സ്ഥിരം മണൽ കടത്തുകാർക്കെതിരെ ഇനി കാപ്പ
text_fieldsനെടുമ്പാശ്ശേരി: സ്ഥിരമായി മണൽ കടത്തുന്നവർക്കെതിരെ കാപ്പ ചുമത്താനൊരുങ്ങി പൊലീസ്. റൂറൽ ജില്ലയിൽ വർധിച്ചു വരുന്ന മണൽ കടത്ത് തടയുന്നതിന്റെ ഭാഗമായാണ് നടപടി. മൂന്ന് കേസിൽ തുടർച്ചയായി പ്രതിയായാലാണ് കാപ്പ ചുമത്തുക.
ഇപ്പോൾ മണൽ കടത്തുമായി പിടിയിലാകുന്നവർക്കെതിരെ മോഷണക്കുറ്റത്തിനാണ് കേസെടുക്കുന്നത്. അതിനാൽ പിടിയിലാകുന്നവരെ കോടതി റിമാൻഡ് ചെയ്യുന്നുമുണ്ട്. മണൽ കടത്താൻ ഉപയോഗിക്കുന്ന വാഹനവും കോടതിയിൽ ഹാജരാക്കുന്നുണ്ട്. സ്ഥിരമായി മണൽ കടത്താൻ ഉപയോഗിക്കുന്ന വാഹനങ്ങൾ ഇനി മുതൽ സർക്കാറിലേക്ക് കണ്ടുകെട്ടും.
പെരിയാറിൽനിന്ന് മണൽ കൊള്ള നടത്തുന്നതിന് കൊല്ലം കേന്ദ്രീകരിച്ചുള്ള ചില സംഘങ്ങളുണ്ട്. ഇവരും ഉളിയന്നൂർ, കാഞ്ഞൂർ കേന്ദ്രീകരിച്ചുള്ള ചില സംഘങ്ങളും തമ്മിൽ മണൽ വാരൽ സംബന്ധിച്ച് തർക്കങ്ങൾ പതിവാണ്. ഇതേത്തുടർന്ന് അനധികൃതമായി മണൽ കടത്തുന്ന വാഹനങ്ങളെ സംബന്ധിച്ച് പലപ്പോഴും പൊലീസിന് ഒറ്റിക്കൊടുക്കാറുമുണ്ട്.
ഇതരസംസ്ഥാനക്കാരായ തൊഴിലാളികളെ ഉപയോഗിച്ചാണ് മണലേറെയും വാരിക്കുന്നത്. ഇവരിൽ പലർക്കും മണൽ വാരൽ നിയമവിരുദ്ധമാണെന്നറിയില്ല. രാത്രി രണ്ടോ മൂന്നോ മണിക്കൂർ കൊണ്ട് ഒരു വഞ്ചി മണൽ നിറച്ചു കൊടുത്താൽ 3000 രൂപയാണ് ഒരാൾക്ക് പ്രതിഫലം. അതുകൊണ്ടു തന്നെ കാര്യമായി നീന്തൽ പരിശീലനമില്ലാത്തവരും മണൽ വാരാൻ പോകുന്നുണ്ട്.
ചാക്കുകളിലാണ് മണൽ നിറക്കുന്നത്. പിന്നീട് മറ്റേതെങ്കിലും സാധനങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങളിലാണ് ചാക്കുകളിലാക്കി തന്നെ ഇത് കടത്തുന്നത്. ഒരു വലിയ ലോഡ് പുഴ മണലിന് ഇപ്പോൾ 40,000 രൂപയോളം വില ലഭിക്കും. അതുകൊണ്ടാണ് മണൽക്കടത്ത് സംഘങ്ങൾ സജീവമായിരിക്കുന്നത്. പി.വിജയൻ ആലുവ എസ്.പിയായിരിക്കേ മണൽ വാരൽ ആവർത്തിക്കുന്നവർക്കെതിരെ ജാമ്യമില്ലാവകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസെടുത്തിരുന്നത്.
തുടർന്ന് മണൽ മാഫിയയുടെ കണ്ണിലെ കരടായി മാറിയ അദ്ദേഹത്തെ ഇവിടെ നിന്നും പെട്ടെന്ന് മാറ്റിയിരുന്നു. മണൽ മാഫിയക്കു വേണ്ടി വാദിക്കാൻ ചെന്ന സി.പി.എം നേതാവിനെ അദ്ദേഹം കൈയേറ്റം ചെയ്തുവെന്ന പരാതിയും അന്നുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.