്പിക്കാനാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.നഷ്ടമെന്ന് പ്രചരിപ്പിച്ച് കോടികള്‍ വിലമതിക്കുന്നതും നന്നായി പ്രവര്‍ത്തിക്കുന്നതുമായ യന്ത്രഭാഗങ്ങള്‍ നിസ്സാര വിലയ്ക്ക് വിറ്റഴിക്കാനുള്ള നീക്കമാണ് ബ്രഹ്മപുരത്ത് നടക്കുന്നതെന്നാണ് ആരോപണം.
കൂടാതെ, പ്ലാന്റ് സ്ഥിതി ചെയ്യുന്ന കോടികള്‍ വിലമതിക്കുന്ന 100 ഏക്കറിലധികം സ്ഥലം സ്വകാര്യ കുത്തകക്ക് കൈമാറാന്‍ രഹസ്യനീക്കമുള്ളതായും ആരോപണമുണ്ട്. പ്ലാൻറില്‍ അന്തരീക്ഷ മലിനീകരണം പരിശോധിക്കാൻ ഒരു കോടി രൂപ മുടക്കി കമ്പ്യൂട്ടര്‍ അധിഷ്ഠിത യന്ത്രഭാഗങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. നിലയം പ്രവർത്തനം നിലച്ചതോടെ ജീവനക്കാരെ ബോർഡിന്റെ മറ്റ് ഓഫിസുകളിലേക്ക് മാറ്റി.
ചെറിയ അറ്റകുറ്റപ്പണി നടത്തിയാൽ പൂർണതോതിൽ ഉൽപാദനം നടത്താമെന്നിരിക്കെയാണ് ബോർഡ് ബ്രഹ്മപുരം നിലയത്തെ അവഗണിക്കുന്നത്. 1997ല്‍ 450 കോടി മുടക്കിയാണ് നിലയം സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.