മുന്നറിയിപ്പ് ബോർഡെങ്കിലും സ്ഥാപിച്ചുകൂടെ...?
text_fieldsകിഴക്കമ്പലം: കിഴക്കമ്പലം പുക്കാട്ടുപടി റോഡിൽ അപകടങ്ങൾ പെരുകുമ്പോഴും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തതിൽ വ്യാപക പ്രതിഷേധം. ഒരാഴ്ചക്കുള്ളിൽ രണ്ട് അപകടങ്ങളാണ് നടന്നത്. അതിൽ ഒരാൾ മരിക്കുകയും ഒരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലുമാണ്.
നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡിൽ അപകടങ്ങൾ പെരുകുമ്പോഴും മുന്നറിയിപ്പ് ബോർഡ് പോലും സ്ഥാപിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. ദിനംപ്രതി നിരവധി അപകടങ്ങളാണ് റോഡിൽ നടക്കുന്നത്. അപകടത്തിൽ പെടുന്നതിലധികവും ഇരുചക്ര വാഹന യാത്രികരോ കാൽ നടയാത്രികരോ ആണ്. റോഡിലെ വളവും അശാസ്ത്രീയ നിർമാണവുമാണ് അപകട കാരണം.
കഴിഞ്ഞ മൂന്ന് വർഷത്തിനകം അപകടത്തിൽ നിരവധി പേരാണ് മരിച്ചത്. ബി.എം.ബി.സി നിലവാരത്തിലുള്ള റോഡായതിനാൽ വാഹനങ്ങൾ അമിത വേഗതയിലാണ് പോകുന്നത്. വളവുകളിൽ പാഞ്ഞെത്തുന്ന വാഹനങ്ങളെ എതിർ ദിശയിൽ നിന്നെത്തുന്ന വാഹനങ്ങൾക്ക് കാണാൻ കഴിയില്ല. മാത്രമല്ല അമിത വേഗതയിൽ വളവുകൾ തിരിയുമ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട വാഹനങ്ങൾ എതിർ ദിശയിലെ വാഹനങ്ങൾക്ക് ഭീഷണിയാകുന്നതും പതിവാണ്. ഏത് സമയവും തിരക്ക് അനുഭവപ്പെടുന്ന റോഡിൽ വഴിയാത്രക്കാർക്കും സ്കൂൾ കുട്ടികൾക്കും റോഡ് മുറിച്ചു കടക്കാൻ പറ്റാത്ത അവസ്ഥയാണ്. റോഡിനിരുവശവും ബസ് സ്റ്റോപ്പാണ്. റോഡിൽ സ്പീഡ് നിയന്ത്രണ സംവിധാനം ഏർപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.