മത്സ്യത്തൊഴിലാളിയുടെ വീടിനു മുന്നില്‍ സൂക്ഷിച്ച സ്കൂട്ടറുകൾ കത്തിനശിച്ച നിലയില്‍
text_fieldsചെങ്ങമനാട്: മത്സ്യത്തൊഴിലാളിയുടെ വീടിനു മുന്നില്‍ സൂക്ഷിച്ച സ്കൂട്ടറുകളും മോട്ടോര്‍ പൈപ്പുകളും അര്‍ധരാത്രി കത്തിനശിച്ച നിലയില്‍. തത്തയും കൂടും അഗ്നിക്കിരയായി. ഭിത്തികള്‍ക്കും ജനല്‍ ചില്ലുകള്‍ക്കും കേടുപാട് സംഭവിച്ചു. വീടിനകത്തേക്ക് തീപടരും മുമ്പ് അണക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ചെങ്ങമനാട് പുതുവാശ്ശേരി മടത്തിപ്പറമ്പില്‍ ഉണ്ണികൃഷ്ണനും മകന്‍ ജിതിനും താമസിക്കുന്ന വീട്ടില്‍ ചൊവ്വാഴ്ച രാത്രി 11.45ഓടെയാണ് തീപിടിത്തമുണ്ടായത്. ഇവർ മത്സ്യത്തൊഴിലാളികളാണ്. കോവിഡ് നിരീക്ഷണ ഭാഗമായി ജിതിന്‍ ഒരാഴ്ചയായി മുകള്‍ നിലയിലായിരുന്നു. അന്ന് മുതല്‍ ഇരുവരുടെയും സ്കൂട്ടറുകള്‍ ഉപയോഗിച്ചിരുന്നില്ല. മുന്‍ വശത്തെ കിണറിനോട് ചേര്‍ന്ന ഭാഗത്താണ് മത്സ്യക്കച്ചവടത്തിനു ഉപയോഗിക്കുന്ന സ്കൂട്ടറുകള്‍ സൂക്ഷിച്ചിരുന്നത്.
സമീപത്തെ മതിലിനോട് ചേര്‍ന്നായിരുന്നു തത്തക്കൂട്. ജിതിെൻറ മാതാപിതാക്കളും ഭാര്യയും കുട്ടികളും താഴത്തെ മുറികളില്‍ ഉറങ്ങുകയായിരുന്നു. ജിതിെൻറ ഭാര്യ ഫാന്‍ ഓഫ് ചെയ്യാന്‍ ഉണര്‍ന്നതാണ് തീ ആളിപ്പടരുന്നത് കാണാനും തീണയക്കാനും സഹായകമായത്. തീ ആളിപ്പടരുന്നത് കണ്ടയുടന്‍ വീട്ടുകാരെയും സമീപവാസികളെയും അറിയിക്കുകയായിരുന്നു. അപ്പോഴേക്കും സ്കൂട്ടറുകളും മോട്ടോറിെൻറ ഹോസും അനുബന്ധ വൈദ്യുതി കണക്ഷനും വലയും മറ്റും അഗ്നിക്കിരയായി.
വെള്ളവും നനഞ്ഞ ചാക്കും ഉപയോഗിച്ച് തീകെടുത്തുകയും പാചക വാതക കണക്ഷന് വിച്ഛേദിച്ച് സിലിണ്ടര്‍ ദൂരേക്ക് മാറ്റുകയും ചെയ്തു. ചെങ്ങമനാട് പൊലീസ് പരിശോധന നടത്തിയെങ്കിലും ഷോര്‍ട്ട് സര്‍ക്യൂട്ടിനുള്ള സാധ്യത കെണ്ടത്താനായില്ല. ആരെങ്കിലും തീവെച്ചതാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.