സൈഫുദ്ദീൻ പണിതിറക്കി രണ്ട് സൂപ്പർ ഫാസ്റ്റും ഒരു ടോറസും
text_fieldsകൊച്ചി: വീട്ടിൽ ഭാരത് ബെൻസ് ടോറസിെൻറ അവസാനവട്ട പണിത്തിരക്കിലാണ് മുഹമ്മദ് സൈഫുദ്ദീൻ. ബോഡിയും ടയറുമെല്ലാം പിടിപ്പിച്ചു. ഒന്നുമിനുക്കിയാൽ കൂടി മതി. പണിതീർത്ത രണ്ട് കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റുകൾ നല്ല വിലക്ക് വിറ്റു. ഫോഴ്സ് മിനി ലോറി ഒന്ന് കൈയിലുണ്ട്. ഐ.ടി.ഐ ഒന്നാം വർഷ വിദ്യാർഥിയാണെങ്കിലും 'മിനിയേച്ചർ വണ്ടിപ്പണി' തുടങ്ങിയാൽ പിന്നെ, ആലുവ ആലങ്ങാട് മാളികംപീടിക കൊറ്റംകേരിൽപള്ളം വീട്ടിൽ സൈഫുദ്ദീന് ദിനം മുഴുവൻ തിരക്കാകും.
'യൂട്യൂബിൽ മിനിയേച്ചർ വാഹനങ്ങൾ നിർമിക്കുന്ന ജയപാൽ സുകുമാരെൻറ വിഡിയോകൾ കണ്ടാണ് താൽപര്യം തോന്നിയത്. ആദ്യം കാർഡ് ബോർഡിൽ ബസ് ഉണ്ടാക്കിനോക്കിയെങ്കിലും ശരിയായില്ല. പിന്നീട് അദ്ദേഹത്തിൽനിന്ന് അളവുകൾ വാങ്ങി പി.വി.സി ഫോറക്സ് ഷീറ്റിൽ ഉണ്ടാക്കിയതാണ് ആദ്യ ബസ്' -സൈഫുദ്ദീെൻറ വാക്കുകൾ.
15 സെൻറിമീറ്റർ വീതിയും ഉയരവും 63.5 സെൻറിമീറ്റർ നീളവും ആദ്യം പണിത കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റിന്. ഹെഡ് ലൈറ്റും പാർക്കിങ് ലൈറ്റും ഇൻറീരിയൽ ലൈറ്റുമെല്ലാം എൽ.ഇ.ഡി. ഫ്രണ്ട് വീലിന് റൊട്ടേഷനും സസ്പെൻഷനും സൂപ്പറായി കൊടുത്തു. ഇനാമൽ പെയിൻറിങാണ് ചെയ്തത്.
'പ്ലസ്ടുവിന് കോമേഴ്സാണ് എടുത്തതെങ്കിലും ഇത്തരം നിർമാണങ്ങളോട് വലിയ താൽപര്യമായിരുന്നു. ഇപ്പോൾ ഉണ്ടാക്കുന്നവ കാണുന്ന കൂട്ടുകാരെല്ലാം അടിപൊളിയായിട്ടുണ്ടെന്ന് പറയുന്നു. മെറ്റീരിയൽസിന് ചെലവ് കുറവാണെങ്കിലും ഒരുമാസമെങ്കിലും എടുക്കും ഒരു വണ്ടി പൂർണമായി നിർമിക്കാൻ. ക്ഷമയും ശ്രദ്ധയുമാണ് ആവശ്യം' -സൈഫുദ്ദീൻ പറയുന്നു.
ആലുവ ഐഡിയൽ ഐ.ടി.ഐയിൽ ഇലക്ട്രിക്കൽ വിദ്യാർഥിയാണ് സൈഫുദ്ദീൻ. ലോഡിങ് തൊഴിലാളിയായ സലീമിെൻറയും അസ്മയുടെയും മകൾ. സഹോദരി സഫ്രിയ.
ലോക്ഡൗണിൽ പഠിക്കാൻ പോകാൻ കഴിയുന്നില്ലെങ്കിലും സമയം വെറുതെ കളയുന്നില്ല ഈ വിദ്യാർഥി. ആദ്യ രണ്ട് ബസുകളും വാങ്ങിയത് തിരുവനന്തപുരത്തും തൃശൂരുമുള്ളവർ. ഇനിയും പണിയണം ഇഷ്ടപ്പെടുന്ന വണ്ടികളൊക്കെയെന്നതാണ് സൈഫുദ്ദീെൻറ ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.