റോഡെല്ലാം എറണാ'കുളം'
text_fieldsയാത്രാദുരിതം പേറി ജനം
കൊച്ചി: മഴ കനത്തതോടെ കുളമായി ജില്ലയിലെ റോഡുകൾ. കാലവർഷമെത്തും മുമ്പേ കഴിഞ്ഞ ദിവസങ്ങളിൽ തകർത്തുപെയ്ത വേനൽമഴയാണ് റോഡുകളുടെ തകർച്ചക്ക് ആക്കം കൂട്ടിയത്. ഇതോടെ പലയിടങ്ങളിലും കാൽനടപോലും ദുസ്സഹമായി. ഇതോടൊപ്പം ജില്ലയിലെ പ്രധാനപ്പെട്ട ദേശീയപാതകൾ കേന്ദ്രീകരിച്ച് നടക്കുന്ന അറ്റകുറ്റപ്പണികളും ജലജീവൻ മിഷൻ പൈപ്പിടൽ പ്രവൃത്തികളും റോഡുകളിൽ വിതക്കുന്ന ദുരിതം ചില്ലറയല്ല. കൊച്ചി നഗരത്തിലെ പ്രധാനറോഡുകളിലെല്ലാം കുഴികൾ രൂപപ്പെട്ടുകഴിഞ്ഞു. നൂറുകണക്കിന് ബസുകളെത്തുന്ന വൈറ്റില ഹബ്ബിലേക്കുള്ള റോഡ് അക്ഷരാർഥത്തിൽ കുളം പോലെയാണ്.
പേരിനെ പറയിപ്പിക്കാൻ എറണാകുളം- തേക്കടി ഹൈവേ!
പതിറ്റാണ്ടായി തകർന്നുകിടക്കുന്ന എറണാകുളം- തേക്കടി ഹൈവേയിലെ കിഴക്കമ്പലം മുതൽ നെല്ലാട് വരെ ഭാഗം യാത്രക്കാർക്ക് ദുരിതമാണ് സമ്മാനിക്കുന്നത്. അറ്റകുറ്റപ്പണിക്കായി കോടികൾ പൊടിക്കുന്നുണ്ടെങ്കിലും റോഡ് തകർന്ന് തരിപ്പണമായിക്കഴിഞ്ഞു. പുനർനിർമാണ ഫണ്ട് അനുവദിച്ചെന്ന പ്രഖ്യാപനങ്ങൾ പലവട്ടം വന്നെങ്കിലും സാങ്കേതികത്വത്തിൽ കുരുങ്ങി ഇതൊന്നും നടപ്പായില്ല. ഒരു പതിറ്റാണ്ടുമുമ്പാണ് റോഡിൽ അവസാനമായി റീടാറിങ് അടക്കം പുനർനിർമാണ പ്രവൃത്തികൾ നടന്നത്. ഇതിനിടെ തന്നെ കാക്കനാട്- മൂവാറ്റുപുഴ നാലുവരിപ്പാതയും തങ്കളം കാക്കനാട് പാതയും പ്രഖ്യാപനത്തിൽ വന്നെങ്കിലും രണ്ടും നിലച്ചമട്ടാണ്.
തരിപ്പണം; ആലുവ-മൂന്നാർ റോഡ്
ആലുവ: മഴ ശക്തമായതോടെ ആലുവ - മൂന്നാർ ദേശസാത്കൃത റോഡിൽ യാത്രക്കാരുടെ ദുരിതം ഇരട്ടിയായി. പല ഭാഗങ്ങളും തകർന്ന റോഡിൽ, ജൽജീവന്‍ മിഷൻ പദ്ധതിയിലെ അപാകതകൾ ദുരിതം കൂട്ടുകയാണ്. മാസങ്ങളായി അനുഭവിക്കുന്ന ദുരിതം മഴ തുടങ്ങിയതോടെയാണ് ഇരട്ടി ദുരിതമായത്. ജൽജീവന്‍ മിഷൻ പദ്ധതിയിലെ പൈപ്പിടൽ പ്രവൃത്തികളാണ് ദുരിതമായി തുടരുന്നത്.
