ജലജീവൻ പദ്ധതിക്കായി കരുമാല്ലൂരിലെ ഗ്രാമീണ റോഡുകൾ തകർത്തിട്ട് ഏഴ് മാസം
text_fieldsകരുമാല്ലൂർ: ജല ജീവൻ പദ്ധതിയിൽ പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി കുഴിച്ച റോഡുകളുടെ അവസ്ഥ ശോചനീയം. കാൽനട യാത്രക്കാർക്ക് പോലും അസാധ്യമായി. ഇരുചക്രവാഹനങ്ങളും മുചക്ര വാഹനക്കാരും കുഴികളിൽ വീണ് പ്രയാസപ്പെടുകയാണ്. ടാക്സികളും ഓട്ടോകളും തകർന്ന റോഡുകളിലൂടെ യാത്ര ചെയ്യാൻ വിസമ്മതിക്കുന്നു.
22 വാർഡുകളിലെ നിരവധി റോഡുകളാണ് ജല ജീവൻ പദ്ധതിക്ക് പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി പൊളിച്ചത്. ഈ പദ്ധതിക്കായി പമ്പ് ഹൗസും സംഭരണിയും പണി തുടങ്ങാതെയാണ് പൈപ്പ് ലൈൻ സ്ഥാപിക്കാൻ പൊളിച്ചത്.
അശാസ്ത്രീയ രീതിയിലാണ് ഹിറ്റാച്ചിയും ജെ.സി.ബിയും ഉപയോഗിച്ച് റോഡ് വെട്ടിപ്പൊളിച്ചത്. ഒരു മീറ്റർ മുതൽ രണ്ട് മീറ്റർ വരെ വീതിയിലും ഒരു മീറ്റർ ആഴത്തിലുമാണ് കുഴിയെടുത്തതെന്ന് ഒന്നാം വാർഡ് മെംബറും പാർലമെന്ററി പാർട്ടി ലീഡറുമായ എ.എം. അലി ആരോപിച്ചു.
കുന്നുകര പഞ്ചായത്ത് പരിധിയിൽ പെരിയാറിൽ ജലശുദ്ധീകരണശാല നിർമിച്ച് അവിടെനിന്ന് കരുമാല്ലൂർ പഞ്ചായത്തിലെ ഉയർന്ന പ്രദേശമായ മാഞ്ഞാലി കുന്നും പുറത്ത് ടാങ്ക് പണിത് അതിൽ വെള്ളം ശേഖരിച്ച് പൈപ്പ് വഴി വിതരണം ചെയ്യുന്ന പ്രവൃത്തിയാണ് നടക്കുന്നത്. ഇത് രണ്ടും രണ്ട് പദ്ധതിയാണ്. കിഫ്ബിയിൽനിന്ന് സംസ്ഥാന സർക്കാർ വായ്പയെടുത്ത് പമ്പ് ഹൗസുംടാങ്കും ആദ്യം നിർമിക്കണം.
വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിന്റെയും പമ്പ് ഹൗസിന്റെയും ടാങ്ക് നിർമാണത്തിന്റെയും പ്രാരംഭ പ്രവർത്തനം പോലും തുടങ്ങിയിട്ടില്ല. പൈപ്പ് ഇടാൻ റോഡ് വെട്ടിപ്പൊളിച്ചാൽ അടിയന്തരമായി പുനർനിർമിക്കണമെന്ന് വ്യവസ്ഥ പാലിക്കപ്പെട്ടില്ല. ഇതിനെതിരെ വിജിലൻസിലും, കോടതിയിലും പരാതി നൽകുമെന്ന് കോൺഗ്രസ് കരുമാല്ലൂർ മണ്ഡലം പ്രസിസന്റ് എ.എം. അലി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.