പെർമിറ്റില്ലാത്ത ബോട്ട് പിടികൂടിയ സംഭവം: അന്തർസംസ്ഥാന ബോട്ടുകൾ കൊച്ചി വിടുമെന്ന് ആശങ്ക
text_fieldsമട്ടാഞ്ചേരി: പെർമിറ്റ് ഇല്ലാതെ കേരള തീരത്ത് മത്സ്യബന്ധനം നടത്തിയ ബോട്ടുകളിൽനിന്നും അമിത തുക പിഴ ഈടാക്കുകയും മത്സ്യം ലേലം ചെയ്തു തുക അടപ്പിക്കുകയും ചെയ്ത ഫിഷറീസ് അധികൃതരുടെ നടപടിക്കെതിരെ മന്ത്രിക്ക് പരാതി. ഗുജറാത്തിൽ നിന്നുള്ള ഹെവൻ എന്ന ബോട്ടിലെ മത്സ്യം ലേലം ചെയ്തതിന് പുറമേ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴ ഈടാക്കുകയും അത് തൊഴിലാളികളെ കൊണ്ട് അടപ്പിക്കുകയും ചെയ്തെന്നാണ് പരാതി. കഴിഞ്ഞ ദിവസമാണ് ഗുജറാത്ത് ബോട്ടായ 'ഹെവൻ', ലക്ഷദ്വീപ് ബോട്ട് 'തെര' എന്നിവ കോസ്റ്റൽ പൊലീസ് പിടികൂടി വൈപ്പിൻ ഫിഷറീസ് വിഭാഗത്തിന് കൈമാറിയത്.
തെര ബോട്ടിന് തൊണ്ണൂറായിരം രൂപ പിഴയീടാക്കുകയും ഇരുപതിനായിരം രൂപ പെർമിറ്റിനായി ഈടാക്കുകയും ചെയ്തു. എന്നാൽ, കേരളത്തിലെ മത്സ്യബന്ധന ബോട്ടുകൾക്ക് അനുവദിച്ച കളർ കോഡ് ഉപയോഗിച്ചുവെന്ന കാരണത്താൽ ഹെവൻ ബോട്ടിലെ മത്സ്യം കാളമുക്ക് ഫിഷറീസ് ഹാർബറിൽ വെച്ച് ലേലം ചെയ്യുകയായിരുന്നു.
ഇതിന് പിന്നാലെയാണ് ബോട്ടിന് വലിയ തുക പിഴയും ഇട്ടത്. ഫിഷറീസ് വകുപ്പ് അധികൃതരുടെ നടപടിയിൽ കൊച്ചി ഫിഷറീസ് ഹാർബർ ഗിൽനെറ്റ് ആൻഡ് ലോങ് ലയിങ് ബയിങ് ഏജന്റ്സ് അസോസിയേഷനാണ് ഫിഷറീസ് വകുപ്പ് മന്ത്രിക്ക് പരാതി നൽകിയത്.കാലങ്ങളായി കൊച്ചിയിൽ അന്തർസംസ്ഥാന ബോട്ടുകൾ വരികയും മത്സ്യവിൽപന നടത്തുകയും ചെയ്യുന്നുണ്ട്. നേരത്തേ പെർമിറ്റ് ഫീസായി ചെറിയ തുകയാണ് അന്തർസംസ്ഥാന ബോട്ടുകളിൽ നിന്നും വാങ്ങിയിരുന്നത്. അടുത്ത കാലത്ത് ഈ തുക 25000 ആക്കി. ആയിരക്കണക്കിന് ആളുകൾ തൊഴിലെടുക്കുന്ന മേഖലയെ തകർക്കുന്ന സമീപനമാണ് ഫിഷറീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും ഇത് മൂലം ഇതര സംസ്ഥാന ബോട്ടുകൾ കൊച്ചി വിട്ടുപോകുന്ന സാഹചര്യമുണ്ടാകുമെന്നും അസോസിയേഷൻ മന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.
തെര ബോട്ടിന്റെ എൻജിൻ ഉൾപെടെ രേഖകൾ പരിശോധിച്ച് ബോട്ട് അത് തന്നെയാണെന്ന് ഉറപ്പിച്ച് പെർമിറ്റ് എടുപ്പിച്ച് തൊണ്ണൂറായിരം രൂപ പിഴയും ഈടാക്കി വിട്ടു. എന്നാൽ, ഹെവൻ ബോട്ടിന്റെ പരിശോധന നടത്തി ഉറപ്പിച്ച് പെർമിറ്റ് എടുപ്പിച്ച് വിട്ടയച്ചശേഷം ഹാർബറിലെത്തിയ ബോട്ട് തിരികെ വിളിപ്പിച്ച് ഫിഷറീസ് അധികൃതർ ഏകപക്ഷീയമായി ഇരുപത് ലക്ഷം വിലമതിക്കുന്ന മത്സ്യം ഏഴര ലക്ഷം രൂപക്ക് ലേലം നടത്തുകയും അത് സർക്കാറിലേക്ക് അടപ്പിക്കുകയും പുറമെ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയായി അടപ്പിക്കുകയും ചെയ്തത് ക്രൂരമായ നടപടിയാണെന്നും മന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. ഇത്തരം സമീപനത്തിൽനിന്ന് ഫിഷറീസ് അധികൃതരെ പിന്തിരിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻ പ്രസിഡന്റ് എ.എം. നൗഷാദ് പരാതിയിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.