ചാലക്കൽ പകലമറ്റം മുതൽ തോട്ടുമുഖം വരെ ഭാഗങ്ങളിലെ റോഡിന്റെ ഇരുസൈഡിലും പുതിയ പൈപ്പുകൾ ഇട്ടിട്ടുണ്ട്. പൈപ്പിടൽ പൂർത്തിയാക്കി ഇവിടെയെല്ലാം മണ്ണിട്ടു മൂടിയെങ്കിലും ടാർ ചെയ്തിട്ടില്ല. പൈപ്പിടാൻ റോഡ് പൊളിച്ച ഭാഗങ്ങളിൽ വലിയ കുഴികളായിട്ടുണ്ട്. ഇത് വാഹനാപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും ഇടയാക്കുന്നുണ്ട്. ഇരുചക്ര വാഹന യാത്രക്കാരാണ് കൂടുതലും അപകടത്തിൽ പെടുന്നത്. 10 വർഷത്തിലധികമായി ഈ റോഡ് പൂർണമായി ടാർ ചെയ്തിട്ട്. ഇതിനിടയിൽ നാലുവരിപ്പാത പദ്ധതി വന്നെങ്കിലും പണി ഇതുവരെ ആരംഭിച്ചിട്ടില്ല.
അടപടലം പാളി മൂവാറ്റുപുഴ നഗരവികസനം
മൂവാറ്റുപുഴ: നഗരറോഡ് വികസനം സ്തംഭിച്ചതോടെ പി.ഒ ജങ്ഷൻ മുതൽ വെള്ളൂർക്കുന്നം വരെ രണ്ട് കിലോമീറ്റർ ദൂരത്തിൽ റോഡ് തകർന്ന നിലയിലാണ്. പി.ഒ ജങ്ഷൻ മുതൽ വെള്ളൂർക്കുന്നം വരെ എം.സി റോഡ് ഭാഗത്താണ് റോഡ് തകർന്നിരിക്കുന്നത്. നഗരറോഡ് വികസനം ഏതാണ്ട് നിലച്ച മട്ടാണ്. മൂന്നുമാസമായി ഒരു നിർമാണ പ്രവർത്തനങ്ങളും നടക്കുന്നില്ല. നഗരവാസികളുടെ ദുരിതം ദിനംപ്രതി വർധിക്കുന്നതിനിടെയാണ് റോഡിൽ കുഴികൾ നിറഞ്ഞ് ഗതാഗതം താറുമാറായിരിക്കുന്നത്. രണ്ട് കിലോമീറ്റർ കടക്കാൻ അരമണിക്കൂറാണ് നിലവിൽ വേണ്ടത്. കിഴക്കേക്കര ആശ്രമം റോഡും തകർന്നിട്ട് വർഷം രണ്ടുകഴിഞ്ഞു. ഈ റോഡിലെ കുഴികളിൽ വീണ് ഇരുചക്രവാഹനയാത്രികർ അപകടത്തിൽപെടുന്നതും പതിവാണ്. നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോൾ വാഹനങ്ങൾ വഴി തിരിച്ചുവിടുന്നത് ഈ റോഡിലൂടെയാണ്.
പരിതാപകരം ഓണംകുളം-ഊട്ടിമറ്റം റോഡ്
പെരുമ്പാവൂര്‍: നിയോജക മണ്ഡലത്തിൽ ഏറ്റവും ശോച്യാവസ്ഥയിലുള്ളത് വെങ്ങോല പഞ്ചായത്തിലെ ഓണംകുളം-ഊട്ടിമറ്റം റോഡാണ്. വര്‍ഷങ്ങളായി അറ്റകുറ്റപ്പണിപോലും നടക്കാത്തതിനാല്‍ കുണ്ടും കുഴിയുമായി നടക്കാന്‍പോലും ബുദ്ധിമുട്ടാണ് ഇവിടെ. വർഷകാലം തുടങ്ങിയതോടെ റോഡിലെ കുഴികൾ വെള്ളം നിറഞ്ഞ് കുളത്തിന് സമാനമാണ്. റോഡ് പുനര്‍നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി നിവേദനങ്ങള്‍ അധികാരികള്‍ക്ക് സമര്‍പ്പിക്കുകയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിട്ടും ഫലമുണ്ടായില്ല. സമീപ പ്രദേശങ്ങളിൽ ക്രഷറുകളും വ്യവസായ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നതിനാല്‍ ടോറസ് പോലുള്ള നിരവധി ഭാരവാഹനങ്ങളാണ് ദിനംപ്രതി കടന്നുപോകുന്നത്. മറ്റ് റോഡുകളുടെ പുനര്‍നിര്‍മാണത്തിന് ഫണ്ട് അനുവദിച്ചിട്ടും ഓണംകുളം-ഊട്ടിമറ്റം റോഡിനെ അവഗണിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.