ട്രാഫിക് കമ്മിറ്റി ചേര്‍ന്നു; റോഡപകടങ്ങൾ കുറക്കാൻ സുരക്ഷാ മുൻകരുതലുകൾ
text_fieldsകാഞ്ഞൂര്‍: ദേശം-വല്ലം കടവ് റോഡിൽ അപകടങ്ങൾ കുറക്കാൻ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കും. മുന്നറിയിപ്പ് ബോർഡുകളും ഹംപുകളും സ്ഥാപിക്കാൻ കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ ട്രാഫിക് കമ്മിറ്റി യോഗം തീരുമാനിച്ചു.
പുതുക്കിയ നിലവാരത്തിൽ ടാർ ചെയ്തതിന് ശേഷം അടിക്കടി ഉണ്ടാകുന്ന അപകടങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ ട്രാഫിക് കമ്മിറ്റി ചേര്‍ന്നത്. വാഹന പാര്‍ക്കിങ് സൗകര്യം ഇല്ലാത്തത് സംബന്ധിച്ചും അനുബന്ധ റോഡുകൾ സംബന്ധിച്ചും ചർച്ച ചെയ്തു. ദിവസേനയെന്നോണം ഉണ്ടാകുന്ന അപകടങ്ങള്‍ നിയന്ത്രിക്കാൻ നടപടികളെടുക്കും.
ദേശം-വല്ലം കടവ് റോഡിലേക്ക് നേരിട്ട് തുറന്നിട്ടുള്ള പഞ്ചായത്ത് റോഡുകളില്‍ ശ്രീമൂലനഗരം ശാന്തിനഗര്‍ മുതല്‍ വല്ലം കടവ് വരെയുള്ള ഭാഗങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. ആവശ്യമായ സ്ഥലങ്ങളിൽ ഹംപുകളും സ്ഥാപിക്കും. തെക്കെ അങ്ങാടി പുതിയേടം മേഖലയോട് അനുബന്ധിച്ച തെരുവ് കച്ചവടങ്ങള്‍ പൂർണമായി ഒഴിപ്പിക്കും. തെക്കേ അങ്ങാടി ജങ്ഷനിലെ അനധികൃത പാര്‍ക്കിങ് കണ്ടെത്തുന്നതിനായി പോര്‍ട്ടബിള്‍ കാമറ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ബിജു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സിമി ടിജോ, സ്ഥിരം സമിതി അധ്യക്ഷന്മാരായ സരിത ബാബു, കെ.വി. പോളച്ചന്, പ്രിയ രഘു, അംഗങ്ങളായ കെ.എന്‍. കൃഷ്ണകുമാര്‍, ടി.എന്‍. ഷണ്മുഖന്, ഗ്രേസി ദയാനന്ദന്, എം.വി. സത്യന്, ചന്ദ്രവതി രാജന്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. റോഡിൽ അപകടം പെരുകിയത് സംബന്ധിച്ച് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.