ആശങ്കക്ക് അറുതി; നാട്ടുകാരുടെ കരുതലിൽ രാധക്കും കിച്ചുവിനും ഇന്നു പാലുകാച്ചൽ
text_fieldsകൊച്ചി: തീരദേശനിയമം ലംഘിച്ച് നിർമിച്ച മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്ന വേളയിൽ, അതിൽപെട്ട നെട്ടൂർ ആൽഫ ഫ്ലാറ്റിനരികിൽ കാടുപിടിച്ചും നിലംപൊത്താറായും കിടന്ന വീട്ടിൽ കഴിഞ്ഞിരുന്ന നികർത്തിൽ രാധയെ ഓർമയില്ലേ? ആ വീടിെൻറ സ്ഥാനത്തൊരുങ്ങിയ സുന്ദരമായ കൊച്ചുവീട്ടിൽ രാധക്കും സഹോദരൻ ബൈജുവിനും ഇവരുടെ വളർത്തുനായ് കിച്ചുവിനും ഇനി സമാധാനത്തോടെ തലചായ്ക്കാം.
കൗൺസിലറായ ദിഷ പ്രതാപെൻറ നേതൃത്വത്തിൽ നാട്ടുകാരും സുമനസ്സുകളും ചേർന്നാണ് 'രാധക്കൊരു ഭവനം' എന്ന പേരിൽ വീടൊരുക്കിയത്. ഞായറാഴ്ച വീടിെൻറ പാലുകാച്ചലും താക്കോൽദാനവും നടക്കും. ഫ്ലാറ്റ് പൊളിക്കലിെൻറ ഒരുക്കം മുന്നേറുന്നതിനിടെ ആൽഫയിൽനിന്ന് 50 മീറ്റർപോലും ദൂരമില്ലാത്ത, അടച്ചുറപ്പില്ലാത്ത വീട്ടിൽ കഴിയുന്ന ആരോരുമില്ലാത്ത രണ്ടു സഹോദരങ്ങളുടെ ജീവിതം 'മാധ്യമം' വാർത്തയാക്കിയിരുന്നു. ഇതിനു പിന്നാലെ, ഫ്ലാറ്റ് തകർക്കലിനുശേഷം നാട്ടുകാർ ചേർന്ന് രാധക്ക് വീട് നിർമിക്കാൻ ഒരുങ്ങിയിറങ്ങി. ജനുവരി 11ന് ആൽഫ പൊളിക്കുമ്പോൾ രാധ വാടകവീട്ടിലായിരുന്നു. ആ മാസം 30നുതന്നെ വീട് നിർമാണവും തുടങ്ങി.
ആഴ്ചകൾക്കകം പൂർത്തിയാക്കാമെന്നായിരുന്നു ലക്ഷ്യമെങ്കിലും ലോക്ഡൗൺ മൂലം നീണ്ടു. പഴയ വീട് പൊളിച്ച് അവിടെ രണ്ടുമുറിയും ഹാളും അടുക്കളയും ശുചിമുറിയും ചെറിയ സിറ്റൗട്ടുമുള്ള കോൺക്രീറ്റ് വീടാണ് ഇവർക്കായി ഒരുങ്ങിയത്. പണം കൂടാതെ നിർമാണ സാമഗ്രികളും ചിലർ സംഭാവന നൽകിയിരുന്നു. ചില വ്യക്തികളും സ്ഥാപനങ്ങളും സൗജന്യമായി നിർമാണജോലി ചെയ്ത് സഹകരിച്ചു. പുതിയ വീടായതോടെ ഏറെ സമാധാനവും സന്തോഷവുമുണ്ടെന്ന് രാധ 'മാധ്യമ'ത്തോട് പറഞ്ഞു. ഞായറാഴ്ച രാവിലെ 11.55ന് നടക്കുന്ന ചടങ്ങിൽ മരട് നഗരസഭ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷകൂടിയായ ദിഷ പ്രതാപൻ താക്കോൽ കൈമാറും. വീടിനു തറക്കല്ലിട്ട കെ.സി. പരമേശ്വരൻ, കരാറുകാരൻ സേവ്യർ ചക്കാലക്കൽ എന്നിവരെ ആദരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.