അമ്പാട്ടുകാവ് ജങ്ഷനിൽ അപകടം പതിവ്; ട്രാഫിക് പൊലീസിനെ അനുവദിക്കാതെ അധികാരികൾ
text_fieldsചൂർണിക്കര: ദേശീയപാത അമ്പാട്ടുകാവ് ജങ്ഷനിൽ അപകടങ്ങൾ പതിവായിട്ടും ട്രാഫിക് പൊലീസിന്റെ സേവനം അനുവദിക്കാതെ അധികാരികൾ. പൊലീസ് അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ. ചൂർണിക്കര ഗ്രാമപഞ്ചായത്തിലെ തിരക്കേറിയ കവലയിൽ ഒന്നാണ് അമ്പാട്ടുകാവ്. കുന്നത്തേരി, ദാറുസ്സലാം തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് നിരവധി തൊഴിലാളികളും സ്കൂൾ-കോളജ് വിദ്യാർഥികളും രണ്ട് റെയിലും മുറിച്ചുകടന്ന് ഈ കവലയിൽ എത്തിയാണ് വിവിധ ഇടങ്ങളിലേക്ക് ബസ് യാത്ര ചെയ്യുന്നത്.
റെയിൽപാളവും ദേശീയപാതയും ചേർന്നുവരുന്ന പ്രദേശമായതിനാൽ ബസുകൾക്ക് നിർത്താനാവശ്യമായ സൗകര്യം ഇവിടെയില്ല. അതുകൊണ്ടുതന്നെ കാൽനടക്കാർക്ക് രണ്ട് ദിശകളിൽനിന്നും വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്തതിനാൽ അപകടങ്ങൾ ഇവിടെ തുടർക്കഥയാണ്. കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ 14 വയസ്സുള്ള വിദ്യാർഥി ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ ഭാഗത്ത് ഭാരവാഹനങ്ങളടക്കം വേഗത്തിലാണ് പോകുന്നത്. സമീപത്തെ യു ടേണിലും അപകടങ്ങൾ പതിവാണ്. ഇക്കാര്യങ്ങൾ നാട്ടുകാർ ആലുവ ട്രാഫിക് പൊലീസിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുള്ളതാണ്.
രാവിലെയും വൈകീട്ടും പൊലീസിന്റെ സേവനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് അംഗവും റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും നിവേദനം നൽകിയിരുന്നു. എന്നാൽ, ഒരു നടപടിയും ഉണ്ടായില്ല. നിലവിൽ, അമ്പാട്ടുകാവിലെ ചുമട്ടുതൊഴിലാളികളാണ് പലപ്പോഴും യാത്രക്കാരെ റോഡ് മുറിച്ച് കടക്കാൻ സഹായിക്കുന്നത്. പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ നാട്ടുകാരെ സംഘടിപ്പിച്ച് ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്ന് വാർഡ് അംഗം റംല അലിയാർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.