ദുരിതക്കയത്തിൽ കോഴിക്കിരി നിവാസികൾ; ‘ഇവിടെക്കിടന്ന് മരിച്ചാലും ഞങ്ങൾ ക്യാമ്പിലേക്ക് പോകില്ല’
text_fieldsഉദയംപേരൂർ: ‘‘ഇവിടെക്കിടന്ന് മരിച്ചാലും ഞങ്ങൾ ക്യാമ്പിലേക്ക് പോകില്ല’’ -ഉദയംപേരൂർ പഞ്ചായത്തിലെ തെക്കൻ പറവൂർ കോഴിക്കിരി പ്രദേശത്ത് താമസിക്കുന്ന കുട്ടപ്പൻ പറഞ്ഞു.
‘‘ഒമ്പത് ദിവസമായി വെള്ളക്കെട്ടിലാണ് കഴിയുന്നത്. റോഡിലേക്ക് വെള്ളം കയറിയപ്പോൾതന്നെ ബന്ധപ്പെട്ട അധികാരികളെ വിവരമറിയിച്ചതാണ്. എന്നാൽ, ഒരു നടപടിയും സ്വീകരിച്ചില്ല. കോണോത്ത് പുഴയിലെ ബണ്ട് പൊളിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ.
വർഷങ്ങളായി ദുരിതമനുഭവിക്കാൻ തുടങ്ങിയിട്ട്. ക്യാമ്പിലേക്ക് പോയാൽ ഞങ്ങളുടെ മൃഗങ്ങളെല്ലാം ഇവിടെക്കിടന്ന് ചത്തുപോകും.
അവരും ജീവികളല്ലേ. കഴിഞ്ഞ കൊല്ലം ക്യാമ്പിൽ പോയി വന്നപ്പോൾ 40 കോഴികളാണ് ചത്തതെന്നും കുട്ടപ്പൻ പറഞ്ഞു. കിടപ്പിലായ അമ്മയുണ്ട്. ഇതൊരു ഹരിജൻ കോളനിയായതുകൊണ്ടാണ് അധികൃതർ ഇങ്ങനെ ചെയ്യുന്നതെന്ന് സാബു പറഞ്ഞു. അടുക്കളയിൽവരെ വെള്ളം കയറി. അഴുക്കുവെള്ളത്തിൽനിന്നാണ് ഭക്ഷണം പാകം ചെയ്യുന്നത്. ഞങ്ങളുടെ ജീവിതം ദുരിതത്തിലാണ്’’ -സാബു കൂട്ടിച്ചേർത്തു.
മഴപ്പേടിയിൽ വീടുകൾ ശുചീകരിക്കാൻ മടിച്ച് കുടുംബങ്ങൾ; ശുചീകരണത്തിനെത്തിയ ഏജൻസിയുടെ വാഹനംവരെ വെള്ളത്തിലായി
കളമശ്ശേരി: അപ്രതീക്ഷിതമായി രണ്ടുദിവസം പെയ്ത കനത്ത മഴയുടെ ആഘാതത്തിൽ വീടുകൾ ശുചീകരിക്കാൻ മടിച്ച് കുടുംബങ്ങൾ. കളമശ്ശേരി നഗരസഭ പ്രദേശങ്ങളിലെ കനത്ത വെള്ളക്കെട്ടനുഭവിച്ച കുടുംബങ്ങളാണ് വീണ്ടും മഴയെത്തുമെന്ന് പേടിച്ച് ശുചീകരിക്കാൻ മടിച്ചുനിൽക്കുന്നത്. ചൊവ്വാഴ്ച രാവിലെയുണ്ടായ മഴയിൽ നഗരസഭ പ്രദേശത്ത് അറുന്നൂറോളം വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറിയിരുന്നു.
മഴ ശമിച്ച് വെള്ളം ഇറങ്ങിയപ്പോൾ കുടുംബങ്ങൾ വീട് ശുചീകരണം ആരംഭിച്ചു. അന്ത്യഘട്ടത്തിലേക്ക് അടുത്ത സമയത്താണ് ബുധനാഴ്ച വൈകീട്ട് മൂന്നരയോടെ ശക്തമായ മഴയും വെള്ളപ്പാച്ചിലും എത്തിയത്. ഇതോടെ ശുചീകരണങ്ങൾ എല്ലാം പാഴ്വേലയായി. ശുചീകരണത്തിനെത്തിയ ഏജൻസിയുടെ വാഹനംവരെ വെള്ളത്തിലായി. വെള്ളം കയറുമോ എന്നുള്ള ഭീതിയിൽ കുടുംബങ്ങൾ പലരും ബന്ധുവീടുകളിലേക്ക് മാറിയിരിക്കുകയാണ്.
വെള്ളക്കെട്ടിൽ നാശനഷ്ടങ്ങൾ കൂടാതെ കുടിവെള്ള ലഭ്യതയെയും സാരമായി ബാധിച്ചിരിക്കുകയാണ്.
പോട്ടച്ചാൽ പ്രദേശത്തെ തോട്ടിലെ ഒഴുക്കിന് തടസ്സമായി മതിലിടിഞ്ഞ് വീണത് ശ്രദ്ധയിൽപെട്ടയുടൻ കൗൺസിലർ മനോജ്, മുൻ കൗൺസിലർ വഹാബ് എന്നിവരും പ്രദേശത്തുകാരും ചേർന്ന് തടസ്സംമാറ്റി ഒഴുക്ക് സുഗമമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.