കലിതുള്ളി കടൽ
text_fieldsടെട്രോപോഡ് നിർമാണം ഈ കാലവർഷത്തിനുമുമ്പ് തീർക്കുമെന്ന് അധികാരികൾ ഉറപ്പുനൽകിയെങ്കിലും പദ്ധതി ഇഴയുകയാണ്. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ അധികാരികൾ ഇനിയും തയാറായിട്ടില്ല. വരും ദിവസങ്ങളിൽ കാലവർഷം ശക്തമാകുന്നതോടെ തീരദേശം ആശങ്കയിലാകും
പള്ളുരുത്തി: കണ്ണമാലി ഉൾപ്പെടെ വടക്കൻ ചെല്ലാനം മേഖലയിൽ രൂക്ഷമായ കടലാക്രമണം. കമ്പനിപ്പടി, കണ്ണമാലി, ചെറിയകടവ്, ശ്രീരാമ ക്ഷേത്ര പരിസരം, വാട്ടർ ടാങ്ക് തുടങ്ങിയ പ്രദേശങ്ങളിലാണ് വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ കടൽ കലിതുള്ളി തുടങ്ങിയത്. കടൽഭിത്തിക്ക് മുകളിലൂടെ ഉയർന്ന് തിരമാലകൾ തീരത്തേക്കെത്തി. കടൽഭിത്തിയില്ലാത്ത പ്രദേശങ്ങളിലും ഭിത്തി ഇടിഞ്ഞ മേഖലയിലൂടെയും തിരമാലകൾ തീരത്തേക്ക് തള്ളിക്കയറി.
നൂറോളം വീടുകളിൽ വെള്ളം കയറി. വെള്ളം റോഡിലേക്കും കുത്തിയൊഴുകി. തീരത്ത് വെച്ചിരുന്ന കൊച്ചു വള്ളങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ടെട്രാപോഡ് കടൽ ഭിത്തി സ്ഥാപിച്ച ചെല്ലാനം ഹാർബർ മുതൽ പുത്തൻതോട് വരെ തെക്കൻ ചെല്ലാനം പ്രദേശം ഏറെ ശാന്തമായിരുന്നു.
എല്ലാ വർഷവും രൂക്ഷമായ കടലാക്രമണം നേരിടുന്ന പ്രദേശമായിരുന്നു ഇത്. അതേ സമയം പുത്തൻതോട് മുതൽ വടക്കോട്ടുള്ള മേഖലയിൽ തിരമാലകൾ തീരത്തേക്ക് അടിച്ചുകയറി. സൗദി, മാനാശ്ശേരി, ചെറിയ കടവ് സ്ഥലങ്ങളിൽ ശക്തമായ തിരയടിയുണ്ടായിരുന്നു. മാനാശ്ശേരി വഞ്ചി ഇറക്കുന്ന ഗ്യാപ്പിലൂടെ വെള്ളം അടിച്ച് റോഡിലേക്ക് കയറി. ടെട്രോപോഡ് നിർമാണം ഈ കാലവർഷത്തിനുമുമ്പ് തീർക്കുമെന്ന് അധികാരികൾ ഉറപ്പുനൽകിയെങ്കിലും പദ്ധതി ഇഴയുകയാണ്.
വരും ദിവസങ്ങളിൽ കാലവർഷം ശക്തമാകുന്നതോടെ തീരദേശം ആശങ്കയിലാകും. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ അധികാരികൾ ഇനിയും തയാറായിട്ടില്ല. അവധിക്കാലം കഴിഞ്ഞ് വിദ്യാലയങ്ങൾ തുറക്കാനിരിക്കെ, ജൂൺ-ജൂലൈ മാസങ്ങളിൽ വിദ്യാർഥികൾക്ക് സ്കൂളിൽ പഠനം നടത്താൻ പോലും കഴിയാത്ത സ്ഥിതിയായി മാറുമോയെന്നാണ് തീരവാസികൾ വ്യാകുലപ്പെടുന്നത്.
ദുരിതാശ്വാസ ക്യാമ്പുകൾ സ്കൂളുകൾ കേന്ദ്രീകരിച്ച് നടക്കുമ്പോൾ വിദ്യാർഥികളുടെ പഠനവും പെരുവഴിയിലാകുന്ന അവസ്ഥ സംജാതമാകും. ഇക്കുറി മഴക്കാലപൂർവ മുൻകരുതൽ നടപടികൾ പോലും കാര്യമായി ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
ദുരിതാശ്വാസ ക്യാമ്പുകളിൽ ആകെ 116 പേർ
കൊച്ചി: ശക്തമായ മഴയുമായി ബന്ധപ്പെട്ട് ജില്ലയിൽ ആരംഭിച്ച അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലായി നിലവിലുള്ളത് 116 പേർ. മഴക്കെടുതിയിൽ ജില്ലയിൽ ആകെ അഞ്ച് വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്. കാക്കനാട് എം.എ. അബൂബക്കർ സ്കൂൾ, കളമശ്ശേരി വി.എച്ച്.എസ്.എസ്, പറവൂർ കണ്ണൻകുളങ്ങര ഗവ. എൽ.പി സ്കൂൾ, ഇടപ്പള്ളി ഇഗ്നേഷ്യസ് ലയോള എൽ.പി സ്കൂൾ, വാഴക്കാല മേരിമാതാ സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.