ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫിസിനെതിരെ; രൂക്ഷവിമർശനവുമായി വിവരാവകാശ കമീഷൻ
text_fieldsകൊച്ചി: വിവരാവകാശ അപേക്ഷക്ക് കൃത്യമായ മറുപടി നൽകാത്ത സംഭവത്തിൽ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫിസിനെതിരെ രൂക്ഷ വിമർശനവുമായി വിവരാവകാശ കമീഷണർ. തുറവൂർ സ്വദേശി വിനിലിന്റെ അപ്പീൽ ഹരജിയിലാണ് കമീഷണർ കെ.വി. സുധാകരൻ വിമർശനമുന്നയിച്ചത്. ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് ഓഫിസുകളിലെ പബ്ലിക് ഇൻഫർമേഷൻ ഓഫിസർമാർക്കും അപ്പീൽ അധികാരികൾക്കും വിവരാവകാശ നിയമം സംബന്ധിച്ച പരിശീലനം നൽകാൻ പൊതു വിദ്യാഭ്യാസ വകുപ്പിന് നിർദേശവും നൽകിയിട്ടുണ്ട്.
പബ്ലിക് ഇൻഫർമേഷൻ ഓഫിസർ വിവരാവകാശ നിയമം ദുർവ്യാഖ്യാനം ചെയ്തുവെന്നും അപേക്ഷകനെ ഒഴിവാക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും ഉത്തരവിൽ പറയുന്നു. ഔദ്യോഗിക കസേരകളിൽ ഇരിക്കാൻ ഭാഗ്യം ലഭിക്കുന്നവർ സാധാരണക്കാരോട് നിഷേധാത്മക സമീപനം കാണിക്കുന്നത് അംഗീകരിക്കാൻ ആവില്ലെന്നും താക്കീത് നൽകി.അപ്പീൽ അപേക്ഷയിൽ ഒന്നാം അധികാരിയുടെ മറുപടി വിചിത്രവും വിവരാവകാശ നിയമത്തെ പറ്റിയുള്ള സ്വന്തം അജ്ഞത വെളിപ്പെടുത്തുന്നതാണ്. രേഖകളുടെ പരിശോധനക്കും അതിനുശേഷം ഉള്ള പകർപ്പ് എടുക്കുന്നതിനും പണം ഈടാക്കുന്നത് വിവരാവകാശ നിയമത്തിലെ ഏതു വകുപ്പും ചട്ടവും ഉപയോഗിച്ചാണെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
ഒക്ടോബറിലായിരുന്നു വിനിൽ പരാതിയുമായി വിവരാവകാശ അപേക്ഷ സമർപ്പിച്ചത്. ഓഫിസിൽ തിരക്കുകളാണെന്നും കാലാവധി കഴിഞ്ഞതിനാൽ പല രേഖകളും നശിപ്പിച്ചുവെന്നുമായിരുന്നു പബ്ലിക് ഇൻഫർമേഷൻ ഓഫിസറുടെ മറുപടി. 30 ദിവസത്തിനകം മറുപടി നൽകണമെന്നിരിക്കെ 48 ദിവസത്തിന് ശേഷമാണ് മറുപടി ലഭിച്ചതെന്നും മതിയായ രേഖകൾ ലഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടി അപ്പീൽ നൽകുകയായിരുന്നു. ഇതിലും തൃപ്തികരമായ മറുപടി ലഭിക്കാതെ വന്നതോടെ അേപക്ഷകൻ വിവരാവകാശ കമീഷണറെ ബന്ധപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.