മഴ; ജാഗ്രത തുടർന്ന് ജില്ല
text_fieldsകൊച്ചി: കഴിഞ്ഞദിവസങ്ങളെ അപേക്ഷിച്ച് മഴയിൽ കുറവുണ്ടായെങ്കിലും ജാഗ്രത തുടരുകയാണ് ജില്ല. ശക്തമായ മഴയിൽ ഉയർന്ന പെരിയാറിലെ ജലനിരപ്പ് നിലവിൽ താഴ്ന്നുകൊണ്ടിരിക്കുകയാണ്.അതേസമയം, മുവാറ്റുപുഴയിൽ വൈകീട്ട് വരെ ജലനിരപ്പ് ഉയരുന്ന നിലയായിരുന്നു. രാത്രിയോടെ നേരിയതോതിൽ ജലനിരപ്പ് കുറഞ്ഞെങ്കിലും കാര്യമായ മാറ്റമുണ്ടായിട്ടില്ല.
മാർത്താണ്ഡവർമ പാലം, മംഗലപ്പുഴ, കാലടി എന്നിവിടങ്ങളിൽ ജലനിരപ്പ് താഴ്ന്നു. പെരിയാറിൽ മാർത്താണ്ഡവർമ പാലത്തിന് സമീപത്ത് 2.50 മീറ്ററാണ് പ്രളയ മുന്നറിയിപ്പ് പരിധി. ബുധനാഴ്ച വൈകീട്ട് ഇവിടുത്തെ ജലനിരപ്പ് 1.925 മീറ്ററായിരുന്നു.മംഗലപ്പുഴയിൽ പ്രളയസാധ്യത ജലനിരപ്പ് 3.30 മീറ്ററാണ്. 1.74 മീറ്ററാണ് ഇവിടെ ബുധനാഴ്ച രേഖപ്പെടുത്തിയ ജലനിരപ്പ്.കാലടിയിൽ 5.50 മീറ്റർ ജലനിരപ്പ് എത്തുമ്പോഴാണ് പ്രളയസാധ്യത മുന്നറിയിപ്പ് നൽകുന്നത്.
ഇവിടെ 3.535 മീറ്ററാണ് രേഖപ്പെടുത്തിയത്. ജലനിരപ്പ് താഴുന്ന നിലയിലായതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നാണ് അധികൃതർ പറയുന്നത്. രാത്രിയിലെ കണക്കുകൾ പ്രകാരം, മൂവാറ്റുപുഴയിലെ തൊടുപുഴയാർ റിവർ ഗേജ് സ്റ്റേഷനിൽ 10.96 മീറ്ററായിരുന്നു ജലനിരപ്പ്. കാളിയാർ പുഴയുടെ മൂവാറ്റുപുഴ കാലാമ്പൂരിലെ റിവർഗേജ് സ്റ്റേഷനിൽ 12.09 മീറ്റർ ജലനിരപ്പാണ് അടയാളപ്പെടുത്തിയത്.
കക്കടാശ്ശേരിയിലെ കോതമംഗലം റിവർഗേജിൽ 11.625 മീറ്ററായിരുന്നു ബുധനാഴ്ചത്തെ ജലനിരപ്പ്. കച്ചേരിത്താഴത്തെ മൂവാറ്റുപുഴയാർ ഗേജ് സ്റ്റേഷനിൽ 11.215 മീറ്റർ ജലനിരപ്പും രേഖപ്പെടുത്തി. ഇവിടെ പ്രളയസാധ്യത മുന്നറിയിപ്പ് പരിധിയായ 10.015 മീറ്ററിനെക്കാളും ഉയരത്തിലാണ് ബുധനാഴ്ച ജലനിരപ്പുണ്ടായിരുന്നത്. ഭൂതത്താൻകെട്ട് അണക്കെട്ടിലെ 15 ഷട്ടറുകളും തുറന്നിരിക്കുകയാണ്. 27.80മീറ്ററാണ് ഇവിടുത്തെ നിലവിലെ ജലനിരപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.