ജല അതോറിറ്റി നഗരസഭയോട് .... ശേഷിയേറിയ പമ്പ് തരൂ; വെള്ളം തരാം
text_fieldsമട്ടാഞ്ചേരി: അധികമായി വെള്ളം വേണോ? എന്നാൽ ശക്തിയാർന്ന പമ്പ് തരൂ എന്നാണ് കൊച്ചി കോർപറേഷനോട് ജല അതോറിറ്റി ആവശ്യപ്പെടുന്നത്.മരട് ജലവിതരണ കേന്ദ്രത്തിലേക്ക് പിറവത്തുനിന്ന് കൂടുതൽ വെള്ളമെത്തിക്കാനാണ് ജല അതോറിറ്റി പമ്പ് ആവശ്യപ്പെടുന്നത്. അമൃത് പദ്ധതിയിൽപെടുത്തി പമ്പ് അനുവദിക്കണമെന്നാണ് അതോറിറ്റി അധികൃതർ ആവശ്യപ്പെടുന്നത്. 20-25 ലക്ഷം രൂപയാണിതിന് ചെലവ് പ്രതീക്ഷിക്കുന്നത്. മൂവാറ്റുപുഴയാറിൽനിന്നുമാണ് മരട് ജല ശുദ്ധീകരണ പ്ലാന്‍റിലേക്ക് ജലമെത്തുന്നത്.
നിലവിൽ പിറവം പാഴൂരിൽനിന്നും മരട് പ്ലാൻറിലേക്ക് ജലവിതരണം നടത്തുന്നത് 804 കുതിര ശക്തിയുള്ള പമ്പ് ഉപയോഗിച്ചാണ്. 110 ദശലക്ഷം കിലോലിറ്റർ ശേഷിയുള്ള മരട് പ്ലാന്‍റിൽ 86 ദശലക്ഷം കിലോ ലിറ്റർ വെള്ളം മാത്രമേ ശുദ്ധീകരിക്കാനും വിതരണം ചെയ്യാനും കഴിയുന്നുള്ളൂ.
ഉയർന്ന കുതിരശക്തിയും ശേഷിയുമുള്ള പമ്പ് പിറവത്ത് സ്ഥാപിച്ചാൽ മരട് പ്ലാന്‍റിെൻറ ശുദ്ധീകരണശേഷി പൂർണമായും പ്രയോജനപ്പെടുത്താനും നിലവിലുള്ളതിനെക്കാൾ പതിന്മടങ്ങ് വെള്ളം വിതരണം ചെയ്യാനും കഴിയുമെന്നുമാണ് അതോറിറ്റി അധികൃതർ അവകാശപ്പെടുന്നത്. നഗരസഭയിലെ തേവര, പശ്ചിമ കൊച്ചി, ചെല്ലാനം, കുമ്പളങ്ങി, കുമ്പളം പഞ്ചായത്തുകൾ, തമ്മനം എന്നിവിടങ്ങളിൽ മരട് പ്ലാന്‍റിൽനിന്നാണ് ജലവിതരണം നടക്കുന്നത്.
വേനൽ തുടങ്ങിയതോടെ കുടിവെള്ളക്ഷാമം നേരിടുകയാണ് ഈ പ്രദേശങ്ങൾ. ആലുവ പ്ലാന്‍റിൽനിന്നും മരട് പ്ലാന്‍റിൽനിന്നുമാണ് നഗര മേഖലകളിൽ കുടിവെള്ള വിതരണം നടക്കുന്നത്. വേനൽ കനക്കുന്നതോടെ കുടിവെള്ളക്ഷാമം രൂക്ഷമാകും. അതിന് മുമ്പുതന്നെ പമ്പിങ് സംവിധാനം കാര്യക്ഷമമാക്കാനും പ്ലാൻറിെൻറ ശേഷി വർധിപ്പിക്കാനും കഴിഞ്ഞാൽ ജനങ്ങൾക്ക് ആശ്വാസമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.