ആലുവ - പറവൂർ പാതയിൽ മരണക്കുഴികൾ
text_fieldsകരുമാല്ലൂർ: ദേശസാത്കൃത പാതയായ ആലുവ - പറവൂർ കെ.എസ്.ആർ.ടി.സി റോഡിൽ രൂപപ്പെട്ട മരണക്കുഴികൾ യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു.
മറിയപ്പടി മുതൽ മന്നം വരെയുള്ള 11 കിലോമീറ്റർ പരിധിയിൽ നിരവധി ഗർത്തങ്ങളാണ് അടുത്ത കാലത്തായി രൂപപ്പെട്ടിട്ടുള്ളത്. കരുമാല്ലൂരിനും ഷാപ്പുപടി ബസ്സ്റ്റോപ്പിനും ഇടയിൽ മരണക്കുഴികളുമുണ്ട്.
നേരത്തേ ഒരു പ്രാവശ്യം അറ്റകുറ്റപ്പണി നടത്തി നന്നാക്കിയ സ്ഥലത്താണ് വീണ്ടും കുഴി രൂപപ്പെട്ടത്. പല പ്രാവശ്യം പരാതി കൊടുത്തിട്ടും അധികാരികളോ കരാറുകാരനോ ഇവിടെ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല.
മാസങ്ങൾക്കുമുമ്പ് ചൊവ്വര കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ പൊട്ടിയ കുഴിയിൽ നിരവധി വാഹനങ്ങളാണ് അപകടത്തിൽപെടുന്നത്. വെളിച്ചക്കുറവുള്ള സ്ഥലമായതിനാൽ രാത്രി ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീഴുന്നതും പതിവാണ്. നേരത്തേ ടിപ്പർ, ടോറസ് വാഹനങ്ങൾ നാല് അടിയോളം താഴ്ന്നുപോയിരുന്നു. ഇതുമൂലം വൻ ഗതാഗതക്കുരുക്കും ഉണ്ടാകുന്നത് പതിവായിട്ടുണ്ട്. നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് അന്ന് വാട്ടർ അതോറിറ്റി എൻജിനീയർ എത്തി കരാറുകാരനെക്കൊണ്ട് മെറ്റൽ നിക്ഷേപിച്ച് താൽക്കാലികമായി പരിഹാരം കണ്ടിരുന്നു.
ഇവിടെയാണ് വീണ്ടും ഗർത്തങ്ങൾ ഇപ്പോൾ ഉണ്ടായത്. കഴിഞ്ഞദിവസവും വാഹനങ്ങൾ അപകടത്തിൽപെട്ട് യാത്രക്കാർക്ക് പരിക്കേറ്റു. യഥാസമയം കുഴികൾ നികത്തി ടാറിങ് നടത്താതെ കരാറുകാരനും ഉദ്യോഗസ്ഥരും ഒത്തുകളിക്കുകയാണെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്.
റോഡ് അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കിയിെല്ലങ്കിൽ വഴിതടയൽ ഉൾപ്പെടെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.