മൂവാറ്റുപുഴ മണ്ഡലത്തിൽ 'ഓക്സിജൻ ഗ്രാമങ്ങളിലേക്ക്' പദ്ധതി
text_fieldsമൂവാറ്റുപുഴ: മൂവാറ്റുപുഴ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും നഗരസഭയിലും കോവിഡ് പ്രതിരോധത്തിന് 'ഓക്സിജൻ ഗ്രാമങ്ങളിലേക്ക്' പദ്ധതി നടപ്പാക്കുമെന്ന് മാത്യു കുഴല്നാടന് എം.എല്‍.എ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോവിഡ് പ്രതിരോധത്തിന് കേന്ദ്രീകൃത ഓക്സിജന്‍ സംവിധാനം ഓരോ ബെഡുകള്‍ക്ക് അരികിലേക്കും എത്തിക്കുന്നതാണ് പദ്ധതി. മുഴുവന്‍ ഗ്രാമങ്ങളിലും ഇതിെൻറ പ്രവര്‍ത്തനം ഉടന്‍ പൂർത്തിയാകും. ആദ്യ രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തിയായി. നിലവില്‍ 362 ഓക്സിജന്‍ ബെഡുകള്‍ ഒരുക്കി. ഇതില്‍ 87 എണ്ണം സര്‍ക്കാര്‍ ആശുപത്രികളിലും 66 എണ്ണം ഗ്രാമീണ മേഖലകളിലെ വിവിധ കേന്ദ്രങ്ങളിലും സജ്ജമാക്കി.
ബാക്കി 209 എണ്ണം ഉടന്‍ പൂര്‍ത്തിയാകുമെന്നും എം.എല്‍.എ പറഞ്ഞു. താലൂക്ക് ആശുപത്രിയില്‍ 28 വെൻറിലേറ്ററുകള്‍ അനുവദിച്ചു. ഇതില്‍ 21 എണ്ണം പൂര്‍ത്തിയായി. ഏെഴണ്ണത്തിെൻറ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കും. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 125 ഓക്സിജന്‍ ബെഡുകളുടെ നിർമാണ പ്രവർത്തനങ്ങൾ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ പൂര്‍ത്തിയായിവരുകയാണ്.
ലൈന്‍ വലിക്കുന്നതടക്കമുള്ള ജോലികൾ നടക്കുന്നു. ഇതിനുപുറമെ മൂന്നാം തരംഗം മുന്നിൽകണ്ട് ഇത് പ്രതിരോധിക്കാന്‍ ഇരുനൂറോളം ഓക്സിജന്‍ ബെഡുകളുടെ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഏതുസമയവും ഇവ പ്രവർത്തനസജ്ജമാക്കുമെന്നും എം.എല്‍.എ പറഞ്ഞു.
പുതുതായി മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ 23 ഡി ടൈപ് ഓക്സിജന്‍ സിലിണ്ടറും 99 ഓക്സിജന്‍ ബെഡുകളും 51 ഓക്സിജന്‍ കോണ്സെൻട്രേറ്ററും അനുവദിച്ചതായും എം.എല്‍.എ പറഞ്ഞു. താലൂക്ക് ആശുപത്രിയില്‍ 10 ഓക്സിജന്‍ ബെഡ് മാത്രമാണ് ഉണ്ടായിരുന്നത്. സ്വകാര്യ മേഖലയില്‍ അഞ്ചില്‍ താഴെയും. മുമ്പ് രണ്ട് വെൻറിലേറ്റര്‍ ഉണ്ടായിരുന്ന ഇവിടെ പുതുതായി 28 വെൻറിലേറ്റര്‍ സ്ഥാപിച്ചു.
കേന്ദ്രസര്‍ക്കാറില്‍നിന്ന് അനുവദിച്ച ഓക്സിജന്‍ പ്ലാൻറിെൻറ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകും. ഡി സെൻട്രലൈസ് വെൻറിലേറ്റര്‍ സ്ഥാപിക്കുന്ന ആദ്യ മണ്ഡലമാണ് മൂവാറ്റുപുഴയെന്നും കുഴൽനാടൻ പറഞ്ഞു.
ജില്ല പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തുകളും മൂവാറ്റുപുഴ നഗരസഭയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ്, നഗരസഭ ചെയര്മാന് പി.പി. എല്‍ദോസ്, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.എ.എം. ബഷീര്‍, പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എന്‍.എം. ജോസഫ്, കല്ലൂര്‍ക്കാട് പഞ്ചായത്ത് പ്രസിഡൻറ് ജോര്‍ജ് ഫ്രാന്‍സീസ് തെക്കേക്കര, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ റാണിക്കുട്ടി ജോര്‍ജ് എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.