മഴക്കെടുതി; തുരുത്തിൽ നശിച്ചത് ഹെക്ടർ കണക്കിന് ഭാഗത്തെ കൃഷികൾ
text_fieldsചെങ്ങമനാട് പഞ്ചായത്തിലെ ഗാന്ധിപുരം 12ാം വാർഡിലെ തുരുത്ത് പ്രദേശത്ത് വെള്ളപ്പൊക്കത്തെ തുടർന്ന് വെള്ളത്തിലായ മരച്ചീനി കൃഷി
ചെങ്ങമനാട്: മേഖലയിൽ മഴക്കെടുതിയിൽ നശിച്ചത് ഹെക്ടർ കണക്കിന് കൃഷിയിടങ്ങൾ. ഗാന്ധിപുരം 12ാം വാർഡ് തുരുത്ത് പ്രദേശത്ത് വ്യാപകമായി കൃഷി നശിച്ചു. സ്വന്തം കൃഷിയിടങ്ങളിലും പാട്ടത്തിനെടുത്ത ഇടങ്ങളിലും കൃഷി ചെയ്തുവരുന്ന പരമ്പരാഗത കർഷകരാണ് കൂടുതൽ ദുരിതത്തിലായത്. പെരിയാറിന്റെ കൈവഴികളാൽ ചുറ്റപ്പെട്ട തുരുത്തിൽ മഴക്കാലത്ത് തൂമ്പാത്തുരുത്തിലെ കുണ്ടൂർ കനാൽവഴി വെള്ളമെത്തിയാണ് ദുരിതം വിതക്കുന്നത്. കുണ്ടൂർ കനാൽ നവീകരിക്കണമെന്നും തൂമ്പാത്തോട്ടിൽനിന്ന് കനാൽ വഴി കൃഷിയിടങ്ങളിലും പറമ്പുകളിലും വെള്ളമൊഴുകിയെത്തുന്ന അവസ്ഥക്ക് ശാശ്വത പരിഹാരം കാണണമെന്നുമാണ് കർഷകരുടെ ആവശ്യം. ഇതിനായി സർക്കാർ ആവിഷ്കരിച്ച പദ്ധതി ഫണ്ടിന്റെ അഭാവം മൂലം നടപ്പായിട്ടില്ലെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, കുണ്ടൂർ കനാൽ പ്രശ്നം മുഖ്യമന്ത്രി അടക്കമുള്ളവരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുള്ളതാണെങ്കിലും പദ്ധതി നടപ്പാക്കാത്തത് തുരുത്തുവാസികളോടുള്ള അവഗണനയാണെന്നും ഇതിനെതിരെ സമരപരിപാടികൾ ആവിഷ്കരിക്കുമെന്നും വാർഡ് അംഗം നഹാസ് കളപ്പുരയിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.