കരിമുകൾ-ചിത്രപ്പുഴ റോഡ്; വാഹന യാത്രികർക്ക് ഭീഷണിയായി അപകടക്കുഴി
text_fieldsകരിമുകൾ: കരിമുകൾ-ചിത്രപ്പുഴ റോഡിൽ കരിമുകൾ ജങ്ഷന് സമീപം രൂപംകൊണ്ട കുഴി യാത്രക്കാർക്ക് ഭീഷണിയാകുന്നു. ഇരുചക്ര വാഹനയാത്രിയർക്കും ഓട്ടോ യാത്രക്കാർക്കുമാണ് വലിയ ഭീഷണി. നിരവധി അപകടമാണ് ഇവിടെ നടക്കുന്നത്.
അധികവും ഇരുചക്ര വാഹന യാത്രികരാണ് അപകടത്തിൽപെടുന്നത്. മെറ്റൽ ഇളകി റോഡിൽ നിരന്ന് കിടക്കുന്നതും വാഹങ്ങൾക്ക് ഭീഷണിയാണ്. കരിമുകൾ ജങ്ഷൻ കഴിയുമ്പോൾ തന്നെ വളവിൽ റോഡ് പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴി രൂപപ്പെട്ടതിനാൽ തൊട്ടടുത്ത് എത്തുമ്പോഴാണ് കുഴി വാഹന യാത്രികരുടെ ശ്രദ്ധയിൽപെടുന്നത്.
തിരക്കുള്ള റോഡായതിനാൽ വലത് വശത്തേക്ക് വാഹനം മാറ്റാനും കഴിയില്ല. മഴക്ക് മുമ്പ് റോഡ് അറ്റകുറ്റ പ്പണി നടത്തിയിരുന്നെങ്കിലും മഴ ആരംഭിച്ചതോടെ വീണ്ടും റോഡ് കുഴിയാകുകയായിരുന്നു.
ആദ്യം വാഹനാപകടം ഉണ്ടായതിനെ തുടർന്ന് നാട്ടുകാരുടെ പരാതിയെത്തുടർന്ന് കുഴി ചെറിയ തോതിൽ അടച്ചിരുന്നെങ്കിലും മഴ ശക്തമായതോടെ വീണ്ടും രൂപപ്പെടുകയായിരുന്നു. ദിവസവും രാവിലെയും വൈകീട്ടും നൂറുകണക്കിന് ഇരുചക്ര വാഹനങ്ങൾ വ്യവസായ മേഖലയിലേക്ക് കടന്ന് പോകുന്ന റോഡാണിത്.
കൂടാതെ അമ്പലമേട് ബി.പി.സി.എൽ കൊച്ചിൻ റിഫൈനറി, എച്ച്.ഒ.സി, എഫ്.എ.സി.ടി, ഫിലിപ്സ് കാർബൺ കമ്പനി തുടങ്ങിയ വ്യവസായ സ്ഥാപനങ്ങൾ ആശ്രയിക്കുന്ന റോഡ് കൂടിയാണിത്. മുവാറ്റുപുഴ ഭാഗത്തുനിന്ന് നിർമാണ സാമഗ്രികളുമായി പടിഞ്ഞാറൻ മേഖലയിലേക്ക് വലിയ ലോഡും വണ്ടികൾ ഈ റോഡിലൂടെയാണ് കടന്ന് പോകുന്നത്. വലിയ അപകടങ്ങൾക്ക് മുമ്പ് റോഡ് നന്നാക്കാൻ അധികാരികൾ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.