സാന്ത്വനമാണ്, സർഗാത്മകമാണ് സൈറ
text_fieldsഫോർട്ട്കൊച്ചി: പാലിയേറ്റിവ് പ്രവർത്തനത്തിനൊപ്പം സർഗാത്മകതയിലും ഒരുപോലെ മുന്നേറുകയാണ് മട്ടാഞ്ചേരി പനയപ്പിള്ളി കച്ചിവീട്ടിൽ സൈറ റഷീദ്. പാലിയേറ്റിവ് വളന്റിയറായ സൈറ കവിതകൾക്കൊപ്പം കഥ, മാപ്പിളപ്പാട്ട്, നാടൻപാട്ട്, താരാട്ടുപാട്ട് എന്നിവയും ഒഴിവുസമയങ്ങളിൽ രചിക്കാറുണ്ട്. ‘പാവം കുട്ടി’ എന്ന പേരിൽ കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പച്ചമുളക്, ഞാനാണ് പെണ്ണ്, പിശറൻ കാറ്റ് എന്നീ കവിത സമാഹാരങ്ങൾ തയാറാക്കിയിട്ടുണ്ട്.
ഇവ പ്രസിദ്ധീകരിക്കാനുള്ള തയാറെടുപ്പിലാണ്. കൊച്ചിൻ സാഹിത്യ അക്കാദമിയുടേതടക്കം പല പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 10 വർഷമായി പൊതുപ്രവർത്തന രംഗത്ത് സജീവമായ സൈറ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കവിതകളും കഥകളും എഴുതാറുണ്ട്. എം.എം. അബ്ദുല്ലക്കുട്ടി-സുലേഖ ദമ്പതികളുടെ മകളായി ജനിച്ച സൈറ പനയപ്പിള്ളി എം.എം.ഒ ഹയർ സെക്കൻഡറി സ്കൂളിലാണ് പഠിച്ചത്.
പ്രണയവും ആർദ്രതയും ജീവിതാഭിനിവേശവുമെല്ലാം അനുഭവിപ്പിക്കുന്നതാണ് സൈറ റഷീദിന്റെ കഥകളും കവിതകളും. ഉള്ളിലെ നോവും നൊമ്പരങ്ങളും സ്വപ്നങ്ങളും കാഴ്ചപ്പാടുകളും രാകിമിനുക്കിയ വാക്കുകളിൽ വരച്ച് വെക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല റഷീദയുടെ ദൈനംദിന ജീവിതം. മറ്റുള്ളവരുടെ നോവിനും നൊമ്പരങ്ങൾക്കും സാന്ത്വനം പകർന്നും സ്വപ്നങ്ങൾ പൂവണിയാൻ സഹായമൊരുക്കിയും കർമനിരതയാണവർ. ഭർത്താവ് റഷീദ് ഗൾഫിൽ ജോലി ചെയ്യുന്നു. റഫ്നാസ്, റിഫാസ്, ഫറാസ് എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.