വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി ഒളിവിൽ, അന്വേഷണം ഇഴയുന്നു
text_fieldsആലങ്ങാട്: വിവാഹ വാഗ്ദാനം നൽകി വീട്ടമ്മയായ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ സി.പി.ഐ നേതാവ് ഒളിവിൽ. നീറിക്കോട് മനേലി പൊക്കത്ത് വാടകക്ക് താമസിക്കുന്ന സി.പി.ഐ ആലങ്ങാട് ലോക്കൽ കമ്മിറ്റി അസി. സെക്രട്ടറിയായിരുന്ന ഷാൻജി അഗസ്റ്റി (ഷാജി - 47) നാണ് ഒളിവിൽ പോയത്.
കഴിഞ്ഞ ഞായറാഴ്ച്ചയാണ് വിവാഹിതയും നാല് കുട്ടികളുടെ അമ്മയുമായ യുവതി പീഡനം ആരോപിച്ച് ആലുവ (ആലങ്ങാട്) വെസ്റ്റ് പൊലീസിൽ പരാതി നൽകിയത്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തുവെങ്കിലും ഭരണകക്ഷിയായ സി.പി.ഐ നേതൃത്വത്തിന്റെ ഇടപ്പെടലിനെ തുടർന്ന് പൊലീസ് അന്വേഷണവും അറസ്റ്റും വൈകിപ്പിക്കുകയാെണന്നാണ് ആരോപണം.
കഴിഞ്ഞ ദിവസം പൊലീസ് പ്രതിയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയെങ്കിലും സി.പി.ഐയുടെ ഉന്നത നേതാക്കൾ സ്റ്റേഷനിലെത്തി പൊലീസുമായി നടത്തിയ രഹസ്യ ചർച്ചയെ തുടർന്ന് പ്രതിയെ സ്റ്റേഷനിൽനിന്നും പറഞ്ഞയക്കുകയായിരുന്നു. ജില്ല പഞ്ചായത്ത് അംഗവും മറ്റൊരു ജനപ്രതിനിധിയും സ്റ്റേഷനിൽ നേരിട്ട് എത്തിയാണ് പ്രതിയെ രക്ഷിച്ചതെന്നാണ് വിവരം.
പല തവണയായി ഒരു ലക്ഷത്തോളം രൂപ യുവതിയിൽ നിന്നും ഇയാൾ വാങ്ങിയതായും മൊഴിയിലുണ്ട്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച കാറിൽ സഞ്ചരിക്കുന്നതിനിടയിൽ കൈയിൽ കടിക്കുകയും കഴുത്തിൽ ഷാളിട്ട് മുറുക്കി അപായപ്പെടുത്താൻ ശ്രമിച്ചതായും യുവതി പറയുന്നു. എന്നാൽ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും സൂചനയുണ്ട്. ഈ വിവരം പ്രഥമ വിവര റിപ്പോർട്ടിൽ കാണിച്ചട്ടില്ല.
കണ്ണൂർ ഇരിട്ടി സ്വദേശിയായ ഷാൻജി അഗസ്റ്റിൻ 2020ൽ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി ആലങ്ങാട് പഞ്ചായത്തിലെ രണ്ടാം വാർഡിൽ മത്സരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.